ന്യൂഡൽഹി: മാസപ്പടിക്കേസിൽ പിണറായി വിജയനെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് സുപ്രീംകോടതിയിൽ അഭിഭാഷകൻ. ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയൻ നൽകിയ അപ്പീലിൽ അടിയന്തരവാദം കേൾക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്ര ഇക്കാര്യം ഉന്നയിച്ചത്. എന്നാൽ, ഹർജിയിൽ അടിയന്തരമായി വാദം കേൾക്കണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല.
ദസറ അവധിക്കാലത്ത് പ്രത്യേക ബെഞ്ച് രൂപീകരിച്ച് കേസ് പരിഗണിക്കുന്ന കാര്യം പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അതിന് സാധിച്ചില്ലെങ്കിൽ ഈ മാസം 26ന് ഹർജികൾ പരിഗണിക്കാമെന്നും കോടതി അറിയിച്ചു. കേസിൽ അന്വേഷണ ഏജൻസികൾ പിണറായി വിജയനെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും അതിനാൽ എത്രയും വേഗം വാദം കേൾക്കണമെന്നുമായിരുന്നു സിദ്ധാർത്ഥ് ലൂത്രയുടെ ആവശ്യം. എന്നാൽ, അറസ്റ്റ് ഉണ്ടാകില്ലെന്ന് ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ജോയ്മാല ബാഗ്ചി പറഞ്ഞിട്ടും അറസ്റ്റ് സാധ്യത നിലനിൽക്കുന്നുണ്ടെന്ന് ലൂത്ര ആവർത്തിച്ചു.
മാസപ്പടിക്കേസിൽ വിജിലൻസ് അന്വേഷണം നടത്താനുള്ള കേരള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെ ചോദ്യം ചെയ്താണ് പിണറായി വിജയൻ, മകൾ ടി. വീണ, മന്ത്രി മുഹമ്മദ് റിയാസ് എന്നിവരടക്കമുള്ളവർ സുപ്രീംകോടതിയെ സമീപിച്ചത്. ആരോപണവിധേയരുടെ വാദം കേൾക്കാതെയുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി നൽകിയ അപ്പീലിൽ ഇടപെടാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തയ്യാറായിരുന്നില്ല. തുടർന്നാണ് ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.



