കാലിനു ദീപം പാതയ്ക്കു പ്രകാശം
ദൈവ വചനത്തിന്റെ ശക്തി (യെശ.55:1-13)
“എന്റെ വായിൽ നിന്ന് പുറപ്പെടുന്ന എന്റെ വചനം,വെറുതെ എന്റെ അടുക്കലേക്ക് മടങ്ങി വരാതെ, എനിക്ക് ഇഷ്ടമുള്ളത് നിവർത്തിക്കുകയും ഞാൻ അയച്ച കാര്യം സാധിപ്പിക്കുകയും ചെയ്യും”(വാ.11).
ഫിലിപ്പൈൻസിലുള്ള ഒരാൾ സ്വയം പരിചയപ്പെടുത്തിയിരുന്നത്: താൻ ഒരു പ്രൊഫഷണൽ കൊള്ളക്കാരൻ ആണ് എന്നാണ്! മറ്റുള്ളവരുടെ വീടുകൾ കവർച്ച ചെയ്യുകയായിരുന്നു അയാളുടെ സ്ഥിരം തൊഴിൽ! ഒരു രാത്രിയിൽ അയാൾ കവർച്ചക്കായി ഒരു വീട്ടിൽ കയറി, ഒരു മുറിയിൽ സാധനങ്ങൾ തിരയുക ആയിരുന്നു. അടുത്ത മുറിയിൽ കിടന്നിരുന്ന പെൺകുട്ടി ശബ്ദം കേട്ടു എഴുന്നേറ്റു നോക്കിയപ്പോൾ ഒരു അപരിചിതൻ സാധനങ്ങൾ തിരയുന്നതാണ് കണ്ടത്. അവൾ ബഹളം വെച്ചപ്പോൾ അയാൾ സാധനങ്ങൾ ഒന്നും എടുക്കാതെ ഓടിപ്പോകാൻ ഒരുങ്ങി. അവൾ തന്റെ കൈയ്യിൽ കിട്ടിയ ഒരു പുസ്തകം അയാൾക്ക് എറിഞ്ഞ് കൊടുത്തു. കാരണം, മോഷ്ടിക്കാൻ കയറുന്ന ആൾ വെറും കൈയ്യായി പോകുന്നത് അശുഭ ലക്ഷണമായിട്ടാണ് അവിടെയുള്ളവർ കരുതിയിരുന്നത്!
അയാൾ ആ പുസ്തകം എടുത്തു കൊണ്ടു പോയി വായിക്കാൻ ആരംഭിച്ചു. അതൊരു പുതിയ നിയമം ആയിരുന്നു! തത്ഫലമായി താൻ ചെയ്യുന്നത് തെറ്റാണെന്ന് അയാൾക്ക് ബോദ്ധ്യപ്പെട്ടു. തുടർന്ന് അയാൾ മാനസാന്തരപ്പെടുകയും, മോഷണം ഉപേക്ഷിക്കുകയും ചെയ്തു. മാത്രവുമല്ല, അയാൾ ഒരു ബൈബിൾ സ്ക്കൂളിൽ ചേർന്ന് പഠിക്കുകയും ഒരു സ്ഥലം സഭയിലെ പാസ്റ്ററായി തീരുകയും ചെയ്തു!
ദൈവ വചനം, അത് നിർവ്വഹിക്കാനുള്ള പ്രവൃത്തി ചെയ്തു കൊണ്ടിരിക്കും എന്നാണ് നാം ധ്യാനിക്കുന്ന വേദഭാഗം പ്രഖ്യാപിക്കുന്നത്! ദൈവ വചനത്തെ പാറയെ തകർക്കുന്ന ചുറ്റികയോടാണ് യിരമ്യാ പ്രവാചകൻ ഉപമിച്ചിരിക്കുന്നത്!
(യിര. 23:29).
അത് ഇരുവായ്ത്തലയുള്ള വാളിനേക്കാളും മൂർച്ചയുള്ളതും,
അസ്ഥികളെയും സന്ധിമജ്ജകളെയും തുളച്ച് ചെല്ലു
ന്നതുമാകുന്നു (എബ്രാ. 4:12)
എന്നും ദൈവ വചനംപറയുന്നു! ക്രൂശിന്റെ വചനം നശിച്ചു പോകുന്നവർക്ക് ഭോഷത്വവും,രക്ഷിക്കപ്പെടുന്നവർക്ക് ദൈവ ശക്തിയും ആകുന്നു എന്നാണ് വി.പൗലൊസ് അപ്പൊസ്തലൻ പറഞ്ഞിരിക്കുന്നത്! ദൈവ വചനം എവിടെയൊക്കെ ചെന്നെത്തിയോ,അവിടെയൊക്കെ അടിസ്ഥാനപരമായ രൂപാന്തരവും വ്യതിയാനവും സംഭവിച്ചിട്ടുണ്ട്! “നരഭോജികളെ നരസ്നേഹികൾ ആക്കുന്നതാണ് ദൈവ വചനം” എന്നത് ചരിത്രം സാക്ഷിക്കുന്ന സത്യം ആണ്! അതിന്റെ ശക്തി അനുഭവിച്ചറിയുവാൻ ദൈവം നമ്മെ സഹായിക്കട്ടെ?
ചിന്തയ്ക്ക്: വചനത്തിന്റെ ശക്തി പ്രകടമാകുന്നത് വചനാനുസരണം ജീവിക്കുന്നവരിലൂടെ ആണ്.



