കൊണ്ടോട്ടി: വഴി കർണാടകയിലെ പ്രശസ്തമായ കുക്കെ സുബ്രഹ്മണ്യം ക്ഷേത്രത്തിലേക്കുള്ള കെഎസ്ആർടിസിയുടെ പുതിയ സൂപ്പർ ഫാസ്റ്റ് ബസ് സർവീസ് നാളെ മുതൽ ആരംഭിക്കും.
കൊണ്ടോട്ടി വഴി കാസർകോട്, കർണാടക ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഏറെ ഉപകാരപ്പെടുന്നതാണ് പുതിയ സർവീസ്. പാലക്കാട് ഡിപ്പോയിൽ നിന്നുള്ള ബസ് നാളെ രാത്രി മുതൽ നിരത്തിലിറങ്ങും.
പാലക്കാട് ഡിപ്പോയിൽ നിന്ന് ദിവസവും രാത്രി ഏഴ് മണിക്ക് പുറപ്പെടുന്ന ബസ് പെരിന്തൽമണ്ണ, മഞ്ചേരി, വള്ളുവമ്പ്രം വഴി രാത്രി 9.40-ന് കൊണ്ടോട്ടിയിലെത്തും. തുടർന്ന് കോഴിക്കോട്, കണ്ണൂർ വഴി സർവീസ് എത്തി പിറ്റേന്ന് പുലർച്ചെ 3.25-ന് കാസർകോട്ടും രാവിലെ 6.05-ന് കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിലുമെത്തും.
തിരിച്ച് കുക്കെ സുബ്രഹ്മണ്യത്തിൽ നിന്ന് ദിവസവും രാത്രി 7.45-നാണ് മടക്ക സർവീസ് ആരംഭിക്കുന്നത്. ഈ ബസ് പിറ്റേന്ന് പുലർച്ചെ 4.10-ന് കൊണ്ടോട്ടിയിലെത്തും.
തുടർന്ന് 4.40-ന് മഞ്ചേരിയിലും 5.25-ന് പെരിന്തൽമണ്ണയിലുമെത്തി രാവിലെ ഏഴ് മണിയോടെ പാലക്കാട് യാത്ര അവസാനിപ്പിക്കും. കൊണ്ടോട്ടിയിൽ നിന്ന് കുക്കെ സുബ്രഹ്മണ്യത്തിലേക്ക് പോകുന്ന തീർഥാടകർക്കും കണ്ണൂർ, കാസർകോട് ഭാഗങ്ങളിലേക്ക് രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്നവർക്കും പുതിയ സർവീസ് വലിയ ആശ്വാസമാകും.



