മനുഷ്യശരീരത്തിലെ സുപ്രധാന അവയവങ്ങളിലൊന്നാണ് ഹൃദയം. ദിവസേന ഒരുലക്ഷത്തോളം തവണ മിടിക്കുകയും ശരീരമാകെ ഏഴായിരത്തോളം ലിറ്റർ രക്തം പമ്പ് ചെയ്യുകയും ചെയ്യുന്ന അത്ഭുതകരമായ പേശിയാണിത്. ശരീരത്തിലെ ഓരോ കോശത്തിനും ആവശ്യമായ ഓക്സിജനും പോഷകങ്ങളും എത്തിക്കുന്നതിനൊപ്പം മാലിന്യങ്ങൾ നീക്കംചെയ്യുന്നതിലും ഹൃദയം നിർണായക പങ്കുവഹിക്കുന്നു.
ജീവിതശൈലിയിലെ മാറ്റങ്ങൾ, അമിത മാനസികസമ്മർദം, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ, വ്യായാമക്കുറവ് എന്നിവ കാരണം ലോകമെമ്പാടും ഹൃദ്രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്. എന്നാൽ ചിട്ടയായ ജീവിതരീതിയിലൂടെയും മുൻകരുതലുകളിലൂടെയും ഹൃദ്രോഗങ്ങളെ വലിയൊരു പരിധിവരെ തടയാൻ സാധിക്കും.
ഹൃദയം പ്രവർത്തിക്കുന്നത് എങ്ങനെ?
വലത് ആട്രിയം, വലത് വെൻട്രിക്കിൾ, ഇടത് ആട്രിയം, ഇടത് വെൻട്രിക്കിൾ എന്നിങ്ങനെ നാല് അറകളാണ് ഹൃദയത്തിനുള്ളത്. ശരീരത്തിൽനിന്ന് ഓക്സിജൻ കുറഞ്ഞ രക്തം ഹൃദയത്തിലെത്തുകയും അവിടെനിന്ന് ശുദ്ധീകരണത്തിനായി ശ്വാസകോശത്തിലേക്ക് പമ്പ് ചെയ്യപ്പെടുകയും ചെയ്യുന്നു. ശ്വാസകോശത്തിൽനിന്ന് ഓക്സിജൻ സ്വീകരിച്ച ശുദ്ധരക്തം ഹൃദയത്തിന്റെ ഇടതുഭാഗത്തെത്തുകയും തുടർന്ന് അത് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വിതരണം ചെയ്യപ്പെടുകയും ചെയ്യുന്നു.
പ്രധാന ഹൃദ്രോഗങ്ങളും ലക്ഷണങ്ങളും
1.കൊറോണറി ആർട്ടറി രോഗം (Coronary Artery Disease) ഹൃദയപേശികളിലേക്ക് രക്തമെത്തിക്കുന്ന ധമനി (Artery) കളിൽ കൊഴുപ്പടിഞ്ഞുകൂടി രക്തപ്രവാഹം തടസ്സപ്പെടുന്ന അവസ്ഥയാണിത്.
ലക്ഷണങ്ങൾ: നെഞ്ചുവേദന, നടക്കുമ്പോഴോ പടികൾ കയറുമ്പോഴോ നെഞ്ചിൽ അനുഭവപ്പെടുന്ന ഭാരവും അമർച്ചയും, അസാധാരണമായ കിതപ്പ്.
2. ഹൃദയാഘാതം (Heart Attack)
ഹൃദയധമനികളിലെ രക്തപ്രവാഹം പൂർണമായോ പെട്ടെന്നോ തടസ്സപ്പെട്ട് ഹൃദയപേശികൾ നശിക്കുന്ന ഗുരുതരാവസ്ഥ.
സാധാരണ ലക്ഷണങ്ങൾ: നെഞ്ചിന്റെ മധ്യഭാഗത്ത് അനുഭവപ്പെടുന്ന ശക്തമായ വേദന; വേദന ഇടതുകൈ, തോൾ, കഴുത്ത്, താടിയെല്ല് അല്ലെങ്കിൽ പുറംഭാഗം എന്നിവിടങ്ങളിലേക്ക് പടരുക; അമിതവിയർപ്പ്, ശ്വാസതടസ്സം, ഓക്കാനം, തലകറക്കം.
ശ്രദ്ധിക്കുക: പ്രമേഹരോഗികളിലും സ്ത്രീകളിലും ചിലപ്പോൾ കഠിനമായ നെഞ്ചുവേദന ഉണ്ടാകണമെന്നില്ല. പകരം പെട്ടെന്നുണ്ടാകുന്ന കിതപ്പ്, കടുത്ത ക്ഷീണം, ദഹനക്കേടുപോലുള്ള അസ്വസ്ഥതകൾ എന്നിവ മാത്രമായും ഇത് പ്രകടമാകാം.
3. ഹൃദയത്തിന്റെ പമ്പിങ് ശേഷിക്കുറവ് (Heart Failure)
ശരീരത്തിന്റെ ആവശ്യാനുസരണം രക്തം കാര്യക്ഷമമായി പമ്പ് ചെയ്യാൻ ഹൃദയപേശികൾക്ക് സാധിക്കാതെവരുന്ന അവസ്ഥ.
ലക്ഷണങ്ങൾ: രാത്രി കിടക്കുമ്പോൾ അനുഭവപ്പെടുന്ന ശ്വാസംമുട്ടൽ,
ശ്വാസമെടുക്കാൻ എഴുന്നേറ്റിരിക്കേണ്ടി വരിക, കാലുകളിലും ഉപ്പൂറ്റിയിലും നീര്, പെട്ടെന്ന് ശരീരഭാരം കൂടുക.
4. ഹൃദയമിടിപ്പിലെ താളപ്പിഴകൾ (Arrhythmia)
ഹൃദയമിടിപ്പ് വളരെ വേഗത്തിലോ തീരെ പതുക്കെയോ അല്ലെങ്കിൽ ക്രമരഹിതമായോ ആകുന്ന അവസ്ഥ.
ലക്ഷണങ്ങൾ: നെഞ്ചിടിപ്പ്, തലകറക്കം, പെട്ടെന്ന് ബോധക്ഷയമുണ്ടാകുക.
5. ഹൃദയ വാൽവ് രോഗങ്ങൾ
ഹൃദയത്തിലെ വാൽവുകൾ ശരിയായി തുറക്കാതിരിക്കുകയോ പൂർണമായി അടയാതിരിക്കുകയോ ചെയ്യുമ്പോൾ രക്തപ്രവാഹം തടസ്സപ്പെടുന്നു.
ലക്ഷണങ്ങൾ: ചെറിയ അധ്വാനത്തിൽ പ്പോലും ശ്വാസംമുട്ടൽ, നടക്കുമ്പോൾ കടുത്ത ക്ഷീണം, നെഞ്ചിടിപ്പ്, കാലുകളിൽ നീര്.
പ്രധാന അപകടസാധ്യതകൾ
ഉയർന്ന രക്തസമ്മർദം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, പുകവലിയും മദ്യപാനവും, അമിതവണ്ണവും വ്യായാമക്കുറവും, കുടുംബത്തിൽ ഹൃദ്രോഗപാരമ്പര്യമുള്ളവർ, അമിത മാനസികസമ്മർദവും ഉറക്കക്കുറവും.
രോഗനിർണയ പരിശോധനകൾ
ഇ.സി.ജി (ECG): ഹൃദയത്തിന്റെ വൈദ്യുതതരംഗങ്ങളും താളപ്പിഴകളും മനസ്സിലാക്കാൻ.
എക്കോ കാർഡിയോഗ്രാം: ഹൃദയപേശികളുടെ പ്രവർത്തനവും വാൽവുകളുടെ അവസ്ഥയും വിലയിരുത്താൻ.
ട്രെഡ്മിൽ ടെസ്റ്റ് (TMT): ആയാസപ്പെടുമ്പോൾ ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം അറിയാൻ.
ഹോൾട്ടർ മോണിറ്ററിങ്: 24 മണിക്കൂറിലെ ഹൃദയമിടിപ്പ് നിരന്തരമായി നിരീക്ഷിക്കാൻ.
സി.ടി കൊറോണറി ആൻജിയോഗ്രാം / ആൻജിയോഗ്രാഫി: രക്തധമനികളിലെ തടസ്സങ്ങൾ (ബ്ലോക്ക്) കൃത്യമായി കണ്ടെത്താൻ.
രക്തപരിശോധനകൾ: ലിപിഡ് പ്രൊഫൈൽ, ഫാസ്റ്റിങ് ബ്ലഡ് ഷുഗർ, എച്ച്.ബി.എ.വൺ.സി (HbA1c).
പ്രധാന ചികിത്സാരീതികൾ
- ജീവിതശൈലീമാറ്റങ്ങളും മരുന്നുകളും
- ആൻജിയോപ്ലാസ്റ്റിയും സ്റ്റെന്റ് സ്ഥാപിക്കലും
- ബൈപാസ് ശസ്ത്രക്രിയ (CABG)
- പേസ്മേക്കർ ഘടിപ്പിക്കൽ, വാൽവ് മാറ്റിവെക്കൽ അല്ലെങ്കിൽ വാൽവ് റിപ്പയർ ശസ്ത്രക്രിയ
- അടിയന്തര വൈദ്യസഹായം എപ്പോൾ തേടണം?
മുകളിൽ സൂചിപ്പിച്ച ഹൃദയാഘാത ലക്ഷണങ്ങൾ (നെഞ്ചുവേദന, കൈകളിലേക്കോ താടിയിലേക്കോ പടരുന്ന അസ്വസ്ഥത, അമിതവിയർപ്പ്, ശ്വാസതടസ്സം) 15 മിനിറ്റിൽ കൂടുതൽ നീണ്ടുനിൽക്കുകയോ രോഗി പെട്ടെന്ന് കുഴഞ്ഞുവീഴുകയോ ചെയ്താൽ ഒട്ടും സമയം കളയാതെ തൊട്ടടുത്ത അത്യാഹിതവിഭാഗത്തിൽ എത്തിക്കുക.
നാൽപതുവയസ്സ് കഴിഞ്ഞവരും പ്രമേഹം, ഉയർന്ന രക്തസമ്മർദം, അമിതവണ്ണം, കുടുംബത്തിൽ ഹൃദ്രോഗപാരമ്പര്യം എന്നിവയുള്ളവരും വർഷത്തിലൊരിക്കലെങ്കിലും സമഗ്രമായ ഹൃദയപരിശോധന നടത്തുന്നത് നല്ലതാണ്. ലക്ഷണങ്ങൾ ഉണ്ടാകുന്നതിന് മുൻപുതന്നെ രോഗസാധ്യത തിരിച്ചറിഞ്ഞ് തടയുന്നതാണ് ഏറ്റവും വലിയ ചികിത്സ. (കോഴിക്കോട് മെട്രോമെഡ് ഇന്റർനാഷണൽ കാർഡിയാക് സെന്റർ ചെയർമാനും കാർഡിയോളജി വിഭാഗം മേധാവിയുമാണ് ലേഖകൻ)
ഹൃദയാരോഗ്യം എങ്ങനെ സംരക്ഷിക്കാം?
സമീകൃതാഹാരം ശീലമാക്കുക: പഴങ്ങൾ, പച്ചക്കറികൾ, മുഴുധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുക. മത്സ്യം, പയർവർഗങ്ങൾ, പരിപ്പ്, നട്സ് എന്നിവ ആവശ്യത്തിന് കഴിക്കാം. ഉപ്പ്, പഞ്ചസാര, സംസ്കരിച്ച ഭക്ഷണങ്ങൾ, എണ്ണയിൽ വറുത്ത പലഹാരങ്ങൾ എന്നിവ പരമാവധി കുറയ്ക്കുക. ട്രാൻസ് ഫാറ്റും അമിത കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളും പൂർണമായി ഒഴിവാക്കുക.
ചിട്ടയായ വ്യായാമം: ആഴ്ചയിൽ ചുരുങ്ങിയത് 150 മിനിറ്റെങ്കിലും വേഗത്തിലുള്ള നടത്തം, സൈക്ലിങ്, നീന്തൽ തുടങ്ങിയ മിതമായ വ്യായാമങ്ങൾ ശീലമാക്കുക. (മുതിർന്നവരും മറ്റ് അസുഖങ്ങളുള്ളവരും കഠിനവ്യായാമങ്ങൾ ആരംഭിക്കുന്നതിന് മുൻപ് ഡോക്ടറുടെ ഉപദേശം തേടണം).
പുകവലി പൂർണമായും ഉപേക്ഷിക്കുക: പുകയിലയിലെ രാസവസ്തുക്കൾ രക്തധമനികളെ ചുരുക്കുകയും അവയിൽ കൊഴുപ്പടിയാൻ കാരണമാവുകയും ചെയ്യുന്നു.
രക്തസമ്മർദവും പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കുക: രക്തസമ്മർദം സാധാരണയായി 120/80 എന്ന തോതിൽ നിലനിർത്താൻ ശ്രദ്ധിക്കുക. രക്തത്തിലെ പഞ്ചസാരയും കൊളസ്ട്രോളും കൃത്യമായ ഇടവേളകളിൽ പരിശോധിച്ച്, ആവശ്യമെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകൾ മുടങ്ങാതെ കഴിക്കുക.
മാനസികസമ്മർദം കുറയ്ക്കുക: ധ്യാനം, ശ്വസനവ്യായാമങ്ങൾ, വിനോദങ്ങളിൽ ഏർപ്പെടൽ, സംഗീതശ്രവണം, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കൽ, ദിവസവും ഏഴുമുതൽ എട്ടുമണിക്കൂർ വരെയുള്ള സുഖകരമായ ഉറക്കം എന്നിവ ഹൃദയത്തിന്റെ ആയാസം കുറയ്ക്കാൻ സഹായിക്കും.



