കൊച്ചി: വിവാഹ സദ്യ തട്ടിപ്പ് കേസിൽ അറസ്റ്റിലായ ഉദയം കാറ്ററിങ് ആൻഡ് ഇവന്റ് ഉടമ വിഷ്ണു മോഹനെതിരെ കൂത്താട്ടുകുളത്തും കേസ്. കോഴിപ്പിള്ളി സ്വദേശിനിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഓഗസ്റ്റ് 22നു നടന്ന വിവാഹത്തിന് ഭക്ഷണം നൽകാം എന്ന് ഏറ്റ് മുങ്ങിയെന്നാണ് പരാതി. 1,35,000 രൂപ മുൻകൂർ കൈപറ്റിയിരുന്നു. സമാന പരാതിയിൽ കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത വിഷ്ണു റിമാൻഡിലാണ്
കോട്ടയം കഞ്ഞിക്കുഴി സ്വദേശികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഈസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ് ചെയ്തിരുന്നത്. തട്ടിപ്പിന് പിന്നാലെ മുങ്ങിയ പ്രതിയെ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോട്ടയത്ത് രണ്ട് കേസുകളും എറണാകുളത്ത് ഒരു കേസും ഇയാൾക്കെതിരെ ഉണ്ട്. മുണ്ടക്കയം ചോറ്റിയിൽ ആയിരുന്നു ആദ്യ സംഭവം. 400 പേർക്ക് ഓർഡർ നൽകിയ സദ്യ കൃത്യസമയത്ത് എത്തിച്ചു നൽകാതെ വന്നതോടെയാണ് പ്രശ്നം പുറംലോകം അറിഞ്ഞത്.
തൊട്ടു പിന്നാലെ കോട്ടയം കഞ്ഞിക്കുഴിയിലും എറണാകുളം കുന്നത്തുനാടും പരാതികൾ വന്നു. സോഷ്യൽ മീഡിയയിലൂടെയാണ് ഇയാൾ പരസ്യങ്ങൾ നൽകിയിരുന്നത്. ഓർഡർ പിടിച്ച മറ്റ് കേറ്ററിംഗ് സർവീസുകൾക്ക് സബ് കോൺട്രാക്ട് നൽകുന്നതായിരുന്നു ഇയാളുടെ രീതി. പണം നൽകാത്തതിനാൽ സബ് കോൺട്രാക്ടർ നൽകിയർ ഭക്ഷണം നൽകാതെ വന്നതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. കല്യാണത്തിന് ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ മൂന്ന് കുടുംബത്തെയാണ് ഇയാൾ വഞ്ചിച്ചത്



