ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക ആരോപണങ്ങളിലും തട്ടിപ്പു കേസിലും പ്രത്യേക അന്വേഷണ സംഘത്തിന് പൂർണ സ്വാതന്ത്ര്യമുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മാധ്യമസ്ഥാപനങ്ങളിൽ പരിശോധന നടക്കുന്നത് ഇതാദ്യമായല്ലെന്നും മുൻപ് എൽഡിഎഫ് സർക്കാരിന്റെ കാലത്തും ഇത്തരം റെയ്ഡുകൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ലോ ആൻഡ് ഓർഡർ എഡിജിപി സി. വിജയന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചതെന്ന് മന്ത്രി പറഞ്ഞു. സ്‌പോർട്‌സ് സെക്രട്ടറി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി. തുടർന്ന് ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് നിർദേശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ റിപ്പോർട്ട് ആഭ്യന്തരവകുപ്പിന് കൈമാറുകയായിരുന്നു. ആഭ്യന്തരവകുപ്പ് വിശദമായി പരിശോധിച്ചശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
പോലീസിന്റെയോ എസ്ഐടിയുടെയോ ദൈനംദിന അന്വേഷണ കാര്യങ്ങളിൽ ആഭ്യന്തരവകുപ്പോ താനോ ഇടപെടാറില്ലെന്ന് ചെന്നിത്തല കൂട്ടിച്ചേർത്തു. സെർച്ച് വാറന്റ് ഉൾപ്പെടെയുള്ള എല്ലാ നിയമപരമായ നടപടിക്രമങ്ങളും പാലിച്ചാണ് പോലീസ് മാധ്യമസ്ഥാപനത്തിൽ പരിശോധന നടത്തിയത് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. മാധ്യമസ്ഥാപനത്തിലെ റെയ്ഡിൽ നിയമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും, നിയമം അതിന്റേതായ വഴിക്ക് മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.



