സ്കൂൾ വിദ്യാർത്ഥികളെയും കുട്ടികളെയും ലക്ഷ്യമിട്ട് വിപണിയിലെത്തിച്ച കഞ്ചാവ് മിഠായികളും നിരോധിത പുകയില ഉത്പന്നങ്ങളും എക്സൈസ് സംഘം പിടികൂടി. പത്തനംതിട്ട കണ്ണങ്കരയിലെ പാൻമസാല കടകൾ കേന്ദ്രീകരിച്ച് നടത്തിയ മിന്നൽ പരിശോധനയിലാണ് ലക്ഷക്കണക്കിന് രൂപയുടെ വൻ ലഹരിശേഖരം കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കട നടത്തിപ്പുകാരനായ പശ്ചിമ ബംഗാൾ സ്വദേശി തഫ അലി, സഹായിയായ അസം സ്വദേശി വാഹിദ് അലി എന്നിവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
കടയിൽ നടത്തിയ പരിശോധനയിൽ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന അമ്പതോളം കഞ്ചാവ് മിഠായികളും അറുപത് കിലോഗ്രാമോളം വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമാണ് പിടിച്ചെടുത്തത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും രഹസ്യമായി എത്തിക്കുന്ന ഇത്തരം ലഹരി മിഠായികൾ ചെറിയ കുട്ടികളെ ലക്ഷ്യമിട്ടാണ് പ്രധാനമായും നടത്തിയിരുന്നത്.
പത്തനംതിട്ട നാർക്കോട്ടിക് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം ഒ വിനോദിൻ്റെ എക്സൈസ് സംഘമാണ് മിന്നൽ പരിശോധന നടത്തി പ്രതികളെ പിടികൂടിയത്. സംഭവത്തിൽ എക്സൈസ് സംഘം അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.



