അധ്യാപികമാർ പ്രതികളായ കോഴിക്കോട് വടകര എംഡിഎംഎ കേസിൽ കണ്ണൂർ ഇരിട്ടി സ്വദേശിയായ അഞ്ചാം പ്രതി ജിജിൻ കുര്യാക്കോസിൻ്റെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തിട്ടുണ്ട്. ആറു മാസത്തിനിടെ ജിജിൻ്റെ ബാങ്ക് അക്കൗണ്ട് വഴി ഒരു കോടിയിലധികം രൂപയുടെ യുപിഐ ഇടപാടുകൾ നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
കേസിലെ പ്രതികളായ അധ്യാപികമാർക്ക് ജിജിൻ പണം അയച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. കൂടാതെ, ഈ പണം സ്വീകരിച്ച വയനാട് സ്വദേശിയെക്കുറിച്ചും അന്വേഷണം നടത്തേണ്ടതുണ്ട്. അദ്ധ്യാപികമാരുടെ ബാങ്കുകളിലെത്തിയ പണം ആരാണ് എടിഎം കാർഡ് ഉപയോഗിച്ച് പിൻവലിച്ചതെന്ന് വ്യക്തമാകാൻ അന്വേഷണ സംഘത്തിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, കേസിലെ പ്രതിയായ കീർത്തനയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ജയിൽ മോചിതയായത്. കേസുമായി ബന്ധപ്പെട്ട കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാത്തത് അന്വേഷണത്തിന് വേഗത പോരെന്ന ആരോപണത്തിന് ശക്തി പകരുന്നുണ്ട്.



