തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഡിജിപിക്ക് ഇ ഡി നല്‍കിയ റിപ്പോര്‍ട്ട് തള്ളിക്കളയാന്‍ കഴിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അന്വേഷണം നടത്തിയ ശേഷമുള്ളതാണ് ഇ ഡിയുടെ റിപ്പോര്‍ട്ട്. ആഭ്യന്തര സെക്രട്ടറിയുടെ കയ്യിലാണ് നിലവില്‍ റിപ്പോര്‍ട്ടുള്ളത്. റിപ്പോര്‍ട്ട് ലഭിക്കുന്ന പക്ഷം മുഖ്യമന്ത്രിയുമായി ആലോചിക്കും. നിയമോപദേശം തേടണമെങ്കില്‍ തേടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ ഡിജിപിക്ക് ഇ ഡി നല്‍കിയ റിപ്പോര്‍ട്ടിന്റെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടായിരുന്നു ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.
ഇ ഡിയുടെ കത്ത് ലഭിച്ചത് ഇന്ന് രാവിലെയാണെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. അത് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. റിപ്പോര്‍ട്ടിലെ ചില കാര്യങ്ങളില്‍ വ്യക്തതക്കുറവുണ്ട്. അക്കാര്യങ്ങള്‍ പരിശോധിക്കും. സര്‍ക്കാരിനോട് സംസാരിച്ച ശേഷം നടപടി സ്വീകരിക്കും. മറ്റ് നിയമപ്രശ്‌നങ്ങളില്ലെന്നും റവാഡ ചന്ദ്രശേഖര്‍ വ്യക്തമാക്കി.
ഡിജിപിക്ക് ഇ ഡി നല്‍കിയ റിപ്പോര്‍ട്ടില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണ ടി, മുന്‍ മന്ത്രിയും എംഎല്‍എയുമായ പി എ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ ഗുരുതര പരാമര്‍ശമായിരുന്നു ഉണ്ടായിരുന്നത്. വീണ വഴി പിണറായി വിജയന്‍ 3.28 കോടി രൂപ സിഎംആര്‍എല്ലില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് കത്തില്‍ പറഞ്ഞത്. പിണറായി വിജയന് പുറമെ മുഹമ്മദ് റിയാസ്, എക്സാലോജിക് എം ഡിയായ വീണ എന്നിവര്‍ക്കെതിരെയും കത്തില്‍ ഗുരുതര ആരോപണമുണ്ട്. കൈക്കൂലിപ്പണം മുഹമ്മദ് റിയാസ് വീണ വഴിയും സുഹൃത്തുകള്‍ വഴിയും ദുബായിലേക്ക് അയച്ചുവെന്നാണ് കത്തില്‍ പറയുന്നത്.
കൈക്കൂലിപ്പണം കൈപ്പറ്റാനും കടത്താനും വീണ പിതാവ് പിണറായി വിജയനെയും ഭര്‍ത്താവ് കൂടിയായ റിയാസിനെയും സഹായിച്ചുവെന്നും കത്തിലുണ്ട്. ഇടപാടുകള്‍ക്കായി എക്സാലോജിക് സൊല്യൂഷന്‍സ് വാഹനം ഉപയോഗിച്ചു, സിഎംആര്‍എല്‍ എം ഡി കൈക്കൂലി പണം നല്‍കി, സിഎംആര്‍എല്‍ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പി സുരേഷ് കുമാര്‍ കൈക്കൂലി ഇടപാടുകള്‍ നടത്തുന്നതിന് സഹായിച്ചു തുടങ്ങിയ കാര്യങ്ങളും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. കൈക്കൂലി പണം കൈപ്പറ്റുന്നതിനും കൈമാറുന്നതിനും വീണയെയും റിയാസിനെയും ഷൈജല്‍, പി നിഖില്‍, ഹസ്സന്‍ വാരിഷ്, ഫൈസാജ് വി പി, നന്ദുലാല്‍ എം എന്നിവര്‍ സഹായിച്ചതായും കത്തില്‍ പറഞ്ഞിരുന്നു.
ഇതുമായി ബന്ധപ്പെട്ട് മുഹമ്മദ് റിയാസും പ്രതികരിച്ചിരുന്നു. ഏത് അന്വേഷണവും നടക്കട്ടെയെന്നും അന്വേഷണത്തെ നിയമപരമായി നേരിടുമെന്നുമായിരുന്നു മുഹമ്മദ് റിയാസ് പറഞ്ഞത്. അന്വേഷണത്തെ ഭയപ്പെടുന്നില്ല. ഏതൊക്കെ നിലയില്‍ എന്തൊക്കെ തിരക്കഥകള്‍വെച്ച് കാര്യങ്ങളെ ഏതൊക്കെ ആംഗിളില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചാലും നിരപരാധികള്‍ നിരപരാധികളാണ്. ഒരു തെറ്റും ചെയ്തിട്ടില്ല. ഒരന്വേഷണത്തെയും ഭയപ്പെടുന്നില്ല. ഏതന്വേഷണം വേണമെങ്കിലും നടക്കട്ടെയെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ഇ ഡിയും ഇഡിയുടെ പിന്നുള്ള രാഷ്ട്രീയവും അവരുടെ അന്വേഷണവുമൊക്കെ എങ്ങനെയാണ് എന്ന് രാജ്യം കണ്ടതാണ്. താന്‍ അതിലേക്ക് കടക്കുന്നില്ല. ഈ വിഷയത്തിലും അന്വേഷണം നടക്കട്ടെ.
ഓരോ ദിവസവും ഓരോ വാര്‍ത്തയായി പുറത്തുവരട്ടെ. ഇതിന്റെ പേരില്‍ പേടിച്ചുപോയി എന്ന് ആരും കരുതേണ്ട. എങ്ങനെയൊക്കെ വേട്ടയാടാന്‍ ശ്രമിച്ചാലും ഭയപ്പെടുന്നില്ല. തങ്ങളൊന്നും ഒരു തെറ്റും ചെയ്തിട്ടില്ല. ഇ ഡിയുടെ നിര്‍ദ്ദേശം അനുസരിച്ച് യുഡിഎഫ് സര്‍ക്കാര്‍ കേസെടുക്കുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന്, അത് തനിക്ക് അറിയില്ലെന്നായിരുന്നു മുഹമ്മദ് റിയാസ് പറഞ്ഞത്. അത് യുഡിഎഫ് സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. ഏത് അന്വേഷണം നടന്നാലും നിരപരാധിത്വം പൂര്‍ണമായും തെളിയിക്കാന്‍ സാധിക്കും. നല്ല ആത്മവിശ്വാമുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു.



