കോട്ടയം: എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ബാറുകളില്‍നിന്ന് കൈക്കൂലി വാങ്ങുന്നതായി ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ നേരിട്ട് തെളിവുകള്‍ ശേഖരിച്ച് എക്സൈസ് കമ്മീഷണർ.
കോട്ടയത്തെ ബാറുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് കോട്ടയം ഡെപ്യൂട്ടി കമീഷണർ അശോക് കുമാറിനെതിരെ തെളിവുകള്‍ ലഭിച്ചത്. അശോക് കുമാർ നേരിട്ടും ഏജൻ്റുമാർ മുഖേനയും കൈക്കുലി വാങ്ങുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് എക്സൈസ് കമ്മീഷണർ സാംബശിവറാവു നേരിട്ട് പരിശോധനയ്ക്ക് എത്തിയത്. കോട്ടയത്തെ ബാറുകളില്‍ ഇന്നലെ രാത്രി ഒൻപതുമണിയോടെ ആണ് എക്സൈസ് കമ്മിഷണർ സാംബശിവറാവുവും എക്സൈസ് വിജിലൻസ് എസ്പി കൃഷ്ണകുമാർ ഐപിഎസും നേരിട്ട് പരിശോധന നടത്തിയത്.
മൂന്നുദിവസം രഹസ്വ അന്വേഷണം നടത്തിയ ശേഷമാണ് എക്സൈസ് കമ്മീഷണർ നേരിട്ട് പരിശോധനയ്ക്ക് ഇറങ്ങിയത്. ചങ്ങനാശേരിയിലെ ബാറുടമ ആണ് വിവിധ ബാറുടമകളില്‍നിന്ന് പണം വാങ്ങി ഡെപ്യൂട്ടി കമ്മീഷണർക്ക് കൈമാറുന്നതെന്നാണ് കണ്ടെത്തല്‍. ഡെപ്യൂട്ടി കമ്മീഷണർ ഏജൻ്റുമാർ മുഖേനയും നേരിട്ടും സന്ദർശനം നടത്തുന്ന സിസിടിവി ദൃശ്യങ്ങളും പണം കൈമാറുന്നതിൻ്റെ ഡിജിറ്റല്‍ തെളിവുകളും പരിശോധനയില്‍ ശേഖരിച്ചു.
പണപ്പിരിവിൻ്റെ വിവരങ്ങള്‍ ബാറുടമകള്‍ എക്സൈസ് കമ്മീഷണർക്ക് മൊഴിയായി നല്കി. മാസപ്പടി ഡയറിയും സിസിടിവിയും പിടിച്ചെടുത്തു. ഡെപ്യൂട്ടി കമ്മീഷണർ അശോക് കുമാറിനെതിരെ ഉടൻതന്നെ നടപടിയുണ്ടാകുമെന്നാണ് വിവരം.



