അഞ്ചുവർഷം മുമ്പൊരു ഓണക്കാലത്താണ് പൂനയിൽ ജോലി ചെയ്യുന്ന മകളോടൊപ്പം മാതേരാനിലേക്ക് യാത്ര പോയത്. കൂടെ വയനാട്ടിലെ റസിയായും കുടുംബവും ഉണ്ട് . ട്രക്കിംഗിന് പറ്റിയ സ്ഥലവും കാഴ്ചകളുമാണെന്ന് പറഞ്ഞപ്പോൾ അത് ഇത്രയും നല്ലൊരു അനുഭവമാണെന്ന് ഓർത്തതേയില്ല.
പൂനയിൽ നിന്നും മാതേരാനിലേക്ക് !
അന്ന് വരെ കേട്ട പേരിൽ ഈ സ്ഥലം ഇല്ല. വനവും മലകളും ഉള്ളയിടമാണന്ന് കേട്ടത് ആകാംക്ഷ കൂട്ടി .11 മണിക്ക് എങ്കിലും ഇറങ്ങണം എന്ന് ശട്ടം കെട്ടിയാണ് ഉറങ്ങാൻ കിടന്നത്. കാരണം പൂനയിൽ നിന്നും 120 കി.മി. ദൂരമുണ്ട്.
മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന മാഥേരാൻ സമുദ്രനിരപ്പിൽ നിന്നും 800 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
കൃത്യം 6 മണിക്ക് തന്നെ ഞാനും റസിയയും ഉണർന്നു.വളരെ ലഘുവായി റൊട്ടി മൊരിച്ചതും ചായയുമായി എല്ലാവർക്കും നൽകി. ഞങ്ങൾക്കവിടെ 11 മക്കൾ ഉണ്ട്. 10 ആൺകുട്ടികൾ., റസിയുടെ മകൻനവീന്റെ കൂട്ടുകാർ. അവരും അന്ന് പൂനയിൽ ജോലി ചെയ്യുന്നു. 25വയസ്സിൽ താഴെയുള്ള കുട്ടികൾ. പരസ്പരമുള്ള കൗണ്ടറുകൾ കൊണ്ടും കൊടുത്തും അടുത്തടുത്ത രണ്ട് ഫ്ലാറ്റുകളിലായി ജീവിക്കുന്നു. ഞങ്ങൾക്കായി ഒരു ഫ്ലാറ്റ് വിട്ടു തന്നിട്ട് 10 പേരും ഒറ്റ ഫ്ലാറ്റിലേക്ക് മാറി. വേഗത്തിൽ ചോറും സാമ്പാറും അച്ചാറും പാവയ്ക്കാമെഴുക്ക് പുരട്ടിയും തൈരുമായി ഞങ്ങൾ പായ്ക്ക് ചെയ്ത് റെഡിയായി.വലിയ ആവേശത്തോടെ 10.45ന് എത്തിയ ട്രാവലറിൽ കയറി. മാതേരാനിലേക്ക് വച്ചു പിടിച്ചു .എന്റെ സാറും വയനാട്ടിലെ സാറും മുതിർന്ന പൗരൻമാരായതുകൊണ്ട് മുൻ സീറ്റുകളിൽ ഇരുപ്പുറപ്പിച്ചു.അമ്മമാരായ ഞങ്ങൾ കുട്ടികൾക്കൊപ്പം കൂടി .പാട്ടിന്റെയും ഡാൻസിന്റെയും താളമേളത്തിന്റെയും ഗോഷ്ടി കളുടെയും അനുസ്യൂതമായ പരേഡുകൾ ! ചിരി നിർത്താനും വായടക്കാനും കഴിഞ്ഞതേയില്ല. എത്ര തരം എന്തൊക്കെ പാട്ടുകൾ! ഏത് തറ പാട്ടും ഇത്ര മധുരതരവും ആസ്വാദ്യവുമാകുന്നത് ഇത്തരം യാത്രയിലാണന്ന് തിരിച്ചറിയുകയാണ്.
മാതരാനിലേക്കുള്ള വഴിയോരക്കാഴ്ചകൾ മൂന്നാറിൽ പോകുമ്പോൾ തേയിലത്തോട്ടം ഇല്ലാതെ പച്ചപ്പുൽ പരവതാനി സങ്കല്പിച്ചു നോക്കിയാൽ കാണാം.മലമുകളിൽ നിന്ന് മല ചിരിക്കുകയും മുള്ളുകയും ചെയ്യുന്നുമുണ്ട്. (വലിയ ജലപാതം മലയുടെ ചിരിയും ചെറിയ നൂല് പോലെ കാണുന്നത് മല മുള്ളുകയും ചെയ്യുന്നത് എന്നാണ് വിവക്ഷ) ഞങ്ങൾ താമസിക്കുന്നയിടത്തു നിന്നും ഏതാണ്ട് 2.30 മണിക്കൂർ യാത്രയുണ്ട്. കൃഷിയിടങ്ങളും കാടുമേടുകളും കടന്ന് വണ്ടി നീങ്ങികൊണ്ടിരുന്നു. ആദിവാസി കോളനികൾ പോലെയുള്ള ഉൾനാടൻ പ്രദേശം . ഒരു നല്ല സ്കൂളോ ആശുപത്രിയോ വലിയ മാളോ കെട്ടിടങ്ങളോ ഒന്നും കണ്ടില്ല. നാൽക്കവലകൾ ചില ചെറിയ മാടക്കടകളിൽ ഒതുങ്ങി. ചിലയിടത്ത് വലിയ ഫ്ലാറ്റ് പണികൾ നടക്കുന്നുണ്ട്. കാർമേഘം മൂടി ചന്നംപിന്നം മഴ പെയ്യുന്നു. കേരളത്തിലെ പോലെ ചടപടാന്ന് പെയ്ത് തോരുന്നില്ല. വേഗം ചെളിക്കുളമാകുന്ന മണ്ണ്. ഇടയ്ക്ക് പല പല രാഷ്ട്രീയക്കാരുടെയും കൊടികൾ കാണുമ്പോൾ ഞങ്ങളും അങ്ങോട്ട് ചായും. ഒരു ഘട്ടം കഴിഞ്ഞപ്പോൾ ചെങ്കൊടി മാത്രമായി. ഏവരും വിപ്ലവാവേശഭരിതരായി. 1.15ന് മാതരാനിൽ എത്തി. വഴിയരികിലെ പണി തീരാത്ത കെട്ടിടത്തിന്റെ ചെറിയ കൽക്കെട്ടിൽ ഇരുന്നും നിന്നും ഭക്ഷണം വിളമ്പി. എന്തൊരു രുചി. ഇത്ര നല്ല ഉച്ചഭക്ഷണം കഴിച്ചിട്ടേയില്ല!
മാതരാനിലേക്കുള്ള കവാടത്തിനരികെ ഞങ്ങൾ ഇരുന്നു .ഇരു ചക്രവാഹനങ്ങളും കാറും മാത്രമേ അകത്തേക്ക് കയറ്റൂ.അതിനാൽ ഞങ്ങൾ വീണ്ടും മൂന്ന് omni വാനുകളിലായി കയറ്റവും വളവുകളും ഇറക്കവുമുള്ള വീതി കുറഞ്ഞ ടാർ റോഡിലൂടെ അലസം നടക്കുന്ന കാലികൾക്കും മലയിറങ്ങി വരുന്ന വണ്ടികൾക്കും ഇടയിലൂടെ മുകളിലേക്ക് കുതിച്ചു. ഒരു വശത്ത് വെള്ളച്ചാട്ടങ്ങളും നീർച്ചോലകളും, മറു വശത്ത് നോക്കെത്താത്ത താഴ്ച്ച ! വെള്ളച്ചാട്ടത്തിലും അരുവിയിലും തിരിച്ചു വരുമ്പോൾ ഇറങ്ങാം എന്ന് ഏവരും ഒന്നിച്ച് പറഞ്ഞു.മുകളറ്റം വരെ വണ്ടിയിലാണങ്കിൽ പിന്നെ എന്ത് നടത്തം എന്ന് ഞാനോർത്തു.( ഈ കയറ്റം സൂര്യനെല്ലിയിൽ നിന്നും അപ്പർ സൂര്യനെല്ലിയിലേക്കും കൊളുക്ക് മലയിലേക്കുമുള്ള വഴിയുടെ മറ്റൊരു പതിപ്പ്. എന്നാൽ വ്യത്യാസം ഉണ്ട്. 20 മിനിറ്റിന് ശേഷം എത്തിയ ഹിൽ ടോപ്പിൽ അസാധാരണമായ തിരക്കും വണ്ടികളും. മഴ ചന്നം പിന്നം പെയ്തു കൊണ്ടിരുന്നു. മേൽക്കൂരയുള്ള ഒരു പന്തലിനകത്ത് വശങ്ങളിൽ ബഞ്ചു പോലെ പണിതിരിക്കുന്നുണ്ട്. അവിടെ ഒരിടത്ത് പ്ലാസ്റ്റിക് തൊപ്പിയും കോട്ടും വാങ്ങാൻ കിട്ടും.ഓരോന്നിനും 30 രൂപവീതം. വാനിലെ യാത്രക്ക് ഒരാളിന് 80 രൂപ.5 പേരിൽ കൂടുതൽ കയറ്റില്ല. പ്രവേശന പാസ്സുണ്ട്. ഒരാൾക്ക് 50 രൂപ. മഴ തുടരുന്നത് കാരണം തൊപ്പിയും കോട്ടും വാങ്ങി.Bagൽ വയ്ക്കാതെ ഏവരും ധരിച്ചു. പാസ്സ്കാണിച്ച് അനുമതി വാങ്ങി അകത്തേക്ക് .
ട്രക്കിംഗിന് കുതിരപ്പുറത്തും മനുഷ്യർ വലിക്കുന്ന റിക്ഷ സർവീസും കിട്ടും. കാൽനടക്കാരാണ് അധികവും. വനപാതകൾ ടാർ ചെയ്യാതെ കല്ലുകൾ പാകി ഉറപ്പിച്ചിരിക്കുന്നു. ജീപ്പിന് പോകാവുന്ന വീതി.. ഇടയ്ക്ക് കല്ലിളകി കുളമായി കിടക്കുന്നുമുണ്ട്, മഴ പെയ്താലുടൻ കുഴയുന്ന മണ്ണ്.. കുതിര കളും യാത്രക്കാരും കൂടിയായാപ്പോൾ കണ്ടംപോലെ . പാതയ്ക്ക് ഇരുവശത്തും കോട്ടേജുകളും മറ്റും ഉണ്ട്.. എല്ലാം വളരെ ഹൈഫൈ. നടന്നെത്തുന്നത് ഒരു മീറ്റർ ഗേജ് പാളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും. ഇനി പാത രണ്ടായി പിരിയും. നമുക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. കാനനപാതയും റെയിൽപാതയും. രണ്ടും വനത്തിന്റെ ഉള്ളിലേക്ക് മല ചുറ്റി നീളുന്നു. ഞങ്ങൾ റെയിൽ പാത തിരഞ്ഞെടുത്തു. ആ സീസണിൽ ട്രെയിൻ ഉള്ള ലക്ഷണമൊന്നും കണ്ടില്ല . ഇനി നിർത്തിയോ എന്നുമറിയില്ല.. കുറച്ചു കൂടി വേഗം കവർ ചെയ്യാവുന്നത് റെയിൽ വഴിയാണന്ന് തോന്നി. തിരക്കും ചെളിയും കുറവ്. ഇടയ്ക്കിടെ ചായയും സ്നാക്സും ചൂടോടെ കിട്ടുന്ന ഇടമുണ്ട്. ഒന്നിനും രണ്ടിനുമൊക്കെ ഇടങ്ങൾ നീണ്ട യാത്രയ്ക്കവസാനമേയുള്ളു. വീടുകൾ ഇടയ്ക്കൊക്കെയുണ്ട്. ചിലയിടത്ത് അകത്തേക്ക് ….. നഗർ എന്ന് Board ൻ്റെ ആർച്ചുകളും കാണാം. പാതയുടെ ഒരു വശത്ത് പല പല കോട്ടേജുകളാണ്.. കാട്ടിൽ സിംഹവാലൻ കുരങ്ങുകളെ മാത്രമേ കണ്ടുള്ളു. നടത്തത്തിനിടയിൽ മരങ്ങളിലേക്ക് അധികം നോക്കാൻ സാധിക്കാതിരുന്നതാണോ എന്ന് കാരണം എന്നറിയില്ല ! റെയിൽ പാളത്തിലൂടെ അല്ലേ നടപ്പ് ? സൂക്ഷിച്ചാണ് നടന്നത് .

ഇടയ്ക്ക് വ്യൂ പോയിന്റുകൾ വരും. അതീവ അപകടരമായ ഇടങ്ങളിൽ വേലികൾ ഉണ്ട്.നിയന്ത്രിക്കാനും, വിലക്കാനും ആരുമില്ല. നമ്മുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്തം !. സൂചന ബോർഡുകളുംവഴിയുടെ മാപ്പ് സ്കെച്ച് എന്നിവയും ഇടയ്ക്കിടെയുണ്ട്. റെയിൽവേ സ്റ്റേഷൻ അവസാനിക്കുന്ന ഇടത്തു നിന്നും അനേകം ചെറിയ വഴികൾ തുടങ്ങന്നു. ഏത് വഴിയിലൂടെയും നടക്കാം. മരങ്ങളിലും സൂചിക ബോർഡും, ദൂരവും കാണിച്ചിട്ടുണ്ട് . വന്യമൃഗ അപായസൂചനകൾ എവിടെയും കണ്ടില്ല . പ്ലാസ്റ്റിക് കവറുകളും വലിച്ചെറിഞ്ഞ കുപ്പികളും കുറവായിരുന്നു. എത്ര ദൂരം നടന്നു എന്ന് അപ്പോൾ നോക്കിയില്ല .കാടകത്തേക്കള്ള വഴികൾ നീണ്ടും ഇടുങ്ങിയും വന്നു.കൂടെ വന്ന കുട്ടികളിൽ രണ്ട് പേരൊഴികെ പിന്നീട് വിളിക്കാം എന്ന ധാരണയിൽ വഴി പിരിഞ്ഞു.
ഞങ്ങൾ രണ്ട് കുടുംബങ്ങണ്ടിലെ 6 പേർ നടത്തം തുടർന്നു. വഴികളിൽ ഇരുന്നും കാഴ്ചകൾ കണ്ടും പറഞ്ഞും പാട്ട് പാടിയും ഒക്കെ വളരെമെല്ലെ നടത്തം തുടർന്നു.കാടിനകത്ത് കുടിവെള്ളവും അത്യാവശ്യം സ്നാക്സും കിട്ടുന്ന ചെറിയ ഒന്ന് രണ്ട് മാടക്കടകളുണ്ട്. വനത്തിൽ ഒരു സർക്കാർ ഓഫീസും കണ്ടു. v v IPകൾക്ക് താമസിക്കാനുള്ള ബംഗ്ളാവുകളും, രത്തൻ ടാറ്റ യുടെ പേരിലും ഒരു ബംഗ്ളാവ് കണ്ടു. ഉൾക്കാട്ടിലേക്ക് വഴി ഇടുങ്ങി.നീർ ചോലകൾ കൂടുതൽ വലുതായി.നേരത്തേ ദൂരെ നിന്നും കാണുന്ന ചിരിയും മുള്ളലും ഇത്രയും വലുതാണ് എന്ന് മനസിലാക്കുന്നത് അടുത്തെത്തിയപ്പോഴാണ്. പാറകൾ വഴുക്കി കിടന്നു. ഒന്ന് തെന്നിയാൽ പറയാനില്ല. സൂക്ഷിച്ച് ഓരോ അടികളും വയ്ക്കണം. കാഴ്ചകൾ മുന്നോട്ട് ആകർഷിച്ചു കൊണ്ടിരുന്നു. മൂടൽമഞ്ഞും മേഘങ്ങളും വൃക്ഷത്തലപ്പുകൾക്കിടയിലൂടെ ഞങ്ങളെ തേടിയെത്തി. കൈക്കുമ്പിളിൽ മേഘത്തേവാരിയെടുത്തു പാട്ട് പാടി. നൃത്തം ചെയ്യാനായില്ല പുതിയ ഷൂസിന് പല്ല് മുളച്ചുതുടങ്ങിയിരുന്നു . പാദത്തിന്റെ എല്ലാ വശത്ത് നിന്നും അത് കടിക്കാൻ തുടങ്ങി. കൂർത്ത കുഞ്ഞരിപല്ലുകൾ ഉണ്ടോ എന്ന് പലവട്ടം തൊട്ടു നോക്കി. അപ്പോഴൊക്കെ നല്ല Soft feel . ഈ കുത്തൽ എവിടുന്നാണന്നറിയില്ല. സമയംവൈകിട്ട് 6.30 കഴിയുന്നു .

ഇനി രണ്ട് Spot കൂടി ഞങ്ങൾ പോയ വഴിയിൽ കാണാനുണ്ട് 40 മിനിറ്റ് ദൂരം എന്ന് Map – ൽ പറയുന്നു. യാത്രാക്കാർ കുറഞ്ഞ് തുടങ്ങി . കാടകം നേരത്തേ ഇരുളും. മഴയും മഞ്ഞും ഇനി എപ്പോൾ വേണമെങ്കിലും വരാം. തൊട്ടടുത്ത് നിശ്ചിത ദൂരത്തിനപ്പുറം കാഴ്ചയില്ല. ഇടിഞ്ഞു പൊളിഞ്ഞ കുറേ മാർബിൾ മന്ദിരങ്ങളുടെ കവാടങ്ങളും പേരുകളും വഴിയിൽ കാടിനുള്ളിലേക്ക് നീണ്ട് വഴിയടഞ്ഞ് കാട് തഴച്ച് കിടന്നിരുന്നത് Bollywood Horror location പോലെ നേരത്തേ തോന്നിയത് ആരെയും പേടിപ്പിക്കണ്ട എന്നു കരുതി പറഞ്ഞില്ല. ലക്ഷണം കണ്ടിട്ട്ഛത്രപതി ശിവജിയുടെ ഒളിസങ്കേതമോസുഖ വാസസ്ഥലമോ ആണന്ന് തോന്നി.. 6 പേരും കൂടി തിരിച്ചു നടക്കാൻ തീരുമാനിച്ചു. ഞങ്ങൾ പതിയെ മടക്കയാത്ര ആരംഭിച്ചു.
ആദിവാസികളായ സ്ത്രീ പുരുഷൻമാർ ധൃതിയിൽ ഞങ്ങൾക്കെതിരെ നടന്നു പോയി.നേരത്തേ പറഞ്ഞ മാടക്കടയിൽ ഷൂബൈറ്റിനുള്ള എന്തെങ്കിലുമുണ്ടോ എന്ന് ചോദിച്ചു. അയാൾ വേഗം 1iquid ഹൈഡ്രജൻ പെറോക്സയിഡും Palmolive വെളിച്ചെണ്ണയും എടുത്തു തന്നു. അയാളൊരു ചിറക് വച്ച മാലാഖയാണന്ന് അപ്പോൾ തോന്നി . വഴിപോക്കർ ഇത്തരം വസ്തുക്കൾ അവിടെ ചോദിക്കുന്നുണ്ടാകും. ഒരുവിധം ആശ്വാസമായി. സമയം വൈകുന്നു.. ഞങ്ങളുടെ വണ്ടിക്കാരനോട് 8.30 ന് ( രാത്രി) വരാനാണ് പറഞ്ഞത്. ഞങ്ങൾ രണ്ട് കുടുബങ്ങൾ ആ തിരക്കിലും പരസ്പരം കാണവുന്ന അകലത്തിലാണ് പൊയ്ക്കൊണ്ടിരുന്നത്. റെയിൽവേ തീരുന്ന ജംഗ്ഷനിൽ എത്തിയപ്പോൾ തമിഴ് സിനിമയിൽ ഒക്കെ കാണന്നപ്പോലെ ഉറിയടി, പാട്ട്, ആരവം. റോഡിന് കുറുകെയാണ് ഉറിയടിയുടെ അലങ്കരിച്ച ഉറിയും കയറും കുതിരകളും കഴുതകളും പട്ടിയും നൂറുകണക്കിന് സന്ദർശകരും ഫോട്ടോക്കാരും.(ഇവൻമാർ ഫോട്ടൊ പോലും കണ്ടിട്ടില്ലേ?ന്ന് സംശയിച്ചു) അവിടെ Stay ചെയ്യുന്നവർ ഒഴികെ എല്ലാവരും വേഗം നടന്നുകൊണ്ടിരുന്നു. തിരിച്ചുപോരുമ്പോൾ റെയിൽ പാത വിട്ട് വനപാത റോഡ് തിരഞ്ഞെടുത്തു. തട്ടി വീണ് പണി കിട്ടാതിരിക്കാൻ ഇതാണ് നല്ലതെന്ന് തോന്നി. 7.30 കഴിഞ്ഞതോടെ നേരം വേഗം ഇരുട്ടി. ഞങ്ങൾക്ക് മുന്നിൽ നടന്ന വരെ കാണാനില്ല. പിന്നിൽ കുറച്ച് വർത്തമാനം കേൾക്കുന്നുണ്ട്. റോഡിൽ ലൈറ്റുകൾ ഓരോ വളവിൽ മാത്രം .ഓടയും റോഡിലെ കല്ലും കാണാൻ വേണ്ടി ഞങ്ങൾ മാറി മാറി മൊബൈൽ ലൈറ്റ് ഓണാക്കി. ഡാഡിയേ കരുതലോടെ ഇടയിൽ നടത്തി തമ്മിൽ ശ്രദ്ധിച്ച്, കാട്ടിലെ കുത്തിത്തുളയ്ക്കുന്ന ഇരുട്ടിൽ നോക്കാതെ, നടന്നു .കനം കൂടിയ നിശബ്ദതയും ചില പക്ഷികളുടെയോ ചീവീടിൻ്റെയോ ഒച്ച കൂടിയായപ്പോൾ ഉള്ളിൽ ചെറിയ പേടിയും തോന്നി. ഇടയ്ക്കിടെ കടന്നു പോകുന്ന കുതിരകളും കുതിരക്കാരും മാത്രം. കുറച്ച് കഴിയുമ്പോൾ ഒരു ശബ്ദവും കേൾക്കാനില്ല.
നേരത്തേ കണ്ട ജനക്കൂട്ടം പെട്ടന്ന് അപ്രത്യക്ഷമായപോലെ. വഴിതെറ്റിയോ എന്ന സംശയം ഞാനും മോളും ഉറക്കെ പറഞ്ഞു.(അതിന് സാദ്ധ്യത ഇല്ലങ്കിലും) സാറ് ഞങ്ങളെ സമാധാനിപ്പിച്ചു . പിന്നെ കടന്നു പോയ കുതിരക്കാരോട് ചോദിച്ച് വഴി ഉറപ്പാക്കി. ഉടനെ എത്തും എന്ന് പറഞ്ഞെങ്കിലും പാത വളഞ്ഞ് നീണ്ട് വളർന്നു കൊണ്ടിരുന്നു. റെയിൽവേ ലൈൻ കാണാനില്ല. യാത്രയുടെ തുടക്കത്തിൽ കണ്ട റെയിൽവേ പ്ലാറ്റ്ഫോം ആണ് അടയാളം. കാടിന്റെ വലിപ്പവും നിഗൂഢതയും ശബ്ദവും അറിയണമെങ്കിൽ കാട്ടിൽ തനിച്ചാവണം . ! കാട് ചുറ്റിക്കും എന്ന് കേട്ടിട്ടുണ്ട് മൊബൈൽ റേഞ്ചും ഇല്ല,.നടന്ന് നടന്ന് അവസാനം ചെരിപ്പിന്റെ കടിയോ കാലിന്റെ വേദനയോ ചെളിക്കുണ്ടൊ ഒന്നും അറിയാതായി . ലക്ഷ്യം മാത്രം പ്രധാനം. അതാ ലക്ഷ്യം കണ്ണിലെത്തി… റെയിൽവേ പ്ലാറ്റ്ഫോം. ഹാവൂ! കാതിൽ ജനത്തിന്റെ മർമരം. യുറേക്കാ… വണ്ടികളുടെ ഇരമ്പൽ. യാത്ര തുടങ്ങിയ കവാടത്തിൽ എത്തുമ്പോഴേക്കും മുൻപേ പോയ റസിയയും കുടുoബവും അതേ അവസ്ഥയിൽ ഏതാനും നിമിഷം മുൻപ് എത്തിയതെയുള്ളു .

2 വണ്ടികളിലായി തിരിച്ചിറങ്ങുമ്പോൾ വഴിയിലെ വെള്ളച്ചാട്ടങ്ങളും നീരുരുറവകളും നഷ്ടബോധമായി.
ഒറ്റയാത്രയിൽ തീർക്കാൻ പറ്റാത്തതാണ് മാതേരാൻ. ഞങ്ങളുടെ ഒപ്പമുണ്ടായിരുന്നവരും ഞങ്ങളെ പോലെ നന്നെ ക്ഷീണിച്ചിരുന്നു.28 കി.മി. രണ്ട് വശത്തേക്കും കൂടി നടന്നു. ബസ്സിൽ കയറി ചെരുപ്പ് ഊരിമാറ്റി.കാൽപരിശോധിച്ചു. ഭാഗ്യം! പൊട്ടിയില്ല.പോളയും വന്നിട്ടില്ല. മടക്കയാത്ര ആരംഭിച്ചു.പാട്ടും ഓരോരുത്തരും പോയ വഴിയുടെ വർണ്ണനയും മാത്രം. കൗണ്ടറിന് കുറവില്ല. 10.15ന് രാത്രി ഭക്ഷണത്തിനായി ഏതോ ഗ്രാമത്തിലെ ഭക്ഷണ ശാലയിൽ കയറി റൊട്ടി, ചപ്പാത്തി പരിപ്പ് കറി ഒക്കെ ചൂടൊടെ കിട്ടി.
പ്രശ്നം ചെരിപ്പിലും ചെരിപ്പില്ലാതെയും മണ്ണിൽ ചവിട്ടിയപ്പോഴുള്ള വേദനകലർന്ന കിരുകിരുപ്പ് ഒന്ന് വേറെ തന്നെയാണ് ! തിരുവോണമായിട്ട് വല്ല കാര്യവും ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് ! ഒരു യാത്ര തരുന്ന ഓർമ്മ !അതാണ് വലിയ കാര്യം…!
NB:
വാഹനഗതാഗതം പൂർണ്ണമായി നിരോധിച്ച ഏഷ്യയിലെ ഏക മലയോര വിനോദസഞ്ചാര കേന്ദ്രമാണ് മാതേരാൻ.
ടാർ ചെയ്യാത്ത ചെമ്മൺ റോഡുകളാണ് ഇവിടെയുള്ളത്.
കുതിരപ്പുറത്തെയോ , നടന്നോഉള്ള യാത്രകളോ ആണ് ഇവിടെ പ്രധാന ആശ്രയം.
ദൂരപരിധി :
മുംബൈയിൽ നിന്നും 90 കിലോമീറ്റർ ദൂരം.
പൂനെയിൽ നിന്നും 120 കിലോമീറ്റർ ദൂരം




ആഹാ😍 സുന്ദരമായ യാത്രാ വിവരണം വേറിട്ട ആസ്വാദനം നൽകി🤝👌✍️ അഭിനന്ദനങ്ങൾ മാഡം💐❤️
സുന്ദരമായ വിവരണം 👍👏