അത്തം ആവുന്നേ ഉള്ളൂ… നാം ആണെങ്കിൽ നേരത്തെ എത്തി..ഇനി എന്ത് ചെയ്യും…?
അതിർത്തിയിൽ പാതി സംശയത്തിൽ മാവേലി മന്നൻ നിന്നു….
ഓയോ റൂം എടുക്കാം രണ്ട് ദിവസത്തേക്ക്….
അത്തം ആയിട്ട് പോവാം… എല്ലാവരും ശെരിക്കും ഒന്ന് ഒരുങ്ങട്ടെ…..
ഹോട്ടലിൽ എത്തി… റൂം ഉണ്ട്…
റൂം ക്ലീൻ ചെയ്യാൻ 10 മിനിറ്റ് എടുക്കും അത് വരെ കാത്തു നിൽക്കണം.
മാവേലി മന്നൻ കസേരയിൽ ഇരുന്നു.
റീസെപ്ഷനിലെ ബംഗാളി പയ്യൻ മലയാളം നന്നായി പറയുന്നുണ്ട്…കേരളം മൊത്തം ഇപ്പോ ബംഗാളികൾ ആണല്ലോ….
പണ്ട് മൂന്നടി സ്ഥലം കൊടുത്തിട്ട് എന്റെ കിടപ്പാടം പോയതാ…. സൂക്ഷിച്ചോ എന്റെ പ്രജകളെ… നിങ്ങളെ അക്കൊമഡേറ്റ് ചെയ്യാൻ ഉള്ള സൗകര്യം എന്റെ കയ്യിൽ ഇല്ലാ……
പയ്യന്റെ ഫോൺ അടിച്ചു…. നല്ല റിങ്ടോൺ
“രാവണ മവൻടാ”….
രാവണന്റെ പാട്ടോ….. ഇത് ഏത് പാട്ട്… രാമന്റെ പാട്ടല്ലേ സാധാരണ….
ഡേയ് പയ്യൻ…. എന്താ ഇത്?
സ്ത്രീകളെ അപഹരിക്കുന്നവനും , അഹങ്കാരിയും, ആക്രമിയും ആയ രാവണന്റെ ആരാധകൻ ആണോ നീ? മാവേലി ചോദിച്ചു.
ഞങ്ങളൊക്കെ ഇപ്പൊ രാവണൻ ഫാൻസ് ആണ്.അവൻ അഭിമാനത്തോടെ പറഞ്ഞു.
തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ പുതിയ സിനിമയിലെ പാട്ടാ ഇത് അവൻ കൂട്ടി ചേർത്തു.
സീതയെ തട്ടി കൊണ്ടുപോയ രാവണനും ഫാൻസോ? മാവേലി ഞെട്ടി.
അതിലൊന്നും കാര്യമില്ല മാവേലി… നല്ല മാസ് അല്ലെ രാവണൻ…
“ലങ്കാധിപതി രാവണൻ” കേൾക്കുമ്പോ തന്നെ കണ്ടില്ലേ.. രോമാഞ്ചം….പയ്യൻ ആവേശം കൊണ്ട് പറഞ്ഞു.
അപ്പൊ നമ്മുടെ പേര് കേൾക്കുമ്പോഴോ?
മാവേലി ചോദിച്ചു.
സത്യം പറയാലോ.. മാവേലിക്ക് ഇപ്പോ അത്ര ഡിമാൻഡ് ഇല്ലാട്ടോ. പയ്യൻ പറഞ്ഞു.
അത് എന്താടോ അങ്ങനെ…. മാവേലി ചോദിച്ചു.
അത്…. ഇപ്പൊ… എടുത്ത് പറയാൻ ആയിട്ട് കാര്യങ്ങൾ ഒന്നും ചെയ്തിട്ടില്ലല്ലോ… കേൾക്കുമ്പോ രോമാഞ്ചം വരുന്ന പോലെ…
പയ്യൻ ചോദിച്ചു.
ഏഹ്ഹ്….. എടൊ നാം ഭരിച്ച കാലത്ത് സമത്വവും സമൃദ്ധിയും എല്ലാം ദേവലോകത്തെക്കാൾ മികച്ചത് ആയിരുന്നു.
കേട്ടിട്ടില്ലേത്താൻ….. അസൂയ പൂണ്ട് ദേവന്മാര് വിഷമത്തിൽ ആയത് … മാവേലി പറഞ്ഞു.
എന്ത് പറഞ്ഞിട്ടെന്താ വാമനൻ വന്നു ചവിട്ടി താഴ്ത്തിയില്ലേ.ഒന്ന് ഫൈറ്റ് പോലും ചെയ്യാതെ….പയ്യൻ പുച്ഛഭാവം ഇട്ട് ചോദിച്ചു.
എടൊ പയ്യൻ അത് എന്നെ പറ്റിച്ചതല്ലേ. വാമനൻ വിനയത്തിൽ മൂന്ന് അടി മണ്ണ് ചോദിച്ചു.നാം അത് സമ്മതിക്കുകയും ചെയ്തു. പിന്നെ അല്ലെ അതിലെ അമളി നമ്മക്ക് മനസ്സിലായത് .
അപ്പൊ വാമനൻ വലുതായി ആദ്യ അടി വച്ചപ്പോൾ തന്നെ അത് വേണ്ട എന്ന് പറഞ്ഞൂടായിരുന്നോ? പയ്യൻ ചോദിച്ചു.
വാക്ക് കൊടുത്താൽ അത് പാലിക്കണം. പിന്നെ അതിൽ ചോദ്യം ഇല്ലാ…
ദശരഥൻ കൈകേയിക്ക് കൊടുത്ത വാക്കിൽ അല്ലെ രാമന് വനവാസം പോവണ്ടു വന്നത്?
പിന്നെ നിങ്ങളുടെ ഇപ്പൊ ഉള്ള ഭരണാധികാരികളെ പോലെ കൊടുത്ത വാക്കിന് പുല്ലു വില അല്ല ഞങ്ങൾക്ക്. മാവേലി കൂട്ടിച്ചേർത്തു.
അത് ഇപ്പൊ കൊടുത്ത എല്ലാ വാക്കും പാലിക്കാൻ പറ്റണ്ടേ.പറ്റുന്നതൊക്കെ ചെയ്യും. എല്ലാ നേതാക്കളും അങ്ങനെ തന്നെ അല്ലെ..
പെട്രോളിന് വിലകുറയ്ക്കും എന്ന് പറഞ്ഞിട്ട് കുറച്ചോ ഇല്ലാ. അക്കൗണ്ടിൽ ക്യാഷ് വരും എന്ന് പറഞ്ഞു എന്നിട്ട് വന്നോ? ഇല്ലാ. എന്നിട്ടും ഭരണം സുഖമായി നടക്കുന്നില്ലേ? അതൊക്കെ അത്രേ ഉള്ളൂ. ഒരു രാഷ്ട്രിയ നിരീക്ഷകനെ പോലെ പയ്യൻ പറഞ്ഞു.
അത് എങ്ങനെയാടോ. ജനങ്ങൾ ചോദ്യം ചെയ്യില്ലേ? മാവേലി ചോദിച്ചു.
അത് ചോദിക്കും. അപ്പൊ ജനങ്ങൾടെ ശ്രദ്ധ തിരിക്കാൻ നമ്മൾ ചിലവ് ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു അവരെ ഒന്ന് രോമാഞ്ചം കൊള്ളിക്കണം അത്രേ ഉള്ളൂ.
പയ്യൻ കള്ള ചിരിയോടെ പറഞ്ഞു.
ഇവൻ ബംഗാളിലെ ഏതോ പ്രമുഖ പാർട്ടിക്കാരൻ തന്നെ മാവേലി മനസ്സിൽ പറഞ്ഞു.
എടൊ തനിക്ക് നല്ല വിദ്യകൾ വശം ഉണ്ട് എന്ന് നമ്മുക്ക് മനസിലായിരിക്കുന്നു. എനിക്ക് ഒരു സഹായം ചെയ്യുക. നഷ്ടപ്പെട്ട എന്റെ പ്രീതി എനിക്ക് തിരിച്ചു എടുക്കാൻ എന്നെ സഹായിക്കുക.എന്നാൽ പൊള്ള വാഗ്ദാനങ്ങൾ ഒന്നും നൽകാൻ നമ്മക്ക് സാധിക്കില്ല. മാവേലി കൂട്ടിച്ചേർത്തു.
അത് എന്തിനാ മാവേലി താങ്കൾ ഇനി ഇലക്ഷനിൽ വല്ലതും മത്സരിക്കാൻ പോവുണ്ടോ? പ്രീതി തിരിച്ചു പിടിച്ചിട്ട്. പയ്യൻ ചോദിച്ചു.
എടൊ. അതിനു അല്ല. വാമനനോട് നാം ആകെ ആവശ്യപെട്ടത് എല്ലാ വർഷവും എനിക്ക് എന്റെ പ്രിയ പ്രജകളെ കാണാൻ അനുവാദം തരണം എന്ന് മാത്രം ആണ്. പ്രജകൾ നമ്മെ ഇപ്പോ മൈൻഡ് ചെയ്യുന്നില്ല എന്ന് അറിഞ്ഞാൽ വാമനൻ എന്നെ കളിയാക്കില്ലേ??? മാവേലി വിഷാദത്തിൽ ചോദിച്ചു.
ഓഹോ അതാണല്ലേ കാര്യം. വഴി ഉണ്ട്.
നമ്മക്ക് ഓണത്തിന് ജനങ്ങൾക്ക് കുറേ അരിയും പച്ചക്കറിയും എല്ലാം വിതരണം ചെയ്യാം.പിന്നെ കുറേ ഫ്ലെക്സ് അടിച്ചു വയ്ക്കാം.
“കേരള രാജ മഹാബലി തമ്പുരാൻ” എന്നൊക്കെ പറഞ്ഞു.
പക്ഷെ ഇതിനൊക്കെ ക്യാഷ് വേണം.
പയ്യൻ പറഞ്ഞു.
എന്റെ കയ്യിൽ എവിടെന്നാ ഇപ്പോ ക്യാഷ്. പണ്ട് ഏതോ സഹകരണബാങ്കിൽ കുറച്ചു ഇട്ടിരുന്നു. അവിടെ എന്തോ റെയ്ഡ് വന്നു അതൊക്കെ പോയി എന്ന് പേപ്പറിൽ കണ്ടു.
എന്നാ ഈ സ്വർണമാല ഒന്ന് വിൽക്കാം. കുറേ ഉണ്ടല്ലോ കഴുത്തിൽ. പയ്യൻ ചോദിച്ചു.
ഇത് വിൽക്കാനോ. വേറെ വഴി ഒന്നും ഇല്ലേ? നമ്മുടെ ആ പാട്ട് കുറേ സ്ഥലത്തു പോയി ചൊല്ലിയാലോ.. കള്ളവും ഇല്ലാ ചതിയും ഇല്ലാ… എങ്ങനെ ഉണ്ടാവും? മാവേലി ചോദിച്ചു.
എന്റെ മാവേലി കള്ളത്തിനും ചതിക്കൊന്നും ഇപ്പോ ഒരു പ്രസക്തി ഇല്ലാ. ക്യാഷ് ഉള്ളവൻ ആണ് രാജാവ്.
പിന്നെ ആ പാട്ട് അത് ആദ്യം ഒന്ന് മാറ്റി പിടിക്കണം. നമ്മക്ക് പുതിയൊരു പാട്ട് ഇറക്കാം. നല്ല മാസ് ആയിട്ട്… റഹ്മാനെ കൊണ്ട് ചെയ്യിക്കാം. പയ്യൻ പറഞ്ഞു.
മം… അപ്പൊ പ്രീതി വേണെങ്കിൽ ക്യാഷ് ഇറക്കണം. മാല അപ്പൊ ഒന്ന് കൊടുക്കാം.
മാവേലി സമ്മതിച്ചു.
എന്നാ സമയം കളയാതെ വേഗം മാല കൊടുത്ത് ക്യാഷ് ആയിട്ട് വരു. ഓണം ആവുമ്പോഴേക്കും നമ്മക്ക് പണി തീർക്കണം.
പാട്ട്, റീൽ, റോഡ് ഷോ.. കുറേ പണി ഉണ്ട്.
ഇപ്പൊ ആണെകിൽ ഓണത്തിന് മാവേലിയാക്കാൾ വാമനനു ഡിമാൻഡ് ഉണ്ട്.
പയ്യൻ പറഞ്ഞു.
ആണോ? ശിവ ശിവ….ഇപ്പൊ വരാം.. നമ്മക് നമ്മടെ അഭിമാനം കാക്കണം അതിനു നാം എല്ലാ മാലയും വിൽക്കും. താൻ പണി തുടങ്ങികൊള്ളുക.
എവിടെയാ ഇവിടെ സ്വർണ്ണകട?
ഇതും പറഞ്ഞു മാവേലി കുട എടുത്ത് പുറത്തേക്ക് ഓടി മറഞ്ഞു….
പയ്യൻ പണി തുടങ്ങി. ഫേസ്ബുക്ക് തുറന്നു.
കാലിന്മേൽ കാലു കേറ്റിവച്ചു ഉള്ള മാവേലിയുടെ പുതിയ ഫോട്ടോ എ ഐ വച്ചു ഉണ്ടാക്കി. അതിനു ക്യാപ്ഷൻ ഇട്ടു.
“അവൻ വരുന്നു.എല്ലാ മലയാളികളുടെയും യഥാർത്ഥ തമ്പുരാൻ” ദ റിയൽ കിങ്….
അതിനു പാട്ട് ഇട്ടു. രാവണമവൻ ഡാ…..




അങ്ങനെ മാവേലി തമ്പുരാനെ രാവണനുമായി മാറ്റി ഇത്തവണത്തെ ഓണത്തിന്😌 റീച്ച് ആണല്ലോ മുഖ്യം😊 കാലികപ്രസക്തം🤝 ഓണാശംസകൾ മാഷേ🌹❤️🥰
മനോഹരം
നല്ലെഴുത്ത്
കൊള്ളാം. ആനുകാലിക ചിന്താഗതി ഉൾക്കൊണ്ട ഒരു നല്ല കഥ 👍
വേറിട്ട രചന
നല്ല രചന. കാലത്തിന് അനുയോജ്യമായ ഭാവന സൃഷ്ടി..
Athi Manoharam….
Vijijay reference 🔥 🔥 🔥