മലയാളിമനസ്സ് ൻ്റെ എല്ലാ വായനക്കാർക്കും ‘മലയാള സാഹിത്യത്തലെ നക്ഷത്രപ്പൂക്കൾ’ എന്നപംക്തിയുടെ 56ാം ഭാഗത്തിലേയ്ക്ക് സ്വാഗതം🙏🙏
സരസമായ അവതരണ രീതിയിലൂടെ മലയാളികളെ ചിരിപ്പിക്കുകയും അതോടൊപ്പം തന്നെ ചിന്തിപ്പിക്കുകയും ചെയ്ത കഥാകൃത്ത് ആയ വി.കെ.എൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന വടക്കെക്കൂട്ടാല നാരായണൻകുട്ടി നായർ ആണ് ഇന്നത്തെ നക്ഷത്രപ്പൂവ്!
വി.കെ.എൻ (07/04/1929-25/01/2004)

1929 ഏപ്രിൽ മാസം ഏഴാം തീയതിയാണ് അദ്ദേഹം തൃശൂർ ജില്ലയിലെ തിരുവില്വാമലയിൽ ജനിച്ചത്.
മെട്രിക്കുലേഷൻ പാസ്സായതിനു ശേഷം മലബാർ ദേവസ്വം ബോർഡിൽ ഉദ്യോഗസ്ഥനായി ജോലിയിൽ പ്രവേശിച്ചു. അതിനുശേഷം ഡൽഹിയിലേക്കു പോയ അദ്ദേഹം പത്രപ്രവർത്തന രംഗത്ത് സജീവമായി. ശങ്കേഴ്‌സ് വീക്കിലി, യു.എൻ. ഐ. ആകാശവാണി എന്നിവിടങ്ങളിലും ജോലി ചെയ്തു.
കഥാപാത്രസൃഷ്ടിയിലും അവതരണ രീതിയിലുമുള്ള പ്രത്യേകതകൾ കൊണ്ട് വി.കെ.എൻ. ൻ്റെ രചനകൾ മലയാള സാഹിത്യത്തിൽ വ്യത്യസ്തമായ ഒരു നിലവാരം പുലർത്തുന്നു. മറ്റുള്ളവർക്ക് അനുകരിക്കുവാൻ പൊതുവേ പ്രയാസമായ അദ്ദേഹത്തിൻ്റെ രചനാശൈലിയാണ് വായനക്കാരെ കൂടുതൽ ആകർഷിക്കുന്നത്.
നിരൂപകന്മാർ അദ്ദേഹത്തെ കുഞ്ചൻനമ്പ്യാരോട് സാദൃശ്യപ്പെടുത്തിയിട്ടുണ്ട്. മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത ചാത്തൻസ്,
സർചാത്തു,പയ്യൻസ് തുടങ്ങിയ കഥാപാത്രങ്ങളെ അദ്ദേഹം തൻ്റെ കൃതികളിൽ സൃഷ്ടിച്ചിട്ടുണ്ട്. ചരിത്രകാലത്തെ വർത്തമാനകാലവുമായി ഇണക്കി ചേർത്ത് കഥകൾ മെനഞ്ഞെടുക്കുവാൻ അദ്ദേഹത്തിന് പ്രത്യേകം കഴിവുണ്ട്. ‘ഏറ്റവും ജീനിയസ്സായ സാഹിത്യകാരൻ’ എന്ന ബഹുമതിക്ക് അർഹനാണ് വി .കെ. എൻ.!
ആക്ഷേപഹാസ്യത്തിൻ്റെ തിളക്കം അദ്ദേഹത്തിൻ്റെ രചനകളിലെല്ലാം കാണാം.
പത്രവർത്തനത്തോടൊപ്പം തന്നെ ആദ്യകാലത്ത് ശങ്കേഴ്‌സ് വീക്കിലിയിലും അദ്ദേഹം ലേഖനങ്ങൾ എഴുതിയിരുന്നു. ആദ്യം പ്രസിദ്ധീകരിച്ച ലേഖനം
‘ബുഷ്ഷർട്ട്’ ആയിരുന്നു. ‘വിവാഹപിറ്റേന്ന്’ ആണ് ആദ്യം പ്രസിദ്ധീകരിച്ച കഥ.
അത്തം പെരുന്നാൾ, അധികാരം, അനന്തരം, അമ്മുമ്മക്കഥകൾ, അസുരവാണി, സിൻഡിക്കേറ്റ്, ജനറൽ ചാത്തൻസ്, പിതാമഹൻ, നാണ്വാര്, പയ്യൻ്റെ യാത്രകൾ, മാനാഞ്ചിറ ടെസ്റ്റ്, സർ ചാത്തൂവിൻ്റെ റൂളിംഗ്, പയ്യൻ്റെ ഡയറി, മഞ്ചൽ, ആരോഹണം,
അയ്യായിരവും കോപ്പും, ചാത്തൻസ്, പെൺപട, വി.കെ.എൻ. കഥകൾ, ക്ലിയോപാട്ര തുടങ്ങിയവയാണ് പ്രധാനകൃതികൾ.
പയ്യൻ കഥകളുടെ കർത്താവ് എന്ന നിലയിൽ ഇദ്ദേഹം സാഹിത്യ ലോകത്ത് പ്രത്യേകം അറിയപ്പെടുന്നു. കഥാപാത്രങ്ങളുടെ ഭാവങ്ങൾ സസൂക്ഷ്മം അവതരിപ്പിക്കുന്നതിൽ കാണിക്കുന്ന സാമർത്ഥ്യം ഒന്നു വേറെ തന്നെയാണ്. രാഷ്ട്രീയ സ്ഥിതികളെയും ഭരണാധികാരികളെയും ആക്ഷേപഹാസ്യത്തിലൂടെ തുറന്നു കാണിക്കുന്ന കൃതിയാണ് പൊടിപൂരം തിരുനാൾ
ആരോഹണം എന്ന നോവലിന് കേരള സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ച കൃതിയാണ് പയ്യൻകഥകൾ
കൂടാതെ സാഹിത്യ പ്രവർത്തക സഹകരണ സംഘം അവാർഡ്, എം.പി.പോൾ അവാർഡ് തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങൾക്ക് വി.കെ. എൻ. അർഹനായിട്ടുണ്ട്.
ശുദ്ധ സാഹിത്യത്തിലൂടെ മലയാളിയുടെ മനസ്സ് തൊട്ടുണർത്തിയ വി.കെ.എൻ. എന്ന വടക്കേ കൂട്ടാല നാരായണൻ നായർ 2004 ജനുവരി അഞ്ചാം തീയതി കഥാവശേഷനായി🙏🌹
അടുത്ത ലക്കം വീണ്ടും കണ്ടുമുട്ടാം❤️💕💕💕



