തിരുവാതിര രാവ് കഴിഞ്ഞ് വെളുപ്പിന് തറവാട് ഉണർന്നത് ഒരു പ്രത്യേക ശാന്തതയിലേക്കായിരുന്നു. നിലാവിന്റെ വെള്ളി വെളിച്ചം പതുക്കെ മാഞ്ഞുതുടങ്ങിയിരിക്കുന്നു. എങ്കിലും മുറ്റത്തെ മുല്ലപ്പൂക്കളുടെയും പാലപ്പൂവിന്റെയും ഗന്ധം വായുവിൽ അപ്പോഴും തങ്ങിനിൽപുണ്ടായിരുന്നു.
തലേദിവസത്തെ ഉറക്കമിളപ്പിന്റെ ക്ഷീണമില്ലാതെ സ്ത്രീകൾ വീണ്ടും സജീവമായി. തിരുവാതിര നാളിലെ പ്രധാന വിഭവമായ എട്ടുഅങ്ങാടി പുഴുക്കിന്റെ മണം അടുക്കളയിൽ നിന്ന് ഉമ്മറത്തേക്ക് പടർന്നു.
തിരുവാതിര നാളിലെ പുലർച്ചെ കഴിക്കുന്ന വീശിഷ്ടമായ ഒരു വിഭവമാണിത്. നോയമ്പ് നോൽക്കുന്ന സ്ത്രീകൾക്ക് ഊർജ്ജം നല്കാനും ആരോഗ്യ സംരക്ഷണത്തിനുമായി കിഴങ്ങു വർഗ്ഗങ്ങൾ ചേർത്താണ് ഇത് തയ്യാറാക്കുന്നത്.
ചേനയും, ചേമ്പും, കാച്ചിലും, നനകിഴങ്ങും, മധുര ക്കിഴങ്ങ്, കൂർക്ക, വൻ പയർ,ഏത്തക്കായയും ഒക്കെ ചേർത്ത് വറുത്തിട്ട എള്ളും ശർക്കരയും ചേർത്ത ആ വിഭവം മുത്തശ്ശിയുടെ മേൽനോട്ടത്തിലാണ് തയ്യാറാക്കിയത്.
കഴിച്ചു നോക്കൂ മക്കളെ, ഇത് വെറുമൊരു പുഴുക്കല്ല ആരോഗ്യത്തിന്റെ കൂട്ടാണ് കൗമുദി അമ്മ ഓരോരുത്തർക്കും ഇലയിൽ വിളമ്പിക്കൊടുക്കുമ്പോൾ സ്നേഹത്തോടെ പറഞ്ഞു. നഗരത്തിലെ ഫാസ്റ്റ് ഫുഡ് ശീലങ്ങളിൽ നിന്ന് മാറി മണ്ണിൽ വിളഞ്ഞ കിഴങ്ങുകളുടെ രുചി ആസ്വദിച്ചപ്പോൾ കുട്ടികളുടെ മുഖത്തും അത്ഭുതമായിരുന്നു.
തറവാടിന്റെ നടുമുറ്റത്തിരുന്ന് മുത്തശ്ശി പഴയ കഥകൾ തുടർന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം എങ്ങനെയാണ് ഇത്തരം ആഘോഷങ്ങളിലൂടെ ദൃഢമാകുന്നതെന്ന് മുത്തശ്ശി വിവരിച്ചു കൊടുത്തു. ആഷിതയും കൂട്ടരും കൗതുകത്തോടെ അത് കേട്ടിരുന്നു.
ഫോണിലെ നോട്ടിഫിക്കേഷനുകളേക്കാൾ മനോഹരമാണ് മുത്തശ്ശിയുടെ വാക്കുകളെന്ന് അവർക്ക് അന്ന് മനസ്സിലായി.
ആഘോഷങ്ങൾ അവസാനിക്കുകയാണ്. ഓരോരുത്തരും തങ്ങളുടെ നഗര ജീവിതങ്ങളിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. എങ്കിലും എല്ലാവരുടെയും മനസ്സിൽ സ്നേഹകുടീരത്തിലെ ആ നിലാവും പാട്ടുകളും ഒരു മായാത്ത ചിത്രമായി അവശേഷിച്ചു.
മടങ്ങുമ്പോൾ എല്ലാവരുടെയും കയ്യിൽ തറവാട്ടിലെ പറമ്പിൽ ഉണ്ടായ കാർഷിക വിഭവങ്ങളും മുത്തശ്ശിയുടെ സ്നേഹവും പൊതിഞ്ഞു നൽകിയിരുന്നു.
സ്നേഹകുടീരത്തിന്റെ പടികടന്ന് പോകുമ്പോൾ ഓരോരുത്തരും ഒരിക്കൽ കൂടി പിന്നിലേക്ക് തിരിഞ്ഞു നോക്കി. അവിടെ ആ പഴയ തറവാട് ഒരു വലിയ മുത്തശ്ശിയെപ്പോലെ പുഞ്ചിരിച്ചു കൊണ്ട് നിൽപ്പുണ്ടായിരുന്നു. അടുത്ത ധനുമാസത്തിനായി കാത്തിരുന്നുകൊണ്ട്.



