“Health is not valued till Sickness comes.”
Thomas Fuller
ഈ വർഷം നിരവധി മരണങ്ങളിലൂടെ ഷിഗെല്ല പടർന്നേറുമ്പോൾ നമ്മളൊക്കെ വളരെ ജാഗരൂകരായി ഈയൊരു ബാക്ടീരിയക്കൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു എന്നു തന്നെ പറയാം.
ഷിഗെല്ലയുടെ പ്രധാന ലക്ഷണങ്ങളെക്കുറിച്ചും മറ്റു പ്രതിരോധങ്ങളെക്കുറിച്ചുമുള്ള ബോധവൽക്കരണം പൊതുജനങ്ങൾക്കിടയിൽ വലിയപ്രചാരത്തിൽ എത്തിക്കഴിഞ്ഞു എന്നതിനൊപ്പം, അതിനെതിരെയുള്ള സുരക്ഷാ മുൻകരുതലുകൾ എന്നതിലുപരി അവ ഏറെ ആശങ്കകളും ഭീതിയും കൂടി വളർത്തിയിട്ടുണ്ട്.
ചെറിയ ഒരു വയറിളക്കത്തെ, പനിയെ, വയറുവേദനയെ, ഛർദ്ദിയെ ഒക്കെ മുമ്പില്ലാത്ത വണ്ണം പരിഗണിക്കാൻ തുടങ്ങിയവരെ, സംശയിക്കാൻ തുടങ്ങിയവരെ, കരുതൽ ആക്കാൻ തുടങ്ങിയവരെ ഒക്കെ നമ്മുടെ കൺമുന്നിൽ, അനുഭവത്തിൽ കണ്ടു തുടങ്ങിയിരിക്കുന്നു എന്നതാണ് സത്യം.
എങ്കിൽപോലും! ഇവയെ എല്ലാം ലംഘിച്ച് ഇടയ്ക്കിടെ ഷിഗെല്ല മൂലം സംഭവിക്കുന്ന മരണങ്ങൾ വാർത്തകൾ ആകുമ്പോൾ വീണ്ടും സമൂഹം ഒരു ഞെട്ടലോടെ അതിനെ നോക്കി കാണുന്നു എന്നുള്ള കാര്യം കൂടി ഓർമ്മപ്പെടുത്തട്ടെ.
ഏതൊരു രോഗത്തെക്കുറിച്ചുമുള്ള അറിവും, ഗ്രാഹ്യവും പഠനവും കരുതലും, ശ്രദ്ധയും, ചർച്ചകളും ഒക്കെ വളരെയേറെ മനുഷ്യർക്ക് ഗുണപ്രദമാണ്… ആശ്വാസകരമാണ് എന്നിരുന്നാലും, ചിലപ്പോഴെങ്കിലും! നമ്മൾ എത്ര മുൻകരുതുകൾ എടുത്താലും ഏതു വഴിയിലൂടെ എങ്കിലും രോഗങ്ങൾ നമ്മളെ പിടികൂടുന്നു… വരിഞ്ഞു മുറുക്കുന്നു.
അപ്പോഴും നമുക്ക് ഒരു കാര്യത്തിൽ വളരെയേറെ ശ്രദ്ധ ചെലുത്താൻ പറ്റും? ആ രോഗങ്ങളെക്കുറിച്ച്, അവ മറ്റുള്ളവരിലേക്ക് പകരുന്നതിനെക്കുറിച്ച് നമ്മൾ ഗ്രഹിച്ചു വച്ചിരിക്കുന്ന അറിവുകൾ വച്ച് വളരെ കരുതലോടെ നമുക്ക് പെരുമാറാൻ പറ്റും. മറ്റുള്ളവരിലേക്ക് രോഗം പടർന്നു പിടിക്കാതിരിക്കാനുള്ള നമ്മുടെ ഭാഗത്തുനിന്നുള്ള സുരക്ഷാനടപടികളെ പിന്തുടരാൻ കഴിയും… അല്ലെങ്കിൽ കഴിയണം!
മറുഭാഗത്ത് നിന്നും അങ്ങനെ തന്നെയായിരിക്കണം! നമുക്ക് ഏറ്റവും പ്രിയപ്പെട്ടവർ നമ്മളെ ഹൃദയത്തോട് ചേർത്ത് നിർത്തി ശുശ്രൂഷിക്കുമ്പോഴും, നമ്മളെപ്പോലെ രോഗം അവർക്ക് അത്രയേറെ പ്രിയപ്പെട്ടതാകരുത്. അത് കരുതൽ തന്നെ ആകണം. നമ്മളോടും അവരോടും, സമൂഹത്തോടും ഉള്ള കരുതൽ.
ഇനി… എന്തുകൊണ്ട് ഷിഗെല്ല അണുബാധ വളരെ എളുപ്പത്തിൽ ഒരു പകർച്ചവ്യാധി ആകുന്നു എന്ന് നോക്കാം.
രോഗം വന്ന ഒരാളിൽ നിന്നും മറ്റുള്ളവരിലേക്ക് പ്രധാനമായും ഈ രോഗം പകരുന്നത് ‘ഫീക്കൽ ഓറൽ’ (Fecal-oral) വഴിയാണ്.ദഹന വ്യവസ്ഥയെ തകർക്കുന്ന ഒരു ഒരുതരം ബാക്ടീരിയകളുടെ ഒരു വിഭാഗമാണ് ഷിഗെല്ല. രോഗബാധിതനായ ഒരാളുടെ മലത്തിലൂടെ പുറന്തള്ളപ്പെടുന്ന ബാക്ടീരിയകൾ മറ്റൊരാളുടെ ശരീരത്തിൽ കടന്നുകൂടുന്നതുവഴിയാണ് ഈ രോഗം പകരുന്നത്.
മലിനജലം, രോഗിയുമായി നേരിട്ടുള്ള സമ്പർക്കം, ശുചിത്വമില്ലായ്മ, പഴകിയതും കേടായതുമായ ഭക്ഷണസാധനങ്ങൾ കഴിക്കുക, ഇവയിലൂടെയൊക്കെയാണ് രോഗം പകരുന്നത്.
നന്നായി കൈകഴുകുക, തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, പുറത്തുനിന്നുള്ള ഭക്ഷണം കഴിവതും ഒഴിവാക്കുക, തുടങ്ങിയ പ്രതിരോധങ്ങൾ നമുക്ക് സ്വീകരിക്കാം.
ഏതൊരു രോഗത്തിനും തുടക്കത്തിൽ കാണിച്ചാൽ നമുക്ക് വേണ്ട ചികിത്സകൾ ലഭിക്കും. പെട്ടെന്ന് തന്നെ രോഗമുക്തി നേടാം. ഒരു രോഗവും ഗുരുതരമാകുന്ന ഒരവസ്ഥ വരെ ഡോക്ടറെ കാണിക്കാതെ സ്വയം പരീക്ഷണത്തിനായി വച്ച് നീട്ടരുത്.
സമയത്തിനും, ഘട്ടങ്ങൾക്കും, അവസ്ഥകൾക്കും ഒരു രോഗവുമായി ഏറ്റവും അധികം ബന്ധമുണ്ട്.
ഓരോ വ്യക്തിക്കും ഒരു രോഗത്തിൻ്റെ രക്ഷകനും ശിക്ഷകനും ആകാനുള്ള
പ്രാവീണ്യമുണ്ട്. അതിനെ കണക്കിൽ എടുക്കുക. വേണ്ടവിധം തക്ക സമയത്ത് വിനിയോഗിക്കുക. അവിടെ നിന്നുമാണ് രോഗ മുക്തിയുടെയും ആരംഭം.
ഞാൻ തന്നെ എനിക്ക് കാവൽ… മറ്റുള്ളവർക്കും കാവൽ എന്ന് അടിയുറച്ച് വിശ്വസിക്കുക.
രോഗത്തെ തേടി പോകേണ്ടതില്ല? രോഗം നിങ്ങളെ തേടിയെത്തും!
അപ്പോൾ കീഴടങ്ങാതിരിക്കുക. നിങ്ങളെ വിട്ടുകൊടുക്കാതിരിക്കുക
“നിങ്ങളാണ് ശക്തി! രോഗമല്ല.” അതാകട്ടെ ഇനിയുള്ള കാലത്തെ ആപ്തവാക്യം.
“നമുക്ക് ഉണരാം …ഉണർത്താം!”
അടുത്തയാഴ്ച വീണ്ടും മറ്റൊരു വിഷയവുമായി കാണാം.നന്ദി, സ്നേഹം.



