കോഴിക്കോട്.ഒർജിനലിനെ വെല്ലുന്ന വ്യാജനെ വച്ച് താമരശ്ശേരി സർവീസ് സഹകരണ ബാങ്ക് ചുങ്കം, തച്ചംപൊയിൽ ബ്രാഞ്ചുകളിൽ നിന്ന് യുവാവ് തട്ടിയത് 16,33,000 രൂപ. ഈർപ്പോണ സ്വദേശി അബ്ദുൾ മുനീർ മുക്കുപണ്ടം വച്ച് ആവർത്തിച്ച് വിജയിച്ച തട്ടിപ്പ് പൊളിഞ്ഞത് ഇതേ പരീക്ഷണത്തിനായി വീണ്ടും ബാങ്കിൽ എത്തിയപ്പോഴാണ്.
കഴിഞ്ഞ മെയ് എട്ടിന് തുടങ്ങിയതാണ് അബ്ദുൾ മുനീറിൻ്റെ വ്യാജനെ വച്ചുള്ള പരീക്ഷണം. കണ്ടാൽ സ്വർണമല്ലെന്ന് ആരും പറയാത്ത മുക്കുപണ്ടവുമായി ബാങ്കിലെത്തി പണയം വയ്ക്കും. സർവീസ് സഹകരണ ബാങ്കിൻ്റെ മുക്കം ശാഖയിൽ നിന്ന് 27 വരെ അഞ്ച് തവണയായി മുക്കുപണ്ടം പണയപ്പെടുത്തി പത്തരലക്ഷം തട്ടി. ഇതേ ബാങ്കിൻ്റെ തച്ചംപൊയിൽ ശാഖയിൽ ഒരു മാസത്തിനിടെ പല തവണയായി 5,53,300 രൂപയും കൈക്കലാക്കി.
കൊള്ളാമല്ലോ പരിപാടി. പണിക്കൊന്നും പോണ്ട. നല്ലൊരു വരുമാനമായെന്ന് വച്ച മുനീർ ഇന്നലെ വ്യാജനുമായി വീണ്ടും തച്ചംപൊയിൽ ബ്രാഞ്ചിലെത്തി, പക്ഷേ അതിൽ പിഴച്ചു. ജീവനക്കാർ തന്ത്രപൂർവം പ്രതിയെ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിച്ചു. തട്ടിപ്പ് നടത്തിയെങ്കിലും അതിലെ മുനീറിൻ്റെ പെർഫക്ഷനിസത്തിലാണ് ബാങ്ക് വീണ് പോയത്. ഓരോ തവണയും പണയം വച്ചത് BlS HALL MARK മുദ്രയടക്കം കൊത്തിവെച്ച ആഭരണങ്ങളാണ്. പക്ഷേ, പലനാൾ മുനീർ ഒരു നാൾ പിടിയിലായിപ്പോയി. ബാങ്ക് സെക്രട്ടറിയുടെ പരാതിയിൽ കേസെടുത്ത താമരശ്ശേരി പൊലീസ് ഇയാൾ സമാനമായ രീതിയിൽ മറ്റേവിടെയെങ്കിലും തട്ടിപ്പ് നടത്തിയോ എന്ന് പരിശോധിച്ച് വരികയായിരുന്നു.



