Saturday, June 20, 2026
Homeഅമേരിക്കകതിരും പതിരും പംക്തി : (100) 'ഞാൻ എന്ന വ്യക്തി ശക്തി പ്രാപിക്കുന്നു' . ✍...

കതിരും പതിരും പംക്തി : (100) ‘ഞാൻ എന്ന വ്യക്തി ശക്തി പ്രാപിക്കുന്നു’ . ✍ ജസിയഷാജഹാൻ

“You can be defeated by
life’s unavoidable disappointments or you
can become stronger because of them.”

Kay Arthur

ഞാൻ എന്ന വ്യക്തി ശക്തി പ്രാപിക്കുന്നു!

ഈ തവണ ഇങ്ങനെ ഒരു വിഷയം തിരഞ്ഞെടുക്കാൻ ഒരു പ്രത്യേക കാരണമുണ്ട്?
ഈയൊരു വാചകം വായിക്കുമ്പോൾ തന്നെ നിങ്ങൾക്കൊക്കെ അതെന്താണെന്നറിയാൻ ഒരു ആകാംക്ഷയും, ജിജ്ഞാസയും, കൗതുകവും ഒക്കെ തോന്നുന്നില്ലേ? തീർച്ചയായും ഉണ്ട് എന്ന് എനിക്ക് മനസ്സിലാക്കാൻ പറ്റും…കാരണം! ഞാനായാലും ഇതേ ഒരു വികാരം തന്നെയാണ് എന്നിലും ഉദിക്കുക.

ഇനി കാരണം പറയാം… ഈയൊരു പ്ലാറ്റ്ഫോമിൽ വരുമ്പോൾ ഇവിടെ ഇത്രയും നാൾ തുടരുമെന്നോ? തികച്ചും വ്യത്യസ്തങ്ങളായ വിഷയങ്ങളിൽ “നൂറ്”എന്ന് ഏറെ സന്തോഷത്തോടെ, അഭിമാനത്തോടെ പറഞ്ഞു കൊണ്ട് ഇങ്ങനെ ഒരു ലേഖനം എഴുതാൻ പറ്റുമെന്നോ! ചിന്തിച്ചിട്ടുണ്ടായിരുന്നേയില്ല? അവിടെയാണ് “ഞാൻ എന്ന വ്യക്തി ശക്തി പ്രാപിക്കുന്നു” എന്ന ആ ക്യാപ്ഷൻ അർത്ഥവത്താകുന്നത്.

അതൊരു നീണ്ട യാത്രയുടെ തുടക്കമായിരുന്നു എന്ന് മനസ്സിലാക്കണമെങ്കിൽ നമ്മൾ ആ യാത്രയുടെ അടയാളം ചെയ്യപ്പെട്ട ഒരു വഴിയിൽ എത്തി നിൽക്കണം. ഇപ്പോ…ആ വഴിയിൽ നിന്നുകൊണ്ടാണ് ഇന്നത്തെ എൻ്റെ ഈ എഴുത്ത്.

ഇതൊരു തിരിച്ചറിവാണ്. സ്വയം കണ്ടെത്തലാണ്.പിന്നിൽ ചരലുകൾ കൊണ്ട് വേദനിച്ച പാദങ്ങൾ തൊട്ടു മുന്നിലെ കുറച്ചു കൂർത്ത കല്ലുകളെ മറികടന്നപ്പോഴാണ് ആദ്യം ചവിട്ടി വേദനിച്ച ചരലുകൾക്ക് കൂർത്ത കല്ലോളം വരുന്ന അത്രയും മുറിവുകളെ സമ്മാനിക്കാൻ കഴിയില്ലായിരുന്നു എന്നും, അവർ നിസ്സാരക്കാരായിരുന്നു! എന്നും മനസ്സിലാക്കാൻ കഴിഞ്ഞത്. ആ ഒരു ആത്മവിശ്വാസവും കരുത്തും മുന്നോട്ടുള്ള പ്രയാണത്തിന് വഴികാട്ടിയായി.

ഏതൊരു ദുർഘടമായ പാതയിലൂടെ സഞ്ചരിക്കുമ്പോഴും, ലക്ഷ്യം നമ്മെ മാടിവിളിച്ചു കൊണ്ടിരിക്കണം.സ്വന്തം കഴിവുകളെയും പരിമിതികളെയും തിരിച്ചറിയാനുള്ള കഴിവ്,ശേഷി നമുക്കുണ്ടായിരിക്കണം.

വ്യക്തിത്വ വികസനം എന്നത് ഒരു ചെറിയ സർക്കിളിൽ ഒതുങ്ങുന്ന കാര്യമല്ല. നിരന്തരമായ പരിശീലനത്തിലൂടെയും ആത്മപരിശോധനയിലൂടെയും നേടിയെടുക്കേണ്ട ഒന്നാണ്.

നമ്മുടെ ഓരോ ചെറിയ കണ്ടെത്തലുകളും വലിയതൊന്നിനെ തേടുന്നതിലേക്കുള്ള, അന്വേഷിക്കുന്നതിലേക്കുള്ള, അറിയുന്നതിലേക്കുള്ള യാത്രയാണ്.

വീണുകിട്ടുന്ന അവസരങ്ങളെ നിസ്സാരമായി തള്ളിക്കളയാതിരിക്കുക? ഒരു ചെറിയ പരീക്ഷണം എവിടെയും ആകാം.ചെറിയ ചെറിയ പരാജയങ്ങളെ അടിയുറപ്പിക്കുന്ന പാദമൂന്നലുകളായി കണ്ട് മുന്നിൽ അടയാളം ചെയ്യപ്പെടുന്ന പാദമുദ്രകളെ അടിവരയിട്ട് മുന്നേറുക.

സഹവർത്തിത്വവും ആത്മവിശ്വാസവും അരക്കിട്ടുറപ്പിക്കുക.
പുതിയ പുതിയ അറിവുകളിലേക്കും നൂതന സാങ്കേതികവിദ്യകളിലേക്കും ഇറങ്ങിച്ചെല്ലാൻ ഒട്ടും മടിക്കേണ്ട,വൈകിക്കുകയും വേണ്ട! വായനയും ലക്ഷ്യബോധവും വളർത്തിയെടുക്കുക. സ്വന്തം തെറ്റുകളെ ഏറ്റുപറയാൻ മനസ്സുണ്ടായിരിക്കുക.

തന്നാലാവുന്ന സഹായങ്ങൾ മറ്റുള്ളവർക്ക് വേണ്ടി ചെയ്യാനും, അവരെ പിന്തുണയ്ക്കാനും സന്മനസ്സ് ഉണ്ടായിരിക്കുക. ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തുക.

മാറ്റങ്ങളെ ഉൾക്കൊള്ളുക. അവസരോചിതമായി ധൈര്യപൂർവ്വം തീരുമാനങ്ങൾ എടുക്കാനുള്ള കഴിവിനെ ശക്തിപ്പെടുത്തുക. ചുറ്റുമുള്ള എല്ലാത്തിനോടും ഒരു പ്രണയം കാത്തുസൂക്ഷിക്കുക.

കാലം ഒരിക്കലും നമ്മോടൊപ്പം സഞ്ചരിക്കുന്നില്ല! നമ്മൾ കാലത്തോടൊപ്പം സഞ്ചരിക്കുന്നു… ഇവിടെ തുടങ്ങുന്നു…!

“ഞാൻ എന്ന വ്യക്തി ശക്തി പ്രാപിക്കുന്നു…” “നീയെന്ന വ്യക്തി ശക്തി പ്രാപിക്കുന്നു…” “നമ്മൾ ശക്തി പ്രാപിക്കുന്നു…” ഒരു സമൂഹം ശക്തമാകുന്നു.

ഇപ്പോൾ ഞാൻ കാണുന്നുണ്ട് ? എനിക്കേറ്റം പ്രിയപ്പെട്ട ഇളം വയലറ്റ് നിറമുള്ള പൂക്കൾ നിറഞ്ഞ ആ താഴ്‌വര.. പടുകൂറ്റൻ കുന്നിൽ നിന്നും കുത്തനെയുള്ള ഇറക്കത്തിൽ ഞാൻ… എൻ്റെ കണ്ണുകളിൽ നിറയുന്ന മനോഹരമായ വർണ്ണപ്പൊലിമ! കാതുകളിൽ അലയടിക്കുന്ന കുളിർത്ത കാറ്റിൻ്റെ തൂവൽ സ്പർശങ്ങൾ… ഹൃദയം മണക്കുന്ന ഇളം വയലറ്റ് സുഗന്ധം… നിങ്ങളും വരുന്നോ? എന്നോടൊപ്പം ഈ സുഗന്ധത്തിലലിയാൻ!

അപ്പോ… വീണ്ടും അടുത്തയാഴ്ച മറ്റൊരു വിഷയവുമായി കാണാം.നന്ദി, സ്നേഹം.

ജസിയഷാജഹാൻ✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com