തന്റെ പ്രവാസ ജീവിതത്തിനിടയിൽ പരിചയപ്പെട്ട ഒരുപറ്റം മനുഷ്യരുടെ സ്വപ്നങ്ങളും, ആകുലതകളും, നന്മകളും അടയാളപ്പെടുത്തുന്ന പതിനൊന്നു കഥകളുടെ സമാഹാരമാണ് റോമി ബെന്നിയുടെ ‘ഗലൂത്’ -മണലാരണ്യത്തിൽ വിരിഞ്ഞ പൂക്കൾ’.
പ്രവാസം എന്നത് മനുഷ്യർ പരസ്പരം തിരിച്ചറിയുന്ന, സ്നേഹത്തിന്റെ വസന്തങ്ങൾ വിരിയുന്ന ഒരിടം കൂടിയാണെന്ന് ഈ കഥകൾ വായനക്കാരെ ഓർമ്മിപ്പിക്കുന്നു.
എഴുത്തുകാരി സൂക്ഷ്മതയോടെയും കരുണയോടെയും ചുറ്റുമുള്ള മനുഷ്യരെ നോക്കിക്കണ്ടതുകൊണ്ടാണ് ഇതിലെ കഥാപാത്രങ്ങൾക്ക് ഇത്രയേറെ ജീവസ്സുറ്റ ഭാവം കൈവന്നത്. അവ കേവലം ഭാവനകളല്ല, മറിച്ച് മണലാരണ്യത്തിലെ മണ്ണിൽ തൊട്ടറിഞ്ഞ യാഥാർത്ഥ്യങ്ങളാണെന്ന് ഓരോ കഥകളിലൂടെയും കടന്നു പോകുമ്പോൾ നമുക്ക് ബോധ്യമാകും.
നാം കണ്ടുമുട്ടുന്ന ഓരോ വ്യക്തിയുടെയും ജീവിതം ഒരു കഥയാണ്. പക്ഷേ ചിട്ടയായ പദങ്ങളുടെ ക്രമപ്പെടുത്തലുകളിലൂടെയും സർഗാത്മകതയുടെയും മേമ്പടിയോടെ അത് കഥാ ശില്പങ്ങളായി മാറണമെങ്കിൽ ജന്മസിദ്ധമായ എഴുത്തു വാസന ഉള്ളവർക്ക് മാത്രമേ കഴിയൂ. അതുകൊണ്ടാണ് മണലാരണ്യത്തിലെ ചുട്ടുപൊള്ളുന്ന അന്തരീക്ഷത്തിൽ റോമി കണ്ടുമുട്ടിയ സാധാരണ മനുഷ്യരുടെ ഉള്ളിലെ ആരുമറിയാത്ത നോവുകളും സ്വപ്നങ്ങളും മനോഹരമായ കഥകളായി മാറിയത്.

ഒറ്റ വായനയിൽ തന്നെ പല കഥാപാത്രങ്ങളും വായനക്കാരുടെ ഹൃദയത്തിലേക്ക് നേരിട്ട് പതിയുന്നു. ‘ഇംതിയാസ്’ എന്ന കഥയിലെ പാക്കിസ്ഥാനി വിദ്യാർഥിയായ ഇംതിയാസ് ഇത്തരത്തിലൊരു കഥാപാത്രമാണ്. തീർച്ചയായും വായനക്കാരന്റെ മനസ്സിൽ വൻ ഒരു നൊമ്പരമായി അവശേഷിക്കും…
ലളിതവും ഹൃദ്യവുമായ ഭാഷാശൈലിയാണ് എഴുത്തുകാരി സ്വീകരിച്ചിരിക്കുന്നത്. പ്രവാസികളുടെ ആത്മസംഘർഷങ്ങളും നൊമ്പരങ്ങളും ഒട്ടും ചോർന്നുപോകാതെ ആവിഷ്കരിക്കാൻ ഈ ശൈലിക്ക് കഴിഞ്ഞിട്ടുണ്ട്.
പ്രവാസ ജീവിതത്തിന്റെ ആഴങ്ങളിലേക്ക് വെളിച്ചം വീശുന്ന ഈ കൃതി, സമകാലിക മലയാള സാഹിത്യത്തിൽ വേറിട്ടുനിൽക്കുന്ന ഒന്നാണ്. ചെറുകഥയെ ഇഷ്ടപ്പെടുന്നവർ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമാണ് ഗലൂത്.




നല്ല വിലയിരുത്തൽ.വളരെ ചുരുങ്ങിയ വാക്കുകളിലൂടെ പുസ്തകം വായിക്കാൻ പ്രേരിപ്പിക്കുന്ന പുസ്തകാ വതരണം.👍
ഭാഷയുടെ വശ്യതകൊണ്ടും അവതരണത്തിൻ്റെ രീതികൊണ്ടും ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു ഗലൂത്.ചില കഥാപാത്രങ്ങൾ ഇപ്പൊഴും നൊമ്പരപ്പെടുത്തുന്ന ഓർമ്മയായി ബാക്കിയാകുന്നു.വായനാനുഭവത്തിന്റെ നഷ്ടപ്പെട്ടുപോയൊരു കാലത്തിലേക്ക് ഈ വായനയിലൂടൊരു തിരികെ യാത്ര.
പുസ്തകപരിചയപ്പെടുത്തലിൽ പറയുമ്പോലെ വായനക്കാരന്റെ മനസ്സിൽ നൊമ്പരമുണർത്തി കടന്നുപോകുന്നവരാണ് ഇതിലെ എല്ലാ കഥാപാത്രങ്ങളും’ ജീവിത പരിസരത്തെ കരുണയുടെ കണ്ണു കൊണ്ട് നോക്കി കാണുന്ന നൻമ നിറഞ്ഞ കഥാകൃത്തിന്റെ മനസ്സാണ് ഞാനിക്കഥകളിലെല്ലാം കണ്ടത്.
വായനക്കാർക്ക് നല്ലൊരു വായനാനുഭവം സമ്മാനിക്കുന്നു ഗലൂത് എന്നതിൽ സംശയമില്ല.
“ഗലൂത് എന്ന പ്രവാസ കഥകളിലൂടെ നല്ലൊരു വായനാനുഭവം ആണ് എഴുത്തുകാരി നൽകുന്നത് ഭാഷാശൈലിയും ഹൃദയസ്പർശമാണ്…..നല്ല വിലയിരുത്തൽ അഭിനന്ദനങ്ങൾ റോമി ബെന്നിക്ക്❤️❤️❤️
👏🏻👏🏻
പുസ്തകം വായിക്കാൻ തോന്നുന്ന വിധത്തിൽ മനോഹരമായി പരിചയപ്പെടുത്തിയ സജി മാഷിന് ഒത്തിരി നന്ദി.
അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ മായാദേവി,
പ്രമോദ്, സജീവ്, റീമ , റിഥിൻ
എല്ലാവർക്കുംThank You
Congratulations, Really good story.
Wishing you even more success in the
future.