സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല ബാധിച്ച് മരണം. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരൻ മലപ്പുറം കോഡൂർ സ്വദേശിയായ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് മരിച്ചത്. ഈ മാസം 12 ന് പനിയും വയറിളക്കത്തെയും തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യഘട്ടത്തിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടിയെങ്കിലും ആരോഗ്യനില മോശമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ഇന്നലെ കോഴിക്കോട് ജില്ലയിൽ മാത്രമായി 2 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കുന്ദമംഗലം സ്വദേശിയായ ഒരു വയസുകാരനും പയ്യോളി സ്വദേശിയായ ഒൻപത് വയസുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്.
കേരളത്തിൽ ഇതുവരെ 135 ഓളം കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതിൽ തന്നെ 68 ഓളം കേസുകൾ കോഴിക്കോട് ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ മാസം 13 ഓളം ഷിഗെല്ല കേസുകളാണ് കോഴിക്കോട് ജില്ലയിൽ സ്ഥിരീകരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത 4 മരണങ്ങളിൽ 3 ഉം കോഴിക്കോട് ജില്ലയിൽ നിന്നാണ്.



