Tuesday, July 14, 2026
Homeസിനിമ80കളിലെ വസന്തങ്ങൾ: 'ഭരതൻ' ✍ആസിഫ അഫ്രോസ് ബാംഗ്ലൂർ

80കളിലെ വസന്തങ്ങൾ: ‘ഭരതൻ’ ✍ആസിഫ അഫ്രോസ് ബാംഗ്ലൂർ

ഭരതൻ – ഫ്രെയിമുകളിൽ കവിതയെഴുതിയ
മലയാള സിനിമയുടെ സൗന്ദര്യശിൽപി!

ഒരു ചിത്രകാരന്റെ ഭാവനയും കവിയുടെ ഹൃദയവും സംവിധായകന്റെ കാഴ്ചപ്പാടും ഒരുമിച്ചുചേർന്നപ്പോൾ മലയാള സിനിമയ്ക്ക് ലഭിച്ചത് ഭരതൻ എന്ന മഹാപ്രതിഭയെയായിരുന്നു. ഭരതന്റെ സംവിധാന ശൈലിയുടെ ഏറ്റവും വലിയ പ്രത്യേകത ദൃശ്യങ്ങളുടെ മനോഹാരിതയായിരുന്നു. ഒരു ചിത്രകാരന്റെ കണ്ണിലൂടെ സിനിമയെ കണ്ട അദ്ദേഹം ഓരോ ഫ്രെയിമിനെയും ജീവനുള്ള ചിത്രമാക്കി മാറ്റി. പ്രകൃതിയും വെളിച്ചവും മഴയും കാറ്റും പോലും അദ്ദേഹത്തിന്റെ സിനിമകളിൽ കഥാപാത്രങ്ങളെപ്പോലെ ജീവിച്ചിരുന്നു. സംഭാഷണങ്ങളെക്കാൾ നിശ്ശബ്ദതയ്ക്കും മുഖഭാവങ്ങൾക്കും പ്രാധാന്യം നൽകിയ അദ്ദേഹത്തിന്റെ സിനിമകൾ മനുഷ്യഹൃദയത്തിന്റെ ആഴങ്ങളിലേക്കാണ് സഞ്ചരിച്ചത്. സിനിമയുടെ പോസ്റ്ററുകൾ അദ്ദേഹം തന്നെ സ്വന്തമായി രൂപകൽപ്പന ചെയ്യുമായിരുന്നു.

1946 നവംബർ 14-ന് തൃശ്ശൂരിലെ വടക്കാഞ്ചേരിയിൽ ജനിച്ച അദ്ദേഹം പ്രശസ്ത ചലച്ചിത്ര സംവിധായകനായിരുന്ന പി. എൻ. മേനോന്റെ ജേഷ്ഠ പുത്രനായിരുന്നു. സ്കൂൾ ഓഫ് ഫൈൻ ആർട്സിൽ നിന്നും ഡിപ്ലോമ നേടിയ ശേഷം ഒരു കലാസംവിധായകനായിട്ടായിരുന്നു മലയാള സിനിമാലോകത്തേക്ക് എത്തിയത്. തോപ്പിൽഭാസിയുടെയും എ. വിൻസന്റിന്റെയും ചിത്രങ്ങൾക്ക് കലാസംവിധാനം നിർവഹിച്ച ശേഷം തിരക്കഥാകൃത്തായും സംവിധായകനായും തന്റെ പ്രതിഭ തെളിയിച്ചു.

ചിത്രകലയിലൂടെ ആരംഭിച്ച അദ്ദേഹത്തിന്റെ സൃഷ്ടിപരമായ യാത്ര പിന്നീട് മലയാള സിനിമയുടെ ദൃശ്യഭാഷ തന്നെ മാറ്റിമറിച്ച സംവിധാന മികവിലേക്ക് വളർന്നു. 1975-ൽ പുറത്തിറങ്ങിയ, പത്മരാജൻ തിരക്കഥ എഴുതിയ, പ്രയാണം എന്ന ചിത്രത്തിലൂടെ അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചു. ആ വർഷത്തെ മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ പുരസ്കാരം പ്രയാണം എന്ന സിനിമ നേടി. അങ്ങനെ ഭരതൻ- പത്മ രാജൻ കൂട്ടുകെട്ട് മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിന്റെ ഒരേടായി മാറി.

അഭിനേതാക്കൾക്ക് അമിത നിർദ്ദേശങ്ങൾ നൽകാതെ അവരുടെ സ്വാഭാവിക പ്രകടനങ്ങളെ പുറത്തുകൊണ്ടുവരാൻ അദ്ദേഹം പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ അഭിനയിച്ച പലർക്കും കരിയറിലെ ഏറ്റവും മികച്ച മുഹൂർത്തങ്ങൾ സമ്മാനിക്കപ്പെട്ടു.

ഭരതന്റെ ചലച്ചിത്രയാത്ര നിരവധി ക്ലാസിക്കുകളാൽ സമ്പന്നമാണ്. തകര, ചാമരം, കാറ്റത്തെ കിളിക്കൂട്, പാളങ്ങൾ, വൈശാലി, അമരം, വെങ്കലം, മാളൂട്ടി, രതിനിർവേദം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, പാഥേയം, താഴ്വാരം, കാതോട് കാതോരം, ചിലമ്പ് തുടങ്ങി അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങൾ മലയാള സിനിമയുടെ നിത്യഹരിത വിസ്മയങ്ങളാണ്. പ്രത്യേകിച്ച് വൈശാലിയും അമരവും മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളായി വിലയിരുത്തപ്പെടുന്നു. കാലം എത്ര മുന്നോട്ടു പോയിട്ടും ഈ സിനിമകളുടെ കലാമൂല്യവും വികാരതീവ്രതയും മങ്ങിപ്പോയിട്ടില്ല.

ഭരതന്റെ സിനിമകൾ പോലെ തന്നെ അവയിലെ ഗാനങ്ങളും അനശ്വരങ്ങളാണ്. ചാമരം എന്ന ചിത്രത്തിലെ “നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ”, ”വൈശാലിയിലെ “ഇന്ദ്രനീലിമയോലും”, “ദും ദും ദും ദുന്ദുഭി നാദം”, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടത്തിലെ ” മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി”, അമരത്തിലെ ” അഴകേ നിൻ..”, കാതോട് കാതോരത്തിലെ ” നീയെൻ സർഗ്ഗ സൗന്ദര്യമേ”, തുടങ്ങിയ ഗാനങ്ങൾ ഇന്നും മലയാളികളുടെ പ്രിയ ഗാനങ്ങൾ തന്നെ. കൂടാതെ “താരം വാൽക്കണ്ണാടി നോക്കി” എന്ന ഗാനം സ്വന്തമായി ചിട്ടപ്പെടുത്തി അദ്ദേഹം തന്റെ പ്രതിഭയ്ക്ക് മറ്റൊരു പൊൻതൂവൽ കൂടി ചാർത്തി.

അംഗീകാരങ്ങളുടെയും പുരസ്കാരങ്ങളുടെയും കാര്യത്തിലും ഭരതൻ മലയാള സിനിമയുടെ അഭിമാനമായിരുന്നു. മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി സംസ്ഥാന പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. ദേശീയതലത്തിലും അദ്ദേഹത്തിന്റെ പ്രതിഭ അംഗീകരിക്കപ്പെട്ടു. അദ്ദേഹം സംവിധാനം ചെയ്ത തമിഴ് ചിത്രം “തേവർ മകൻ” ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച തമിഴ് ഫീച്ചർ ഫിലിമിനുള്ള ദേശീയ പുരസ്കാരം നേടി.

കലാജീവിതത്തിൽ മാത്രമല്ല, കുടുംബജീവിതത്തിലും ഭരതൻ സിനിമയുമായി ആഴത്തിൽ ബന്ധപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ജീവിതപങ്കാളി മലയാള സിനിമയുടെ പ്രിയ അഭിനേത്രിയായ കെ.പി.എ.സി. ലളിതയായിരുന്നു. മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ കലാദമ്പതികളായിരുന്ന ഇവർ കലയും ജീവിതവും ഒരുപോലെ പങ്കുവെച്ചവരായിരുന്നു. ഇവരുടെ മകനായ സിദ്ധാർഥ് ഭരതൻ അഭിനേതാവായും സംവിധായകനായും മലയാള സിനിമയിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇന്ന് ഭരതൻ എന്ന സംവിധായകന്റെ സിനിമകളും ഗാനങ്ങളും മാത്രമല്ല, അദ്ദേഹം കൈമാറിയ കലാപാരമ്പര്യവും മലയാള സിനിമയുടെ സാംസ്കാരിക സമ്പത്തിന്റെ ഭാഗമായി നിലനിൽക്കുന്നു.

1998 ജൂലൈ 30-ന് തന്റെ 52 ആമത്തെ വയസ്സിൽ ഭരതൻ ഈ ലോകത്തോട് വിടപറഞ്ഞെങ്കിലും അദ്ദേഹം സൃഷ്ടിച്ച ദൃശ്യവിസ്മയങ്ങൾ ഇന്നും മലയാളികളുടെ മനസ്സിൽ ജീവിച്ചിരിക്കുന്നു. മലയാള സിനിമയുടെ ആകാശത്ത് അദ്ദേഹം തെളിച്ച കലയുടെ ദീപ്തി ഒരിക്കലും അണയുകയില്ല; ഓരോ തലമുറയും ആ വെളിച്ചത്തിൽ വീണ്ടും വീണ്ടും ഭരതനെ കണ്ടെത്തിക്കൊണ്ടേയിരിക്കും.
പ്രിയ പ്രതിഭയ്ക്ക് സ്നേഹാദരങ്ങളോടെ പ്രണാമം.

ആസിഫ അഫ്രോസ് ബാംഗ്ലൂർ✍

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com