കൊല്ലം: ശാസ്താംകോട്ടയിൽ നീല സ്കൂട്ടറിലെത്തി പെൺകുട്ടികളെ അതിക്രമിച്ച ശേഷം കടന്നുകളയുന്ന അജ്ഞാതനെ കണ്ടെത്താനാകാതെ വലഞ്ഞ് പൊലീസ്. ഒരാഴ്ചയ്ക്കിടെ കൊല്ലം റൂറൽ പൊലീസിന്റെ വിവിധ സ്റ്റേഷൻ പരിധികളിലായി സമാനമായ മൂന്ന് സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. വീടുകളോ നിരീക്ഷണ ക്യാമറകളോ (CCTV) ഇല്ലാത്ത ഒറ്റപ്പെട്ട സ്ഥലങ്ങൾ കൃത്യമായി മനസ്സിലാക്കിയാണ് പ്രതി പെൺകുട്ടികളെ ലക്ഷ്യമിടുന്നത്
പുതിയ അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവ ദിവസം ശൂരനാട് പോലീസ് സ്റ്റേഷൻ പരിധിയിലെ ചക്കുവള്ളി-മലനട റോഡിലായിരുന്നു ആദ്യ സംഭവം. ബസിറങ്ങി വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന വിദ്യാർഥിനിയെ ഇയാൾ കടന്നു പിടിക്കുകയായിരുന്നു. ഇരുവശവും വലിയ മതിലുകളുള്ള വിജനമായ ചെറിയ റോഡിലൂടെ പെൺകുട്ടി ഒറ്റയ്ക്ക് നടന്നു പോകുമ്പോഴാണ് പ്രതി സ്കൂട്ടറിലെത്തിയത്. ആദ്യം പെൺകുട്ടിയെ മറികടന്ന് നൂറുമീറ്ററോളം മുന്നോട്ട് പോയ പ്രതി, പിന്നീട് സ്കൂട്ടർ തിരിച്ചു വന്നാണ് പെൺകുട്ടിയെ ആക്രമിച്ചത്. ശേഷം അതിവേഗം സ്കൂട്ടർ ഓടിച്ചുപോവുകയായിരുന്നു
അതേദിവസം തന്നെ കിഴക്കേ കല്ലടയിലെ നിലമേൽ ഭാഗത്തും സമാനമായ രീതിയിൽ മറ്റൊരു പെൺകുട്ടിക്ക് നേരെയും അതിക്രമമുണ്ടായി. നീല സ്കൂട്ടറിലെത്തിയ ആൾ തന്നെയാണ് ഇതിന് പിന്നിലുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം ശാസ്താംകോട്ട സ്റ്റേഷൻ പരിധിയിൽ പടിഞ്ഞാറേകല്ലട തോപ്പിൽ കടവിൽ ഉച്ചയ്ക്ക് സൈക്കിളിൽ വന്ന വിദ്യാർഥിനി ആക്രമിക്കപ്പെട്ടു. സ്കൂൾ വിട്ട് കൂട്ടുകാരോടൊപ്പം വരികയായിരുന്ന പെൺകുട്ടി ഒറ്റയ്ക്കായതോടെയാണ് ആക്രമണം.
ഈ സമയം സ്കൂട്ടറിൽ പിന്നാലെയെത്തിയ പ്രതി പെൺകുട്ടിയുടെ സൈക്കിൾ ഇടിച്ചു വീഴ്ത്തുകയായിരുന്നു. തുടർന്ന് കുട്ടിയെ കടന്നുപിടിക്കുകയും കഴുത്തിലെ മാല പൊട്ടിക്കാൻ ശ്രമിക്കുകയും ചെയ്തു. ഭയന്നുപോയ പെൺകുട്ടി നിലവിളിച്ചുകൊണ്ട് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയതോടെയാണ് അക്രമി സ്കൂട്ടർ ഓടിച്ചു കടന്നുകളഞ്ഞത്
തുടർച്ചയായി ഉണ്ടാകുന്ന മൂന്ന് അതിക്രമങ്ങളിലും പോക്സോ (POCSO) അടക്കമുള്ള കർശന വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ, പ്രതിയെക്കുറിച്ച് കൃത്യമായ ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല. പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ടെങ്കിലും പ്രതി ഉപയോഗിക്കുന്നത് വ്യാജ രജിസ്ട്രേഷൻ നമ്പറുള്ള സ്കൂട്ടറാണെന്നാണ് സംശയിക്കുന്നത്.



