കോഴിക്കോട്: കല്ലായി പാലത്തിന് സമീപം ഫുട്പാത്തിൽ ഉറങ്ങിക്കിടന്നവർക്ക് മേൽ കാർ ഇരച്ചുകയറി ഏഴുപേർക്ക് പരിക്ക്. ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. തമിഴ്‌നാട് കടലൂർ സ്വദേശികളായ രാമയ്യ(55), വീരയ്യ(56), ധനലക്ഷ്മി(53), അയ്യമ്മ(53), അരുമകണ്ണൻ(56), ശക്തിവേൽ(57), കാമിനി (52) എന്നിവർക്കാണ് പരിക്കേറ്റത്.
കല്ലായി പാലത്തിന്റെ വടക്കുവശത്തെ ഫുട്പാത്തിൽ കിടന്നുറങ്ങുകയായിരുന്നു സംഘത്തിനുമേലാണ് കാർ പാഞ്ഞുകയറിയത് . പരിക്കേറ്റ രാമയ്യയുടെ നില അതീവ ഗുരുതരമാണ്. ഇവരുടെ ഇരു കാലുകളുടെയും എല്ലുകൾ തകരുകയും വാരിയെല്ലിനും താടിയെല്ലിനും ഒടിവ് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലുള്ള രാമയ്യയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം മാത്രമേ ശസ്ത്രക്രിയ നടത്തുകയുള്ളൂ എന്ന് ഡോക്ടർമാർ അറിയിച്ചു.
അപകടമുണ്ടാക്കിയ ശേഷം കാർ നിർത്താതെ കോഴിക്കോട് നഗര ഭാഗത്തേക്ക് അമിതവേഗതയിൽ ഓടിച്ചുപോയി. എന്നാൽ എതിർദിശയിൽ വന്ന മറ്റൊരു കാറിലുണ്ടായിരുന്നവർ ഇത് കണ്ട് അപകടമുണ്ടാക്കിയ വാഹനത്തെ പിന്തുടർന്നു. തുടർന്ന് പുഷ്പ ജംഗ്ഷന് സമീപം വെച്ച് കാർ തടയുകയും യാത്രക്കാരായ യുവാക്കളെ പിടികൂടുകയുമായിരുന്നു. മലപ്പുറം ഐക്കരപ്പടി സ്വദേശി മുഹമ്മദ് ഫർസാൻ, ചേലേമ്പ്ര സ്വദേശി ആദിൽ ഷാൻ എന്നിവരാണ് കാറിലുണ്ടായിരുന്നത്.
പിടികൂടിയ യുവാക്കളെ ഉടൻ തന്നെ പോലീസിന് കൈമാറിയെങ്കിലും ഇവരെ നോട്ടീസ് നൽകി വിട്ടയച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പ്രതികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മദ്യപാനമോ മയക്കുമരുന്ന് ഉപയോഗമോ സംബന്ധിച്ച പരിശോധനകൾ നടത്തിയില്ലെന്ന് ആക്ഷേപമുണ്ട്. കാറിൽ നിന്ന് സംശയാസ്പദമായ വസ്തുക്കൾ കണ്ടെടുത്തതായി ടൗൺ അസി. കമ്മീഷണർ കെ.വി. പ്രമോദൻ അറിയിച്ചു. നിലവിൽ കസബ പോലീസ് കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.



