കോന്നി: കാനന സൗന്ദര്യത്താലും, കുട്ടവഞ്ചി സവാരിയാലും പ്രശസ്തമായ അടവിയിൽ സഞ്ചാരികൾക്കായി ഹൊറർ ഹൗസും, പെഡൽ ബോട്ടും ആരംഭിക്കുന്നു. നിർമ്മാണം അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോന്നി ഡി എഫ് ഓ ആയുഷ്കുമാർ കോറി ഐ ഐ.എഫ്.എസ് അധ്യക്ഷനായി.
അടവിയിൽ നടന്ന നിർമ്മാണ ഉദ്ഘാടനത്തിൽ ജനപ്രതിനിധികളും, വനം വകുപ്പ് ഉദ്യോഗസ്ഥരും, വന സംരക്ഷണ സമിതി അംഗങ്ങളും, പൊതുജനങ്ങളും പങ്കെടുത്തു. കൂടുതൽ സഞ്ചാരികളെ അടവിയിലേക്ക് ആകർഷിക്കാൻ പുതിയ പദ്ധതികൾ ആവിഷ്കരിക്കാൻ ഒരു മാസം മുൻപ് എം.എൽ.എ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനിച്ചിരുന്നു.ഇതിൻ്റെ ഭാഗമായാണ് വനം വകുപ്പ് ഹൊറർ ഹൗസ്, പെഡൽ ബോട്ട് എന്നിവ നടപ്പിലാക്കുന്നത്.
തെക്കൻ കേരളത്തിൽ ആദ്യമായാണ് ഹൊറർ ഹൗസ് സ്ഥാപിക്കുന്നത്. ആളുകളെ അത്ഭുതലോകത്തിൽ എത്തിക്കുന്ന ഹൊറർ ഹൗസ് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് നിർമ്മിക്കുന്നത്. പൂർണ്ണമായും സെൻസറുകളാൽ നിയന്ത്രിക്കുന്ന ഹൊറർ ഹൗസിൽ ശബ്ദ വെളിച്ച സജ്ജീകരണം ഏവരെയും ആകർഷിക്കും.
ഡ്രം ഗോസ്റ്റ്, ഹാങ്ങിംഗ് സോംബി, കോഫിർ റെയ്സ്, ഫോട്ടോ ഫ്രെയിം ,ലഗ് ടിക്കിളിംഗ്, ചെയർ സ്ക്രീമർ തുടങ്ങി ഭയം ജനിപ്പിക്കുന്ന നിരവധി സംവിധാനങ്ങളാണ് ഹൊറർ ഹൗസിൽ ഒരുക്കുന്നത്.
കുട്ടികൾക്കായാണ് പെഡൽ ബോട്ടുകൾ ഒരുക്കുന്നത്. പ്രത്യേകമായി നിർമ്മിക്കുന്ന കുളത്തിലാണ് പെഡൽ ബോട്ട് സജ്ജമാക്കുക.
മുതിർന്നവർ കുട്ട വഞ്ചി സവാരി നടത്തുമ്പോൾ കുട്ടികൾക്ക് പെഡൽ ബോട്ട് സവാരി ഒരുക്കുന്നത് കൂടുതൽ കുട്ടികളെ അടവിയിലേക്ക് ആകർഷിക്കും.
ഒന്നര മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി സഞ്ചാരികൾക്കായി തുറന്നു നൽകുമെന്ന് എം.എൽ.എ പറഞ്ഞു. നവീകരണ പ്രവർത്തനങ്ങളിലൂടെയും, പുതിയ പദ്ധതികളിലൂടെയും അടവിയിൽ നിലവിൽ എത്തുന്നതിൻ്റെ ഇരട്ടി സഞ്ചാരികളെ എത്തിക്കാൻ കഴിയുമെന്നും എം.എൽ.എ പറഞ്ഞു.



