തൂവിക്കളഞ്ഞല്ലൊ കാലമേ നീയെൻ്റെ
ചേർത്തെഴുത്തീടുകളിത്രവേഗം
മാറ്റിയെഴുതുവാൻ കൂട്ടിയിണക്കുവാൻ
ബാക്കിയായ്ത്തീർന്നതീയോർമ്മമാത്രം
മൗനരാഗങ്ങളിൽ മൂടിപ്പുതച്ചൊരാ
പോയകാലത്തിൻ്റെ കാല്പാടുകൾ
കൗമാരകൗതുകം കൂട്ടിവെച്ചിട്ടുള്ള
എത്രയോ മഞ്ചാടിമുത്തുകളും
ആയിരംനാവാലും ചൊല്ലിയാൽ
തീരാത്ത
ചോരത്തിളപ്പിൻ്റെ യൗവ്വനവും
പ്രണയാദ്രരാവുകൾ പകലുകളാക്കിയ
നിമിഷങ്ങളെത്രയുണ്ടോർമ്മകളിൽ
സായന്തനത്തിലീയേകാന്തവീഥിയിൽ
ഒറ്റയ്ക്കുനിൽപ്പുഞാനേകനായി
കാലം വരച്ചിട്ട വർണ്ണചിത്രത്തിലെ
കരിമഷിക്കോലമതെന്നപോലെ



