അവതാരപുരുഷനായ ഭാര്‍ഗവരാമന്റെ കഥ കേരളചരിത്രത്തെയും സംസ്കാരത്തേയും സാരമായി സ്വാധീനിച്ചിട്ടുണ്ട്. ‘കേരളോല്‍പ്പത്തി,’ ‘കേരളോല്പത്തി കിളിപ്പാട്ട’, മഹാകവി കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ‘കേരളചരിത്രകാവ്യം’ എന്നീ കൃതികള്‍ കേരളത്തിന്റെ ചരീത്രാതീതകാലത്തെ ഈ കഥയോട് ബന്ധപ്പെടുത്തുന്നുണ്ട്. കേരളോല്പത്തി കിളിപ്പാട്ട് (സാഹിത്യപ്രവര്‍ത്തക സഹരണസംഘം) അതിന്റെ ”ഗോകര്‍ണോദ്ധാരണം’ എന്ന ഒന്നാം ഖണ്ഡം പരശുാമന്‍ മഴുവെറിഞ്ഞു വീണ്ടെടുത്തുവെന്ന കഥയുടെ പിന്നാമ്പുറം വിസ്തരിക്കുന്നു. മാമാങ്കോദ്ധരണം എന്ന രണ്ടാം ഭാഗത്തില്‍ കഥ പതുക്കെ പതുക്കെ സ്ഥല-കാലബന്ധിതമായ ചരിത്രമായി ചുവടുമാറുന്നു. അവതാരപുരുഷനായ ഭാര്‍ഗവരാമന്റെ കഥ കേരളചരിത്രത്തെയും സംസ്കാരത്തേയും സാരമായി സ്വാധീനിച്ചിട്ടുണ്ടെന്നു മനസ്സിലാക്കാന്‍ ഈ കൃതിയും കേരളചരിത്രകാവൃവും ഉപകരിക്കും. കഥയുടെ ചുരുക്കം ഇങ്ങനെയാണ്.–
സൂര്യവംശകുലജാതനായ ഭഗീരഥന്‍ എന്ന രാജാവ് കഠിനമായ തപസ്സിലൂടെ ഗംഗയെ ഭൂമിയിലേക്ക് ആവാഹിച്ചു . ഗംഗയുടെ കുത്തിയൊഴുക്കു താങ്ങാന്‍ ഭൂമിക്കാവില്ലെന്നറിഞ്ഞ രാജാവ് പരമശിവന്റെ സഹായം തേടി.മഹാദേവന്‍ അദ്ദേഹത്തിന്റെ ജടവിടര്‍ത്തിക്കാട്ടിക്കൊണ്ട് ഗംഗാനദിയുടെ പതനത്തിന് കളമൊരുക്കി. ജടാകൂടത്തില്‍ ബന്ധിക്കപ്പെട്ട ആ മഹാപ്രവാഹത്തില്‍ നിന്ന് കിനിഞ്ഞിറങ്ങിയ ജലം മഹാനദികളായും സമുദ്രങ്ങളായും ഭൂമിയുടെ വലിയൊരുഭാഗം മുക്കിമറച്ചു. ഇന്നത്തെ ഉത്തരകന്നഡയിലെ ഗോകര്‍ണം ഇങ്ങനെ വെള്ളത്തിലാണ്ടുപോയ ഒരുţ പ്രദേശമായിരുന്നു. ആ പ്രദേശത്ത് ധ്യനവും ജപവും യജ്ഞവും ആചരിച്ച് വാണിരുന്ന ബ്രാഹ്മണര്‍ വെള്ളത്തിലാണ്ടുപോയ അവരുടെ പുണ്യഭൂമി വീണ്ടെടുത്തു കിട്ടുവാനായി മഹേന്ദ്രപര്‍വതത്തില്‍ തപംചെയ്തു വാണിരുന്ന ഭാര്‍ഗവരാമനോട് പ്രാര്‍ത്ഥിച്ചു.
രാമന്റെ കോപാഗ്നിയില്‍ സാഗരം തിളച്ചുമറിഞ്ഞു; സാഗരനിയന്താവായ വരുണന്‍ പേടിച്ചുവിറച്ചു.താനെറിയുന്ന സ്രുവം വീഴുന്നതിനപ്പുറത്തേക്ക് കടല്‍ മറിപ്പോകണമെന്ന രാമന്റെ ആജ്ഞ വരുണന്‍ താഴ്മയോടെ അനുസരിച്ചു(യജ്ഞത്തിന് നെയ് കോരിയെടുക്കാനുപയോഗിക്കുന്ന ഒരു തവിയാണ് മഴുവിന്റെ ആകൃതിയുള്ള സ്രുവം എന്ന ഉപകരണം ).ഗോകര്‍ണം മുതല്‍ ”സ്രുവവിക്ഷേപം ” വീണയിടം വരെ കടല്‍ പിന്‍വാങ്ങി. ആ പുണ്യ കര്‍മഭൂമിയാണ് ഇന്നത്തെ കേരളം. കടലില്‍നിന്നുവീണ്ടെടുത്ത കേരളക്കരയെ ഭാര്‍ഗവരാമന്‍ അറുപത്തിനാല് ഗ്രാമങ്ങളായി പകുത്ത് ബ്രാഹ്മണര്‍ക്കു ദാനം ചെയ്തു. ദാനംകിട്ടിയ ദേശം പരിപാലിക്കുന്നതിന് പ്രയാസം വന്നുതുടങ്ങിയപ്പോള്‍ ബ്രാഹ്മണര്‍ വീണ്ടും പരശുരാമന്റെ സഹായം അഭ്യര്‍ത്ഥിച്ചു.രാജ്യപരിപാലനം ക്ഷണിച്ചു വരുത്തിയ ഒരു രാജാവിനെ ഏല്‍പ്പിക്കാനും പന്തീരാണ്ടു കൂടുമ്പോള്‍ മറ്റൊരു രാജാവിനെ തെരഞ്ഞെടുക്കാനും രാമന്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ പന്ത്രണ്ടു കൊല്ലക്കാലത്തേക്ക് ബ്രാഹ്മണര്‍ തെരഞ്ഞെടുക്കുന്ന രാജാവിന്റെ ഭരണം കേരളത്തില്‍ നിലവില്‍ വന്നു.
ഇത്രയും കഥ.ഇനിയങ്ങോട്ട് കഥ ചരിത്രമായി ചുവടു മാറുന്നു.കേരളചരിത്രത്തിലെ പ്രധാന അടയാളമായ മാമാങ്കം ഈ കഥയുടെ തുടര്‍ച്ചയായിട്ടാണ് വായിക്കപ്പെടുന്നത്.തിരുനാവായ മണല്‍പ്പുറത്ത് കൊണ്ടാടിപ്പോന്ന മഹാമകം (മാമങ്കം) പന്ത്രണ്ടു കൊല്ലത്തിലൊരിക്കല്‍ രാജഭരണം പുതുക്കുന്ന ചടങ്ങു തന്നെയായിരുന്നു. (മകരമാസത്തിലെ പൂയം നക്ഷത്രനാള്‍ -തെെയ്പ്പൂയം – തുടങ്ങി കുംഭമാസത്തിലെ മകം നക്ഷത്രദിവസം വരെയാണ് മാമാങ്കം കൊണ്ടാടിപ്പോന്നത് ) തിരുനാവായ മണല്‍പ്പുറത്തെ നിലപാടുതറയില്‍ കയറിനിന്ന് സാമൂതിരി തന്റെ അധീശത്വം വിളംബരം ചെയ്യുന്ന ആഘോഷമാണ് മാമാങ്കം. മലനാട്ടിലെ മറ്റുരാജാക്കന്മാര്‍ സാമൂതിരിയുടെ സാമന്തന്മാര്‍ മാത്രമാണ്.മാമാങ്കാലത്ത് അവരെല്ലാം അവരവര്‍ക്ക് നിര്‍ദ്ദിഷ്ടമായ സ്ഥാനങ്ങളില്‍ വന്നു നിന്ന് സാമൂതിരിയോടുള്ള വിധേയത്വം അയാളപ്പെടുത്തണം. വള്ളുവനാട്ടിലെ രാജാവ് സാമൂതിരിയുടെ നിലപാടു നില്‍ക്കാനുള്ള അധികാരം അംഗീകരിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ ചാവേറുകള്‍ അംഗരക്ഷകരോട് പടവെട്ടി നിലപാടുതറയിലെത്താനും സാമൂതിരിയെ വധിക്കാനും സാഹസപ്പെടുന്നത് മാമാങ്കത്തിന്റെ രക്തപങ്കിലമായ ചരിത്രമായി ഇന്നും വാഴ്ത്തപ്പെടുന്നു. തലമുറകളില്‍നിന്ന് തലമുറകളിലേക്ക് ഈ ചാവേറുപാരമ്പര്യം ഒട്ടും വീര്യം നഷ്ടപ്പെടാതെ പകര്‍ന്നുപോന്നുവെന്നത് കേരള ചരിത്രത്തിലെ വിസ്മയമാണ്.
ബ്രാഹ്മണഗ്രാമങ്ങളുടെ അധീശത്വവും സാംസ്കാരികമായ മേല്‍ക്കോയ്മയും മാമാങ്ക മഹോത്സവത്തില്‍ കാണാം. ചോകരം (ശുകപുരം ) ഗ്രാമക്കാരും പന്നിഗ്രാമക്കാരും തമ്മിലുള്ള ‘കൂറുമത്സര’ത്തിന്റെ ഒരു ഒരു തുടര്‍ച്ചയാണ് സാമൂതിരിയും വള്ളുവനാട്ടു രാജാവും തമ്മിലുള്ള പോരിന്റെ പ്രധാനശക്തി. സാമൂതിരി പന്നിഗ്രാമ പക്ഷവും വള്ളുവാനാട് ചോകരം പക്ഷവുമായിരുന്നു. ചോകരം ബ്രാഹ്മണഗ്രാമത്തിനുവേണ്ടി ബലിദാനികളായ കീഴ്ജാതികളാണ് ചാവേറുകള്‍.

അറുപത്തിനാലു ബ്രാഹ്മണഗ്രാമങ്ങള്‍–
പരശുരാമന്‍ ദാനം ചെയ്ത ഗ്രാമങ്ങളില്‍ ചന്ദ്രഗിരിപ്പുഴയുടെ വടക്കുള്ള മുപ്പത്തിരണ്ടു ഗ്രാമങ്ങള്‍ പില്‍ക്കാലത്ത് തുളുനാടായി മാറിയകന്നു. പുഴയുടെ തെക്കുള്ള മുപ്പത്തിരണ്ടു ഗ്രാമങ്ങളാണ് മലനാട്ടിലെ ഗ്രാമങ്ങള്‍. ഈ മുപ്പത്തിരണ്ടുബ്രാഹ്മണഗ്രാമങ്ങളും ചരിത്രസത്യമാണ്. ശുകപുരം ഗ്രാമം, പന്നിഗ്രാമം, ഇരിങ്ങാലക്കുട, പെരുവനം എന്നിങ്ങനെ പല ഗ്രാമങ്ങളും ഇന്നും പരാമര്‍ശിക്കപ്പെടുന്നുണ്ട്. നമ്പൂതിരിമാര്‍ ഇന്നും സ്വയം പരിചയപ്പെടുത്തുന്നത് അവരുടെ ഗ്രാമത്തിന്റെ വിലാസത്തിലാണ്.ഓരോ ഗ്രാമത്തിനും അതിന്റെ പരദേവതയുണ്ട്. ശുകപുരം ഗ്രമക്കാരുടെ പരദേവത ദക്ഷിണാമൂര്‍ത്തിയാണ് (ശെെവപക്ഷക്കാര്‍ ) .പന്നിഗ്രമക്കാര്‍ക്ക് വിഷ്ണുവിന്റെ അവതാരമായ വരാഹമൂര്‍ത്തി(പന്നി )യാണ് പരദെെവം. ശുകപുരവും പന്നിഗ്രാമവും തമ്മിലുള്ള കൂറുമത്സരം കേരളചരിത്രത്തിലെ പ്രധാന ഏടാണ്.
കര്‍ണാടകം വഴി കേരളത്തിലേയ്ക്കു വന്ന ആര്യബ്രാഹ്മണരുടെ (ഭാര്‍ഗവര്‍ )കഥ അങ്ങനെ ചരിത്രപരമായ ഒരു സത്യമായി മാറുകയായിരുന്നു. ‘സ്രുവം ‘എന്ന യജ്ഞോപകരണം വെെദികബ്രാഹ്മണര്‍ കേരളത്തിന് ‘ഭാര്‍ഗവക്ഷേത്ര’മെന്ന പേരുവന്നതിന്റെ പിന്നാമ്പുറമാണ്.
മലനാടു വാണിരുന്ന നാഗന്മാരുടെ (നാഗാരാധകരായ നായന്മാര്‍ )സംസ്കാരത്തെ കീഴ്പ്പെടുത്തിക്കൊണ്ടായിരുന്നു ഭാര്‍ഗവര്‍ മലനാട്ടില്‍ അധീശത്വം സ്ഥാപിച്ചത് എന്ന് കേരള ചരിത്രം കാവ്യത്തില്‍ മഹാകവി കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ സൂചിപ്പിക്കുന്നുണ്ട്. നായന്മാര്‍ പിന്‍തുടര്‍ന്ന നാഗഫണം പോലുള്ള മൂന്‍കുടമയും നാഗാരാധനയും ബ്രാഹ്മണരുടെ ശെെലിയില്‍ ചിട്ടപ്പെടുത്തുകയും അവരെ ‘തറ’ക്ക് അധിപരായ ‘തറ’വാടികളാക്കി വാഴിക്കുകയും ചെയ്തുകൊണ്ട് നമ്പൂതിരിമാര്‍ സംഘര്‍ഷം കൂടാതെ അവരുടെ മേല്‍ക്കോയ്മ ഉറപ്പിച്ചുവെന്നും തമ്പുരാന്‍ സൂചിപ്പിച്ചിട്ടുണ്ട്. ബ്രാഹ്മണഭക്തരായ സാമൂതിരിമാരും കൊച്ചി -തിരുവിതാങ്കൂര്‍ രാജാക്കന്മാരും കച്ചവടത്തിനായി ക്ഷണിച്ചു സ്വീകരിച്ച അറബികളും കൃസ്ത്യാനികളും സ്വാഭാവികമായും ബ്രാഹ്മണാധിപത്തിനെ വണങ്ങിനിന്നു.ജെെന -ബുദ്ധമതക്കാരെ തോല്‍പ്പിച്ച് ആര്‍ഷസംസ്കാരത്തോട് ബന്ധപ്പെട്ട ഭാര്‍ഗവക്ഷേത്രം സ്ഥാപിക്കാന്‍ അതുകൊണ്ട് അവര്‍ക്കു പ്രയാസമുണ്ടായില്ല. നാഗന്മാരുടെ നാഗഭൂമിയെ നമ്പൂതിരിമാരുടെ ഭാര്‍ഗവക്ഷേത്രം പാര്‍ശ്വത്കരിച്ചു.
ക്ഷേത്രകേന്ദ്രീകൃതമായ ഊരാണ്മഭരണത്തിന്റെ പെെതൃകം ഇന്നും കേരളസംസ്കാരത്തിന്റെ മുഖ്യധാരയാണ്. പന്തളം രാജാവും താഴമണ്‍ മഠവും ബ്രഹ്മസ്വ -ദേവസ്വങ്ങളും ഏതു ഭരണഘടനയേയും വെല്ലുവിളിക്കാന്‍ പ്രാപ്തമാകുന്നത് കീഴാളര്‍ പോലും അവരെ ഇന്നും സംസ്കാരത്തിന്റെ താക്കോല്‍ക്കാരായി അംഗീകരിക്കുന്നതുകാണ്ടാണ്. അമ്പലം പൂട്ടും എന്ന ഭീഷണി ഭീഷണമാകുന്നതും അതുകൊണ്ടാണ്..
മഹാകവി കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ കേരളചരിത്ര കാവ്യത്തിലെ ചില ഭാഗങ്ങള്‍ താഴെ ചേര്‍ത്തിരിക്കുന്നു.



