കിഴക്കിനി കോലായിൽ അരുണ കിരണങ്ങൾ പ്രകാശം പരത്തിയപ്പോഴാണ് അയാൾ പത്രവായന തുടങ്ങിയത്. തലക്കെട്ടും, അരക്കെട്ടും കഴിഞ്ഞ് കാകദൃഷ്ടിയിൽ എത്തിയപ്പോൾ, മുറ്റത്തെ മാവിൻ കൊമ്പിലിരുന്ന് കാക്ക വിരുന്നു വിളിച്ചു. കാകദൃഷ്ടിയിൽ നിന്നും തല വെട്ടിച്ച് കാക്കയെ നോക്കി.
വിരുന്നുകാരെ പൊതുവെ ഇഷ്ടപ്പെടാത്ത ശാരദ കരുതി കൂട്ടിയാവണം, അടുക്കളയിൽ ഒരു പാത്രം നിലത്തേക്കിട്ടു. കാക്ക ശബ്ദം കേട്ടിടത്തേക്ക് തല ചെരിച്ച് ഒന്ന് നോക്കിയ ശേഷം പൂർവ്വാധികം വാശിയോടെ വിരുന്ന് വിളി തുടർന്നു.
അയാൾ ആലോചിച്ചു….പണ്ടെങ്ങോ കാക്ക ഇത്തരത്തിൽ ശബ്‍ദമുണ്ടാക്കിയപ്പോൾ അന്നവിടെ യാദൃശ്ചികമായി വിരുന്നുകാർ എത്തിയിരിക്കാം. എന്ത് കൊണ്ടോ അതിനെ കുറിച്ച് ഗൂഗിളിൽ പരാമർശങ്ങൾ ഒന്നും കണ്ടിട്ടില്ല.
കേരളക്കരയാകെ കാക്കയുടെ വിരുന്നുവിളി ജനകിയമാക്കിയത് ഭാസ്കരൻ മാഷും ബാബുക്കയും കൂടിയാണ്. അവരെ സ്തുതിച്ചു കൊണ്ട്, അയാൾ ആ ഗാനം ഒന്ന് ഉറക്കെ മൂളി.
തന്നെക്കാൾ മോശമായി ആരോ കരയുന്നു എന്ന തിരിച്ചറിവിൽ കാക്ക വിരുന്നു വിളി നിർത്തി, മാവിന്റെ അടുത്ത ശിഖിരത്തിലേക്ക് ചാടി തല വെട്ടിച്ചു കൊണ്ടിരുന്നു.
മൂളി പാട്ട് കേട്ട് ശാരദ പുറത്തേക്ക് വന്നു….ഒരൽപ്പം രോഷത്തോടെ പറഞ്ഞു… ദേ, ആരെങ്കിലും വരുന്നുണ്ടെങ്കിൽ നേരത്തെ പറഞ്ഞേക്കണം….അല്ലാതെ, ഊണ് കഴിക്കണ നേരത്ത് രണ്ട് പേർക്ക് കൂടെ ചോറ് വിളമ്പാൻ പറയരുത്….
അയാൾ പാട്ട് മൂളി കൊണ്ട് തന്നെ, അറിയില്ല എന്ന് കൈ മലർത്തി കാണിച്ചു…
ശാരദ അപ്പോൾ ഒരു ഭീക്ഷണി പോലെ പ്രഖ്യാപിച്ചു …
ഇനി, ഇന്ന് നിങ്ങളുടെ ബന്ധുക്കൾ ആരെങ്കിലും വലിഞ്ഞു കയറി
വന്നാൽ …?
അയാൾ പറഞ്ഞു…ആരും വരില്ല…പൊതുവെ ഞാൻ അവഗണിക്കപ്പെട്ടവനാണ്….. ഇനി നിന്റെ ബന്ധുക്കളാരെങ്കിലും വന്നാലായി….
ആ ഉത്തരത്തിൽ ശാരദയുടെ മുഖം വിടർന്നു…..പിന്നെ അടുക്കളയിലേക്ക് തിടുക്കത്തിൽ തിരിഞ്ഞു നടക്കുമ്പോൾ ആലോചിച്ചു…ഇനി ആരെങ്കിലും വരുമോ? എന്തായാലും സാമ്പാർ ഒന്ന് നീട്ടി വെക്കാം, ഒരു മെഴുക്ക് പുരട്ടിയും.. … എപ്പോഴായാലും, ചോറ് വേണമെങ്കിൽ കുക്കറിൽ പെട്ടെന്ന് വേവിച്ചെടുക്കാമല്ലോ….
ചിന്ത അങ്ങനെ നീണ്ടപ്പോൾ അവരുടെ ചുണ്ടിലും ഒരു മൂളിപാട്ട് വിരിഞ്ഞു..
പാടി കൊണ്ട് തന്നെയാണ് ആറ് ദോശ എണ്ണി ചുട്ടതും മിക്സിയിൽ ചട്ട്ണി അരച്ചതും…. ഒടുവിൽ മിക്സി ഓഫ് ചെയ്തപ്പോൾ ശാരദക്ക് തോന്നി, തൻ്റെ പാട്ട് കല്യാണി രാഗത്തിൽ തുടങ്ങി, ആരോഹണത്തിൽ കയറി, ഒടുവിൽ പാശ്ചാത്യ സംഗീതമായി പരിണമിച്ചുവോ ? സ്വയം അഭിമാനിച്ചു, സന്തോഷിച്ചു… ചട്ട്ണിയിൽ ഒരൽപ്പം ഉപ്പ് അധികം തൂവി…..
കുളി കഴിഞ്ഞ്, പ്രാതൽ കഴിഞ്ഞ്, അനന്തരമുള്ള ചായയും കുടിച്ച് അയാൾ വീണ്ടും കോലായിൽ ഉപവിഷ്ടനായി….. പുതിയൊരു പുസ്തകമെടുത്ത് താളുകൾ നിവർത്തി, വരികളിൽ തല പൂഴ്‌ത്തി.
ഗേറ്റ് തുറക്കുന്ന ശബ്ദം വായനയുടെ ഒഴുക്കിന് ഭംഗം വരുത്തി. അയാൾ നോക്കുമ്പോൾ നാലുപേർ തല ഉയർത്തി പിടിച്ച് വരുന്നു. ഒറ്റ നോട്ടത്തിൽ പ്രായം തോന്നിക്കുന്നവരാണെങ്കിലും ചെറുപ്പം നടിക്കുന്നവരാണ്.
ഇനി പിരിവോ മറ്റോ ആയിരിക്കുമോ ?
സർ, നമസ്കാരം….
മുന്നിൽ നിൽക്കാൻ തിടുക്കം കൂട്ടുന്ന ഒരാൾ അഭിവാദ്യം ചെയ്തു…
നമസ്കാരം….
സർ… ഞങ്ങൾ സുഭാഷിതം സാഹിത്യ വേദിയുടെ പ്രതിനിധികളാണ്…ഞാൻ മാധവൻ, ഇത് ശിവാനന്ദൻ, ഇത് അബുബക്കർ, ഇത് സാമുവൽ….
ഓ…. അയാൾ തലയാട്ടി….. ‘വന്ന സ്ഥിതിക്ക്’ എന്ന് മനസ്സിലും ഇരിക്കു എന്നത് നാൽവർ കേൾക്കേയും പറഞ്ഞു.
പറയേണ്ട താമസ്സം അവർ ഇരുന്നു. ഇരുത്തം കണ്ടപ്പോൾ അയാൾക്ക് തോന്നി… അതിഥികൾ നല്ല ഇരുത്തം വന്നവരാണ്….
ശ്രീ മാധവൻ സംസാരിച്ച് തുടങ്ങിയതും അങ്ങിനെ തന്നെ…..
സാറൊരു പ്രശസ്‌തനായ എഴുത്തുകാരനാണല്ലോ….
ഞാനോ… എനിക്കങ്ങനെ തോന്നിയിട്ടില്ല…
സാറിന് ഒരു പാട് വായനക്കാരുണ്ട്… ആരാധകരുണ്ട്…. ആനക്ക് അതിന്റെ വലുപ്പം അറിയാത്തത് പോലെയാണ് സർ…
അത് ശരിയാണ്…. അബുബക്കർ ഏറ്റു പിടിച്ചു…
അയാൾ പറഞ്ഞു… എൻ്റെ കഥകൾ എൻ്റെ ഭാര്യ പോലും വായിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല…. ഇതുവരെ ഒരഭിപ്രായം പറഞ്ഞിട്ടില്ല…
അത് പിന്നെ മുറ്റത്തെ മുല്ലക്ക് മണമുണ്ടാവില്ലല്ലോ സർ…. സാമുവൽ മൃദുവായി ശ്രുതി മീട്ടി…
ആ പറഞ്ഞത് നൂറ് ശതമാനം ശരി…..ശിവാനന്ദൻ ഏറ്റു പിടിച്ചു…. എന്നിട്ട് എല്ലാവരെയും നോക്കി പറഞ്ഞത് ശരിയല്ലേ എന്ന മട്ടിൽ….എന്തേയ്….
അന്നേരം ശാരദ വാതിൽക്കൽ വന്ന് ഒന്നെത്തി നോക്കി….
ആ നോട്ടത്തിന്റെ അർത്ഥം ചായ വേണോ എന്നായത് കൊണ്ട്, അയാൾ ചോദിച്ചു. എല്ലാവരും ചായ കുടിക്കില്ലേ….
ആ ചോദ്യം പ്രതീക്ഷിച്ചത് പോലെ അവർ പറഞ്ഞു…. കുടിക്കും…
മധുരം ആവാലോ…
അങ്ങാടിമുക്കിലെ, ബാലേട്ടന്റെ ചായക്കടയിൽ ചായ വിളിച്ചു പറയുന്നത് പോലെ അബുബക്കർ പറഞ്ഞു…. മൂന്ന് ചായ, അതിലൊന്ന് വിത്ത് ഔട്ട്, എനിക്കൊരു കട്ടൻ ചായ, മധുരം വേണ്ട….. പിന്നെ സാറിന് എന്താ വേണ്ടത് ന്ന് ച്ചാ, അങ്ങിനെ…
ശാരദ എല്ലാം ഗ്രഹിച്ച മട്ടിൽ അകത്തേക്ക് പോകുമ്പോൾ മനസ്സിൽ പറഞ്ഞു… ‘ഇങ്ങക്ക് വേണങ്കിൽ ഇങ്ങളും കുടിച്ചോളൂ ട്ടോ….’ എന്ന് പറയാത്തത് ഭാഗ്യം…
ചായക്ക് വെള്ളം വെക്കാൻ തുടങ്ങുമ്പോൾ പുറത്തെ സംസാരം ശ്രദ്ധിച്ചു.
സുഭാഷിതം സാഹിത്യ വേദിയുടെ പ്രവർത്തനങ്ങളെ കുറിച്ച് വിവരിക്കുകയാണ്. ലൈബ്രറി, പുസ്തക പ്രസിദ്ധികരണം, പുസ്തക ചർച്ചകൾ, കവിയരങ്ങ്, കഥയരങ്ങ്, വർഷത്തിൽ രണ്ട് തവണ പുരസ്‌കാരങ്ങൾ….കോഴിക്കോട്, തൃശ്ശൂർ, എറണാംകുളം, തിരുവനന്തപുരം… എവിടെ വേണമെങ്കിലും വേദിയൊരുക്കാം….
അത്രയും കേട്ടപ്പോൾ ചായക്കൊപ്പം എന്തെങ്കിലും കൊടുക്കണമെന്ന് ശാരദക്ക് തോന്നി…. അലമാരയിൽ തപ്പി, തണുത്ത ബിസ്ക്കറ്റ് പോലുമില്ല…
ദോശമാവ് കുറച്ച് ബാക്കിയുണ്ട്…. മണത്ത് നോക്കി… ഇത്തിരി പുളിച്ചതായി തോന്നി… അതിലേക്കവർ ഉള്ളി മുറിച്ചിട്ടു, മുളക് പൊട്ടിച്ചിട്ടു…മേമ്പൊടിയായി മല്ലിയിലയും വിതറി…. അപ്പ കരോലിൽ പണിയാരം പോലെ ചുട്ടെടുത്തു….
പുളിച്ച മാവു കൊണ്ടൊരു പലഹാരം തീർത്തു…ഞാൻ പലഹാരം തീർത്തു… എന്ന മൂളി പാട്ടോടെയാണ് പണിയാരത്തിന്റെ അപരന്മാരെ പ്ലേറ്റിലേക്ക് ആക്കിയത്…
ചൂടോടെ കഴിച്ചാൽ പുളി അറിയില്ല എന്നൊരു അടുക്കള ചൊല്ലുണ്ടത്രേ… അത് ശരിയാണെന്ന് അതിഥികൾ തെളിയിച്ചു… വെച്ചതും തീർന്നു… ചായ മാത്രം ഊതി ഊതിയാണ് കുടിച്ചത്. അതിനിടയിലും കലാ സാംസ്‌കാരിക പ്രവർത്തനങ്ങളെ കുറിച്ച് വാ തോരാതെ അവർ ഓതി കൊണ്ടിരുന്നു….
ഇടക്ക് ഒരവസ്സരം വീണ് കിട്ടിയപ്പോൾ അയാൾ ചോദിച്ചു…
എല്ലാം നല്ലത് തന്നെ…. എന്നാലും വന്ന കാര്യം പറഞ്ഞില്ല….
സാറിന്റെ കൃതികൾക്കൊന്നും തന്നെ ഇത് വരെ പുരസ്‌കാരങ്ങൾ ഒന്നും കിട്ടിയിട്ടില്ലല്ലോ…. ശരിയല്ലേ…
അയാൾ മനസ്സിൽ പറഞ്ഞു… ഞാൻ ആഗ്രഹിക്കുന്നില്ല…
സുഭാഷിതം സാഹിത്യ വേദിയുടെ ഇത്തവണത്തെ പുരസ്‌കാരം സാറിനാണ്. താങ്കളത് സ്വീകരിക്കണം….
വേറെ എത്രയോ എഴുത്തുകാരുണ്ട്….. അവരെ ആരെയെങ്കിലും പരിഗണിക്കു ….
ശിവാനന്ദൻ പറഞ്ഞു …. അത് സാറിന്റെ വിനയം… അതിന് തന്നെ ഒരു അവാർഡ് തരണം…
ഇതെല്ലാം അകത്ത് കേട്ട് കൊണ്ടിരുന്ന ശാരദയ്ക്ക് ദേഷ്യം വന്നു… ഒരു പുരസ്‌കാരം വേണ്ടെന്ന് വെക്കുകയോ… ഇനി പുരസ്കാരത്തിനൊപ്പം പൈസ വല്ലതും കാണുമോ ? അങ്ങിനെ ഉണ്ടെങ്കിൽ….. അവർ ഒരു പട്ട് സാരി സ്വപ്നത്തിൽ നെയ്തു….
സാറിന്റെ സൗകര്യം പോലെ… അളകാപുരി, മസ്‌കറ്റ് ഹോട്ടൽ, സാഹിത്യ അക്കാദമി, ഗോകുലം…. എവിടെയാണ് വേദി ഒരുക്കേണ്ടത്…
അയാൾ മറുപടി ഒന്നും പറയാതെ ഇരുന്നപ്പോൾ…. മാധവൻ പറഞ്ഞു..
അന്ന് വിവിധ മേഖലകിലുള്ള മുപ്പതോളം പേരെയാണ് ആദരിക്കുന്നത്… പുരസ്കാരങ്ങൾ നൽകുന്നത്….. അല്ല, സാറൊന്നും പറഞ്ഞില്ല…
ഈ മുപ്പത് പേരും വ്യത്യസ്ത വേദികൾ പറഞ്ഞാൽ…. അയാൾ ഒരു ചോദ്യം എറിഞ്ഞു…
പെട്ടെന്ന് ഒരു ഉത്തരം ഉതിർന്ന് വീണില്ല …. നാൽവരും മുഖത്തോട് മുഖം നോക്കി….
ഒടുവിൽ മാധവൻ തന്നെ വാ തുറന്നു…
അത് പിന്നെ സാറെ…വേദി ഒരുക്കുക… പുരസ്‌കാരം നൽകുക, പ്രമുഖ വ്യക്തികളെ സംഘടിപ്പിക്കുക… ഇതൊക്കെ വലിയ ചിലവുള്ള കാര്യമാണല്ലോ?
നിങ്ങൾ വേണമെങ്കിൽ തുടർന്നോളൂ എന്ന മട്ടിൽ അയാളിരുന്നു….
ആയതിനാൽ മാധവന് തുടരേണ്ടി വന്നു…. നല്ല പബ്ളിസിറ്റി ഞങ്ങൾ കൊടുക്കുന്നുണ്ട്….. പുരസ്‌കാരം ലഭിക്കുന്നതിലൂടെ, സാറിന്റെ പ്രശസ്തി വർദ്ധിക്കും…പുസ്തകങ്ങൾ കൂടുതൽ വിറ്റഴിയും… തുടർന്നും പലയിടങ്ങളിൽ നിന്നും അംഗീകാരങ്ങൾ തേടി വരും…
അബുബക്കർ ഇടയിൽ കയറി…. ഒരാൾക്ക് ഒരു അവാർഡ് കിട്ടിയാൽ, തുടരെ തുടരെ അവാർഡ് കിട്ടണ വാർത്ത നമ്മള് കാണാറില്ലേ…
അയാൾ ഒന്നും പറയാതെ ഇരിക്കുമ്പോൾ അകത്ത് എല്ലാം ശ്രദ്ധിച്ച് കൊണ്ടിരിക്കുന്ന ശാരദ പിറുപിറുത്തു… എന്തെങ്കിലും ഒന്ന് പറയു മനുക്ഷ്യാ… സമയം പോണു… ഇനിയും നീണ്ടാൽ ഊണ് കൊടുക്കേണ്ടി വരും….. (അത്രയും പറഞ്ഞെങ്കിലും പട്ട് സാരിയുടെ നെയ്ത്ത് അവർ അഭംഗുരം തുടർന്നു….)
ഇയാൾക്കെന്താ അവാർഡിലൊന്നും ഒരു ഹരമില്ലാത്തത് എന്ന ചിന്തയോടെ അബുബക്കർ പറഞ്ഞു….
സാറിന്റെ ഭാഗത്ത് നിന്ന് സഹകരണം ഉണ്ടാവണം….. ഒരു ഇരുപത്തിഅയ്യായിരം രൂപ ….ഒരു സംഭാവന പോലെ…
അയാൾ വാച്ച് നോക്കി…. പിന്നെ പറഞ്ഞു… നിങ്ങൾ ഇപ്പോൾ പുറപ്പെട്ടാൽ വീട്ടിലെത്തി സമയത്തിന് ഊണ് കഴിക്കാം…
മാധവൻ പറഞ്ഞു… ഞങ്ങൾ രാവിലെ ഇറങ്ങിയാൽ, വൈകിട്ടെ വീട്ടിലെത്തു…
വീട്ടിൽ ചെന്നെ ഊണ് കഴിക്കു എന്ന നിർബന്ധമില്ലാത്തവരാണ്… സാമുവൽ ഒന്ന് സ്ഥിതികരിച്ചു.
സാറിന് വേണ്ടി ഒരു അയ്യായിരം കുറക്കാം…. ഇരുപതിനായിരം ആക്കാം…
ഞാൻ അറിയിക്കാം… നിങ്ങളിപ്പോൾ ഇറങ്ങിക്കോളൂ…
ഇരിപ്പിടത്തിൽ നിന്നും എഴുന്നേൽക്കാൻ മടിക്കുന്ന നാൽവരെയും നോക്കി അയാൾ പറഞ്ഞു…
സംശയിക്കണ്ട…എണീറ്റോളു…
പട്ട് സാരി നെയ്യുന്നത് നിർത്തി, കോപിഷ്ഠയായ ശാരദ പുറത്തേക്ക് വന്നു…
മടിച്ച് മടിച്ച് എഴുന്നേൽക്കാൻ തുടങ്ങുന്നവരോടായി അവർ ആജ്ഞാപിച്ചു…
ഇരിക്കൂ….
പെണ്ണുമ്പിള്ളക്ക് വക തിരിവുണ്ട് എന്ന ചിന്ത നാലുപേർക്കും ഒരേ സമയം ഉണ്ടായി. അവർ ഒന്ന് കൂടെ ഇരുത്തം വന്നവരായി….
ഒരു നൂറ്റി നാൽപ്പത്തി രണ്ട് രൂപ, ഇവിടെ വെച്ചിട്ട് എഴുന്നേറ്റോളു….
അവർ ആശ്ചര്യത്തോടെ മുഖത്തോട് മുഖം നോക്കി…
അല്ലാ… എന്തിന് വേണ്ടിയാണ്…
ചായയും പലഹാരവും തന്ന് നിങ്ങളെ ആദരിച്ചില്ലേ…
തന്നത് കൊണ്ട് കഴിച്ചു…. ആ മര്യാദ കാണിച്ചു എന്നേയുള്ളു… മാധവൻ പറഞ്ഞു….
പിന്നെ ‘അതിഥി ദേവോ ഭവ’ എന്നല്ലേ… ശിവാനന്ദൻ ഒരു സംശയം പോലെ ചോദിച്ചു….
ശാരദ മാക്സി മടക്കി കുത്തും എന്ന നിലയിലായി…. ഇങ്ങേര് നിങ്ങളോട് പുരസ്കാരം ചോദിച്ചോ… നിങ്ങളിവിടെ വലിഞ്ഞു കയറി വന്നതല്ലേ… പൈസ വെക്ക്… പൈസ വെക്ക്…
നിവർത്തിയില്ലെന്ന് മനസ്സിലിയപ്പോൾ അബുബക്കർ ചോദിച്ചു…
മൂന്ന് ചായ, അതിലൊന്ന് വിത്ത് ഔട്ട്… പിന്നെ ഒരു കട്ടൻ ചായ, അതും വിത്ത് ഔട്ട്…. പിന്നെ കടി എട്ട്… അതിനിത്രയൊക്കെ വേണോ ?
ശാരദ മറുചോദ്യമെറിഞ്ഞു… പുറത്ത്, തട്ട് കടയിൽ ഒരു ചായക്കെത്ര…
പന്ത്രണ്ട്….
പഞ്ചസ്സാര ഇടാത്ത ചായക്കോ ?
പന്ത്രണ്ടന്നെ…
കട്ടന്…
പത്ത്…
കടിക്കോ ?
പന്ത്രണ്ട്….
കൂട്ടിക്കോളൂ …. എന്നിട്ട് പൈസ വെച്ചോളൂ…
അവർ അയാളുടെ മുഖത്തേക്ക് നോക്കി….
അങ്ങിനെ ചെയ്തോളു… അതായിരിക്കും നല്ലത് എന്ന ഭാവത്തിൽ അയാളിരിക്കുന്നു…
അവർ പങ്കിട്ട് പൈസ വെച്ചു…. സങ്കടത്തോടെ എഴുന്നേറ്റു…
അയാൾ പറഞ്ഞു… നല്ല രീതിയിൽ പ്രവർത്തിക്കുന്ന സംഘടനകളുണ്ട്…. പ്രകീർത്തിക്കേണ്ട പുരസ്കാരങ്ങളുണ്ട്… അതിനിടയിൽ കല്ല്കടിയാവാതിരിക്കുക…
അപ്പോൾ രാവിലെ വിരുന്ന് വിളിച്ച കാക്ക മാവിൻ കൊമ്പിൽ വീണ്ടും വന്ന് കളിയായി കരഞ്ഞു.
അവർ യാത്ര പറയാൻ നിന്നില്ല….എങ്കിലും അയാൾ കൂപ്പുകൈകളോടെ നിന്നു.
ശാരദ അവരുടെ മുഖത്തേക്കോ, അവർ ശാരദയുടെ മുഖത്തേക്കോ നോക്കിയില്ല…
ഗേറ്റ് കടക്കുമ്പോൾ അബുബക്കർ പറയുന്നത് അയാൾ കേട്ടു…
അല്ല മാധവ്ജി…. ഈ അമേരിക്കൻ പ്രസിഡണ്ട് വരെ നോബൽ സമ്മാനം ആഗ്രഹിക്കുമ്പോൾ, ഇവരൊക്കെ എന്താ ഇങ്ങനെ…



