ഗസ സിറ്റി: ഗസയിൽ വീണ്ടും ഇസ്രായേലിന്റെ ക്രൂരമായ വ്യോമാക്രമണം. ശനിയാഴ്ച ഗസ മുനമ്പിലുടനീളം നടന്ന ആക്രമണങ്ങളിൽ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടു. സിവിലിയൻ താമസകേന്ദ്രങ്ങൾ, അഭയാർത്ഥി ക്യാമ്പുകൾ, പോലീസ് സ്റ്റേഷൻ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
ഗസ സിറ്റിയിലെ ഷെയ്ഖ് റദ്വാൻ ഏരിയയിലുള്ള പോലീസ് സ്റ്റേഷന് നേരെ ഇസ്രായേൽ വ്യോമാക്രമണം നടത്തി. ആക്രമണത്തിൽ കെട്ടിടം പൂർണ്ണമായും തകരുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഗസയിലെ വിവിധ ഭാഗങ്ങളിൽ താൽക്കാലികമായി സജ്ജീകരിച്ചിരുന്ന അഭയാർത്ഥി കൂടാരങ്ങൾക്ക് (Tents) നേരെയും മിസൈൽ വർഷമുണ്ടായി. സുരക്ഷിതമെന്ന് കരുതി അഭയം പ്രാപിച്ച കുടുംബങ്ങളാണ് ഈ ആക്രമണത്തിന് ഇരയായത്.



