റെഡിഫ്യൂഷന്റെ സഹസ്ഥാപകനും ഇന്ത്യൻ പരസ്യരംഗത്തെ അതികായനുമായ ദിവാൻ അരുൺ നന്ദ (82) അന്തരിച്ചു. നന്ദയുടെ വിടവാങ്ങലോടെ ഇന്ത്യൻ പരസ്യമേഖലയിലെ ഒരു യുഗത്തിനാണ് അന്ത്യം കുറിക്കുന്നത്.
1948 ൽ ജനിച്ച നന്ദ 1966 ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ (ഐഐഎം) ആദ്യ ബാച്ചിൽ നിന്ന് സ്വർണ്ണ മെഡലോട് കൂടിയാണ് ബിരുദം പൂർത്തിയാക്കിയത്. ഹിന്ദുസ്ഥാൻ യൂണിലിവറിലാണ് ഇന്ത്യൻ പരസ്യമേഖലയിൽ വിപ്ലവം സൃഷ്ടിച്ച അദ്ദേഹത്തിന്റെ കരിയറിന്റെ ആരംഭം.
1973-ൽ, അജിത് ബാലകൃഷ്ണൻ, മുഹമ്മദ് ഖാൻ എന്നിവരോടൊപ്പമാണ് നന്ദ റെഡിഫ്യൂഷൻ സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, എയർടെൽ, മാരുതി സുസുക്കി, കോൾഗേറ്റ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾക്കായി ഇന്ത്യക്കാരുടെയുള്ളിൽ തലമുറകളോളം നിലനിന്ന കാമ്പെയ്നുകൾ വികസിപ്പിച്ചെടുക്കാൻ റെഡിഫ്യൂഷനായി.
അഞ്ച് പതിറ്റാണ്ടോളം അദ്ദേഹം ഏജൻസിയെ നയിച്ച അദ്ദേഹം 2023 ലാണ് ചെയർമാൻ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞത്. റെഡിഫ്യൂഷനു പുറമേ, എയർ ഇന്ത്യ, എവ്രെഡി, കിംഗ്ഫിഷർ എയർലൈൻസ്, യെസ് ബാങ്ക് എന്നിവയുൾപ്പെടെയുള്ള പ്രമുഖ കമ്പനികളുടെ ബോർഡുകളിൽ നന്ദ സേവനമനുഷ്ഠിച്ചു. രണ്ടുതവണ അഡ്വർടൈസിംഗ് ഏജൻസിസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (എഎഎഐ) പ്രസിഡന്റായി.
ഇന്ത്യൻ വിപണിയെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണക്ക് പേരുകേട്ട നന്ദ നിലവിൽ പരസ്യമേഖല ഭരിക്കുന്ന പലരുടെയും ഗുരുവായിരുന്നു. ഞായറാഴ്ച മുംബൈയിൽ നടന്ന സംസ്കാര ചടങ്ങിൽ വ്യവസായ പ്രമുഖരും പരസ്യമേഖലയിൽ നിന്നുള്ള ഉന്നതരുമടക്കമുള്ളവർ പങ്കെടുത്തു.



