ഈ ഉച്ചനേരത്ത് അതും തിരുവോണനാളിൽ ആരായിരിക്കും കാളിംഗ് ബെല്ലടിക്കുന്നത്?
4 പേരുള്ള എൻ്റെ കുടുംബത്തിന് ഞാൻ 3 പേർക്കുള്ള സദ്യയാണ് ഓർഡർ ചെയ്തിരിക്കുന്നത്. ഗസ്റ്റ് ആരെങ്കിലുമാണെങ്കിൽ എല്ലാം തഥൈവ ആകുമല്ലോ എന്നോർക്കാതിരുന്നില്ല.
വാതിൽ തുറന്നപ്പോൾ അപ്പുറത്തെ വീട്ടിലെ കുറുപ്പ് ചേട്ടൻ മാവേലിയുടെ വേഷം കെട്ടി വന്നിരിക്കുന്നു. ക്രിസ്തുമസ്സിന് ഞങ്ങളുടെ ക്രിസ്തുമസ്സ് ഫാദർ ആയിട്ട് വരുന്ന ആളാണ്. എന്തായാലും മാവേലി കോസ്റ്റ്യൂം കുറച്ചു കൂടെ ഉഗ്രനായിരിക്കുന്നു. അതും ആ ‘കുടവയർ’,ഇത് എങ്ങനെ സാധിച്ചു എന്ന് ചോദിച്ചു കൊണ്ട് വയറിനിട്ട് നല്ലൊരു കുത്ത് കൊടുത്തു. അത് ഇഷ്ടപ്പെടാത്ത മട്ടിൽ എന്നെയൊന്ന് തുറിച്ചു നോക്കി. കുറുപ്പ് ചേട്ടൻ വലിയ തമാശക്കാരനാണ് അതും കൂടാതെ ഫേസ് ബുക്കിൽ എൻ്റെ യാത്രാവിവരണങ്ങൾക്ക് ‘ lovely & Beautiful ‘ എന്നൊക്കെ കമൻ്റ് തരുന്ന ആളാണ് അതു കൊണ്ട് തന്നെ ആ നോട്ടത്തെ ഞാൻ മൈൻഡ് ചെയ്യില്ല. ഇപ്പോൾ രാവിലെയും ഉച്ചക്കും വൈകുന്നേരവും പല തരം reels ഇട്ട് FB യിൽ നിന്ന് എങ്ങനെയെങ്കിലും കാശ് ഉണ്ടാക്കണം എന്ന വാശിയിലാണ് അദ്ദേഹം. പക്ഷെ ചോദിക്കുന്ന ചോദ്യത്തിനെല്ലാം അച്ചടിഭാഷയിലാണ് മറുപടി.അതുകൊണ്ടു തന്നെതിരുവോണനാളിൽ മാവേലിയായിട്ടുള്ള റീൽസ് ഇടാൻ വന്നതാവുകയുള്ളൂ എന്നതിൽ സംശയമേയില്ല. റീൽസിനു വേണ്ടിയുള്ള ഓരോ സ്റ്റൈലുകൾ എന്നാണ് മനസ്സിൽ തോന്നിയത്.
അപ്പോഴേക്കും ആരാ വന്നതെന്ന് അറിയാൻ മക്കളും ഭർത്താവും എത്തി. പട്ടുപാവാട എല്ലാം ധരിച്ച് സുന്ദരിയായിരിക്കുന്ന മകൾ, മാവേലിയുടെ കഴുത്തിലെ മാല ഊരി എടുത്ത് സെൽഫി എടുക്കാൻ പോയി. മകൻ ഓലക്കുടയും കിരീടവും ഊരി എടുത്ത് അവൻ്റേതായ സ്റ്റൈലിലെ വീഡിയോ എടുക്കാൻ തയ്യാറായി. കെട്ടിയോന് ആ വലിയ മീശയിലായിരുന്നു നോട്ടം.
ഓണത്തിന് ബോണസ്സ് കിട്ടിയെന്നു പറഞ്ഞിട്ട് കാര്യമില്ല, കർക്കിടം തുടങ്ങുമ്പോഴേ ഓണം sale & discount നെ കുറിച്ചുള്ള പരസ്യം തുടങ്ങുവല്ലോ, അവിടെയൊക്കെ സന്ദർശനവും ഷോപ്പിംഗും നടത്താതിരിക്കുന്നത് എങ്ങനെ? അങ്ങനെയാണ് 3 സദ്യ ഓർഡർ ചെയ്ത് ഒരു സദ്യയുടെ വില ലാഭിക്കാമെന്ന് വിചാരിച്ചത്. ‘Tang’ കുടിച്ചിട്ടും കുറുപ്പ് ചേട്ടൻ പോകാത്തത് എൻ്റെ മനസ്സിൻ്റെ എവിടെയോ ഒരു പരിഭ്രാന്തി ഉണ്ടാക്കി.
ഫോട്ടോ status ഇട്ടപ്പോൾ മകളുടെ കൂട്ടുകാരികൾക്കും ആ മാല ഇട്ട് ഫോട്ടോ എടുക്കണം എന്നു പറഞ്ഞതു കൊണ്ട് അവൾ ആ മാലയുമായി സ്കൂട്ടി എടുത്ത് കൂട്ടുകാരിയുടെ അടുത്തേക്ക് പോയി. ഓലക്കുടയുടെ വടി ഒടിഞ്ഞു പോയി എന്നു പറഞ്ഞ് മകനും എത്തി. ഇത്രയും പഴഞ്ചാൻ കുട എവിടെ നിന്ന് കിട്ടി എന്നതായിരുന്നു അവന് ചോദിക്കാനുണ്ടായിരുന്നത്?
സദ്യയുടെ ട്ടെൻഷനും കുറുപ്പ് ചേട്ടൻ പോകാത്തതും കൊണ്ടും നമുക്ക് എല്ലാവർക്കും കൂടി അദ്ദേഹത്തിൻ്റെ റീൽസ് ഉഷാറാക്കി കൊടുക്കാമെന്ന് ഞാൻ വീട്ടിലുള്ളവരോട് പറഞ്ഞു. അതിന് ക്യാമറ കാണാനില്ലല്ലോ എന്ന് മകൻ പറഞ്ഞെങ്കിലും അത് ആ മീശയുടേയോ തലമുടിയുടെ ഉള്ളിലോ ഒളിപ്പിച്ചായിരിക്കും വച്ചിട്ടുണ്ടാവുക. നീ വേഗം ഉഷാറാകൂ അല്ലെങ്കിൽ നിൻ്റെ പായസം അയാൾക്ക് എടുത്തു കൊടുക്കും എന്ന് പറഞ്ഞ് ഞാൻ അവനെ നോക്കി കണ്ണുരുട്ടി. അതോടെ എല്ലാവരും ഒരു റീൽസിനു വേണ്ട എല്ലാ ചേരുവകൾ ചേർക്കാനായി കെട്ടിപിടിക്കുകയും പൊട്ടിച്ചിരിക്കുകയും
ഒക്കെയായി ആകെ ഉഷാറായി.
പക്ഷെ കുറുപ്പ് ചേട്ടൻ എലി കരയുന്നതു പോലെ ഇരുന്ന് കരയുന്നു. ‘എന്തു പറ്റി?’ എന്ന ചോദ്യത്തിന്
‘ ഞാൻ നിങ്ങളുടെ കുറുപ്പ് ചേട്ടനും റീൽസും ഒന്നുമല്ല, എനിക്ക് എൻ്റെ മാല തിരിച്ചു താ… എനിക്ക് പാതാളത്തിൽ പോവുമ്പോൾ തിരിച്ചു ഏൽപ്പിക്കേണ്ടതാണ്….’
ഹേ! ഒറിജിനൽ മാവേലിയോ?
അന്തം വിട്ടു പോയ ഞങ്ങൾ പിന്നീട് എല്ലാ കൂട്ടുകാരേയും ഫോൺ വിളിച്ചു വരുത്തി. വരുമ്പോൾ അവരവർ ഓർഡർ ചെയ്ത സദ്യ കൊണ്ടുവരാനും ഞാൻ ഓർമ്മപ്പെടുത്തി.കൂട്ടുകാരിയുടെ അടുത്ത് പോയ മകൾ കൂട്ടുകാരികളടക്കം തിരിച്ചു വന്നു.
പിന്നീടൊരു ബഹളമായിരുന്നു. എല്ലാവരും കൂടെ ഫർണീച്ചറെല്ലാം വീടിൻ്റെ ഒരു ഭാഗത്തേക്ക് മാറ്റി താഴെ ഇരുന്ന് ഇലയിട്ട് മാവേലിയോടൊപ്പം സദ്യ കഴിച്ചു. കൂട്ടത്തിൽ ആ നല്ല മുഹൂർത്തം വീഡിയോയിൽ പകർത്താൻ ഒരു പാട് പേരുണ്ടായിരുന്നു.
മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കുംകാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല…….
സന്തോഷം കൊണ്ട് ആരോ പാടിയ മൂളിപ്പാട്ടിനെ
മാവേലി തിരുത്തി റീൽസിനു മുമ്പിൽ
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കുംകാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും……
😃😃😃😃😃😃😃




Super
Thanks 🙏
അസ്സലായി
Thanks 🙏