എല്ലാവർക്കും നമസ്കാരം
കഠിനമായ ചൂടിൽ വെന്തുരുകുന്ന ഈ സമയത്ത് ആകെ ആശ്വാസം കായ്ച്ചു നിൽക്കുന്ന മാവും പ്ലാവും കാണുന്നതാണ്. മൂത്ത ചക്ക പൊട്ടിച്ച് ഇന്നത്തെ വിഭവം തീരുമാനിച്ചു. പാലക്കാടൻ ചക്ക എരിശ്ശേരി കഴിച്ചിട്ടുണ്ടോ, സൂപ്പർ ടേസ്റ്റി ആണ് ട്ടോ. എന്നാപ്പിന്നെ സമയം കളയാതെ ആവശ്യമായ സാധനങ്ങൾ എടുത്തു വയ്ക്കാം.
🌼ചക്ക എരിശ്ശേരി
🌻ആവശ്യമായ സാധനങ്ങൾ
🌼മൂത്ത പച്ച ചക്കച്ചുള – ഒരു കപ്പ്
🌼ചക്കക്കുരു – പത്തെണ്ണം
🌼വെള്ളം – ആവശ്യത്തിന്
🌼ഉപ്പ് – പാകത്തിന്
🌼മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
🌼മുളകുപൊടി – മുക്കാൽ ടീസ്പൂൺ
🌻അരയ്ക്കാൻ
🌼തേങ്ങ ചിരകിയത് – ഒരു മുറി
🌼ജീരകം – കാൽ ടീസ്പൂൺ
🌻 വറുത്തു കൊട്ടാൻ
🌼വെളിച്ചെണ്ണ – ആറ് ടീസ്പൂൺ
🌻കടുക് – ഒരു ടീസ്പൂൺ
🌻ഉഴുന്നുപരിപ്പ് – ഒരു ടീസ്പൂൺ
🌻മുളക് – രണ്ടെണ്ണം
🌻കറിവേപ്പില – രണ്ടു തണ്ട്
🌻തേങ്ങ ചിരകിയത് – കാൽ മുറി
🌼ഉണ്ടാക്കുന്ന വിധം
🌻ചക്കച്ചുളയും കുരുവും ചെറുതായി മുറിച്ച് വയ്ക്കുക. തേങ്ങയും ജീരകവും അല്പം വെള്ളം ചേർത്ത് നല്ല മയത്തിൽ അരച്ചെടുക്കുക.
🌻ചെറുതായി മുറിച്ചു വച്ചിരിക്കുന്ന ചക്കച്ചുളയും കുരുവും ഉപ്പും മുളകുപൊടിയും മഞ്ഞൾപൊടിയും പാകത്തിന് മാത്രം വെള്ളവും ചേർത്തിളക്കി വേവിക്കുക. കഷണങ്ങൾ നന്നായി വെന്താൽ വലിയ സ്പൂൺ കൊണ്ട് ഉടച്ചെടുക്കുക.
🌻നാളികേരം അരച്ചത് ചേർത്തിളക്കി ആറേഴു മിനിറ്റ് പാകം ചെയ്യുക. വെള്ളം കുറവായതിനാൽ അടിയിൽ പിടിക്കാതെ നോക്കണം. നല്ല കുഴഞ്ഞ പരുവത്തിൽ ഇരിക്കണം കറി.
🌻വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ഉഴുന്നുപരിപ്പും കറിവേപ്പിലയും മുളകും ചേർത്ത് മൂപ്പിച്ച് തേങ്ങ ചിരകിയത് ചേർത്ത് ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കറിയിലേക്ക് ഒഴിച്ച് ഇളക്കി യോജിപ്പിക്കുക.
🌻സ്വാദുള്ള പാലക്കാടൻ സ്പെഷ്യൽ ചക്ക എരിശ്ശേരി തയ്യാർ.