പണയംവെച്ച 216 പവൻ സ്വർണം മറിച്ചുവിറ്റ സ്വകാര്യ ബാങ്ക് മാനേജറടക്കം മൂന്നുപേർ അറസ്റ്റിൽ. ബാങ്കിന്റെ മണ്ണന്തല ബ്രാഞ്ച് മാനേജരായിരുന്ന ചേർത്തല സ്വദേശി എച്ച്. രമേശ് (31), കുടപ്പനക്കുന്ന് സ്വദേശിയായ സ്വകാര്യ കൺസൽട്ടൻസി ഉടമ ആർ. വർഗീസ് (43), സ്വർണ വ്യാപാരി നെടുമങ്ങാട് സ്വദേശി എം.എസ്. കിഷോർ (42) എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇവരെ റിമാൻഡ് ചെയ്തു.
പണയസ്വർണം സ്ട്രോങ് റൂമിൽനിന്ന് കവർന്ന് വൻ തട്ടിപ്പാണ് സംഘം നടത്തിയത്. നവംബറിലാണ് രമേശിന്റെ നേതൃത്വത്തിൽ 96 ലക്ഷം രൂപയുടെ സ്വർണം ബാങ്കിൽ നിന്നെടുത്ത് വിറ്റത്. ഇക്കഴിഞ്ഞ 11ന് ഒരു ഇടപാടുകാരൻ പണയം പുതുക്കാനെത്തിയപ്പോഴാണ് സ്വർണം കാണാനില്ലെന്നറിഞ്ഞത്. ബാങ്കിന്റെ ഓഡിറ്റിങ് വിഭാഗത്തിന്റെ പരിശോധനയിൽ ഏഴുപേരുടെ സ്വർണം നഷ്ടമായെന്ന് വ്യക്തമായി. റീജനൽ മാനേജർ നൽകിയ പരാതിയിലാണ് മണ്ണന്തല പോലീസ് പ്രതികളെ പിടിച്ചത്.