മസ്കത്ത്> ഒമാന്റെ ബജറ്റ് വിമാന സർവീസായ സലാം എയറിന്റെ മസ്കത്ത്-തിരുവനന്തപുരം സർവീസ് ജനുവരി മൂന്ന് മുതൽ പുനരാരംഭിക്കും. തുടക്കത്തിൽ ആഴ്ചയിൽ രണ്ട് സർവീസുകൾ ആയിരിക്കും നടത്തുക. മസ്കത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് ബുധൻ ഞായർ ദിവസങ്ങളിലും മസ്കത്തിലേക്ക് വ്യാഴം തിങ്കൾ ദിവസങ്ങളിലുമായിരിക്കും സർവീസ് നടത്തുക. മസ്കത്തിൽനിന്ന് രാത്രി 10.15ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 3.25ന് തിരുവനന്തപുരത്തെത്തും. തിരിച്ച് പുലർച്ചെ 4.10ന് പുറപ്പെടുന്ന വിമാനം രാവിലെ 6.30ന് മസ്കത്തിൽ എത്തും.
കഴിഞ്ഞ ഒക്ടോബറിൽ സലാം എയറിന്റെ ഇന്ത്യയിലേക്കുള്ള എല്ലാ സർവീസുകളും നിർത്തലാക്കിയിരുന്നു. പിന്നീട് ഡിസംബറിലാണ് ഇന്ത്യൻ സെക്ടറിലേക്ക് സർവീസുകൾ പുനരാരംഭിച്ചത്. കോഴിക്കോട്, തിരുവനന്തപുരം, ഹൈദരാബാദ്, ജയ്പൂർ, ലക്നോ എന്നിങ്ങനെയുള്ള ഇന്ത്യൻ സെക്റ്ററുകളിലേക്കാണ് സലാം എയർ സർവീസ് നടത്തുന്നത്.
ഒമാന്റെ ഔദ്യോഗിക വിമാന സർവീസ് ആയ ഒമാൻ എയറിന്റെ സഹകരണത്തിലാണ് ഒമാന്റെ തന്നെ ബജറ്റ് എയർ ലൈൻ ആയ സലാം എയർ സർവീസ് നടത്തുന്നത്. മസ്കത്തിൽ നിന്ന് കോഴിക്കോട്ടേക്ക് ദിവസവും സർവീസ് നടത്തുന്നുണ്ട്. മസ്കത്തിൽ നിന്ന് രാത്രി 10.30ന് പുറപ്പെടുന്ന വിമാനം കോഴിക്കോട് പുലർച്ചെ 3.20 ന് ലാൻഡ് ചെയ്യും.