Thursday, May 9, 2024
HomeKeralaപുതുവർഷത്തുടക്കം ; ഇന്ത്യ x ദക്ഷിണാഫ്രിക്ക രണ്ടാംടെസ്‌റ്റ്‌ ഇന്നുമുതൽ.

പുതുവർഷത്തുടക്കം ; ഇന്ത്യ x ദക്ഷിണാഫ്രിക്ക രണ്ടാംടെസ്‌റ്റ്‌ ഇന്നുമുതൽ.

കേപ്‌ടൗൺ: പുതുവർഷത്തിൽ വിജയവഴി തേടി ഇന്ത്യ കളത്തിൽ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാംടെസ്റ്റ്‌ ക്രിക്കറ്റിന്‌ ഇന്ന്‌ തുടക്കം. ആദ്യകളിയിലെ വൻ തോൽവിയിൽ ക്ഷീണിതരാണ്‌ ഇന്ത്യ. രണ്ടുമത്സര പരമ്പര കൈവിടാതിരിക്കാൻ ജയം അനിവാര്യം. തോൽവിയോ സമനിലയോ തിരിച്ചടിക്കും. ജയിച്ചാൽ രോഹിത്‌ ശർമയ്‌ക്കും സംഘത്തിനും പരമ്പര തുല്യമാക്കി മടങ്ങാം. സെഞ്ചൂറിയനിലെ ഒന്നാംടെസ്റ്റിൽ ഇന്നിങ്‌സിനും 32 റണ്ണിനുമാണ്‌ ഇന്ത്യ കീഴടങ്ങിയത്‌. രണ്ടരദിവസംകൊണ്ട്‌ പോരാട്ടം അവസാനിപ്പിച്ചു. പരിക്കുമാറി ഓൾറൗണ്ടർ രവീന്ദ്ര ജഡേജ തിരിച്ചെത്തുന്നതാണ്‌ ആശ്വാസം. ടീമിൽ മാറ്റങ്ങളുണ്ടാകും. പകൽ ഒന്നരയ്‌ക്കാണ്‌ മത്സരം.

ബാറ്റിലും പന്തിലും ഒരുപോലെ പിഴച്ചതാണ്‌ സെഞ്ചൂറിയനിൽ വൻ തോൽവിക്ക്‌ വഴിയൊരുക്കിയത്‌. ദക്ഷിണാഫ്രിക്കൻ പേസർമാർ കളംവാണപ്പോൾ ജസ്‌പ്രീത്‌ ബുമ്ര ഉൾപ്പെട്ട ഇന്ത്യൻ നിരയ്‌ക്ക്‌ താളംകിട്ടിയില്ല. ബാറ്റിങ്ങിലാകട്ടെ ഒന്നാംഇന്നിങ്‌സിൽ കെ എൽ രാഹുലും രണ്ടാംഇന്നിങ്‌സിൽ വിരാട്‌ കോഹ്‌ലിയുംമാത്രം ശോഭിച്ചു. രാഹുൽ സെഞ്ചുറി നേടി, കോഹ്‌ലി അർധസെഞ്ചുറിയും. യശസ്വി ജയ്‌സ്വാൾ, ശുഭ്‌മാൻ ഗിൽ, ശ്രേയസ്‌ അയ്യർ എന്നിവർ ബൗൺസറുകൾക്കുമുന്നിൽ പകച്ചു. ക്യാപ്‌റ്റൻ രോഹിതിനും മികവുകാട്ടാനായില്ല. ജഡേജ എത്തുന്നതോടെ ടീമിൽ മാറ്റമുണ്ടാകും. പേസർമാർമാരിൽ ആവേശ്‌ഖാനെ പരീക്ഷിക്കാനും സാധ്യതയുണ്ട്‌. ഇന്ത്യ എ ടീമിനായി ദക്ഷിണാഫ്രിക്കയിൽ നന്നായി പന്തെറിഞ്ഞിരുന്നു ഈ വലംകൈയൻ. പ്രസിദ്ധ്‌ കൃഷ്ണയും ശാർദുൽ ഠാക്കൂറും പുറത്തിരിക്കാനാണ്‌ സാധ്യത. ബാറ്റ്‌ ചെയ്യുമെന്ന പിൻബലമുള്ള ശാർദുലിന്റെ കാര്യത്തിൽ മത്സരദിനത്തിലാണ്‌ തീരുമാനം കൈക്കൊള്ളുക.

അവസാന ടെസ്റ്റിനിറങ്ങുന്ന ഇടംകൈയൻ ഡീൻ എൽഗറാണ്‌ ദക്ഷിണാഫ്രിക്കയെ നയിക്കുന്നത്‌. പരിക്കേറ്റ ടെംബ ബവുമ പുറത്തായതോടെയാണ്‌ എൽഗറിനെത്തേടി നായകസ്ഥാനം വന്നത്‌. ആദ്യ ടെസ്റ്റിൽ ഈ മുപ്പത്താറുകാരന്റെ തകർപ്പൻ സെഞ്ചുറിയാണ്‌ ആഫ്രിക്കക്കാർക്ക്‌ മേൽക്കൈ നേടിക്കൊടുത്തത്‌. പരിക്കേറ്റ പേസർ ജെറാൾഡ്‌ കോട്‌സീയും കളിക്കില്ല. ലുങ്കി എൻഗിഡിയാകും പകരക്കാരൻ. ഓൾറൗണ്ടർ വിയാൻ മുൾഡറിനും സാധ്യതയുണ്ട്‌. സ്‌പിന്നർമാർക്ക്‌ തിളങ്ങാവുന്ന പിച്ചിൽ കേശവ്‌ മഹാരാജും കളിച്ചേക്കും.ബാറ്റർമാരുടെ പറുദീസയാണ്‌ കേപ്‌ടൗണിലെ പിച്ച്‌. സ്‌പിന്നർമാർക്കും കളി തിരിക്കാനാകും. മഴഭീഷണിയില്ലെന്നാണ്‌ കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments