ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ ഞായറാഴ്ച അവസാന മത്സരത്തിനിറങ്ങുകയാണ്. കാണികള്‍ കലാശപ്പോരിന്റെ ആവേശം ഗ്യാലറികളിലിരുന്ന് ആസ്വദിക്കണമെന്നും അല്ലാത്ത പക്ഷം നിയമ നടപടികള്‍ക്ക് വിധേയമാകേണ്ടി വരുമെന്നും ഉള്ള മുന്നിറിയിപ്പ് നല്‍കുകയാണ് ദുബായ് പോലീസ്.
ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനിടെ നിയമങ്ങള്‍ ലംഘിച്ചാല്‍ ആരാധകര്‍ക്ക് 5,000 മുതല്‍ 30,000 ദിര്‍ഹം വരെ (3,80,000 മുതല്‍ 2,285,000 രൂപ വരെ) പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സെമിഫൈനല്‍ കഴിഞ്ഞയുടനെ ഒരു ആരാധകന്‍ മൈതാനത്തേക്ക് ഓടിക്കയറിയത് ചൂണ്ടിക്കാട്ടിയാണ് പോലീസ് ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ കെ.എല്‍. രാഹുല്‍ സിക്‌സ് അടിച്ച് ടീമിനെ ഫൈനലില്‍ എത്തിച്ചപ്പോള്‍ കാണികളില്‍ ഒരാള്‍ ഓടിവന്ന് രാഹുലിനെ കെട്ടിപ്പിടിച്ചിരുന്നു. വോളണ്ടിയര്‍മാര്‍ ആരാധകനെ പിടിച്ചു കൊണ്ടുപോയെങ്കിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രതയാണ് പോലീസ് കാണിക്കുന്നത്. മൈതാനത്തേക്ക് പടക്കങ്ങള്‍, കത്തുന്ന വസ്തുക്കള്‍ തുടങ്ങിയ അപകടകരമായ വസ്തുക്കള്‍ എറിയുന്നവരെയും കണ്ടെത്തി കനത്ത പിഴ നല്‍കും.
വംശീയത, അക്രമം, രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കും. കൂടാതെ, കളിക്കാര്‍ക്ക് നേരെ വസ്തുക്കള്‍ എറിഞ്ഞാല്‍ 10,000 ദിര്‍ഹം മുതല്‍ 30,000 ദിര്‍ഹം വരെ(761,000 രൂപ മുതല്‍ 2.285 ദശലക്ഷം രൂപ വരെ ) പിഴ ഈടാക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.