Monday, November 11, 2024
Homeസ്പെഷ്യൽസ്കൂൾ ജീവിതകാലം (ലേഖനം) ✍സി. ഐ. ഇയ്യപ്പൻ, തൃശൂർ

സ്കൂൾ ജീവിതകാലം (ലേഖനം) ✍സി. ഐ. ഇയ്യപ്പൻ, തൃശൂർ

സി. ഐ. ഇയ്യപ്പൻ, തൃശൂർ

രാഷ്ട്രീയത്തിന്റെ നീരാളി പിടുത്തത്തിൽ നിന്ന് എന്നെ മുക്തനാക്കാൻ എൻറെ അപ്പൻ കണ്ടുപിടിച്ച ഒരു സൂത്രമാണ് ഇരിഞ്ഞാലക്കുട ഡോൺ ബോസ്കോ ഹൈസ്കൂൾ. 1962 ൽ പുതിയതായി തുടങ്ങാൻ പോകുന്ന സ്കൂളിൽ ചേർക്കാനാണ് അപ്പൻറെ ഉദ്ദേശം. എട്ടാം ക്ലാസ് മാത്രമായിട്ടാണ് സ്കൂൾ തുടങ്ങുന്നത്. സ്കൂൾ തുറക്കുന്നതിന് ദിവസങ്ങൾക്കു മുമ്പ് തന്നെ എന്നെ ഇരിഞ്ഞാലക്കുടയിലേയ്ക്ക് കൊണ്ടുപോയി അച്ഛന്മാർ താമസിക്കുന്നിടത്ത് കൊണ്ടാക്കി. ഞങ്ങളുടെ സോപ്പ് കൊണ്ട് പോകുന്ന വണ്ടിയിൽ തുണിയും, പുസ്തകങ്ങളും വെക്കാൻ കഴിയുന്നതും, പഠിക്കാനും, ഇരുന്ന് എഴുതാനും കഴിയുന്നതുമായ ഒരു മേശയും, ഇരിക്കാൻഒരു സ്റ്റൂളും, മേശവിളക്കും, കിടക്കാൻ കിടക്കയും, ആയിട്ടാണ് അവിടെ കൊണ്ടാക്കിയത്. ഇരിഞ്ഞാലക്കുടി നിന്ന് കല്ലേറ്റുംകരയിലേക്ക് പോകുന്ന വഴിയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞിട്ട് ഒരു ഇറക്കത്തിൽ ഏക്കർ കണക്കിന് കൃഷി പാടം മണ്ണിട്ട് നിരത്തിയിട്ടാണ് സ്കൂൾ പണി തുടങ്ങിയിരുന്നത്. ഇരിങ്ങാലക്കുട, കല്ലേറ്റുംകര മെയിൻ റോഡിൽ ഒരു വീട് വാടകയ്ക്ക് എടുത്തിട്ടാണ് .അച്ഛൻമാർ അന്ന് താമസിച്ചിരുന്നത്. റെക്ടറും, സ്കൂൾ പ്രിൻസിപ്പളുമായ ഫാദർ ദുരൈസ്വാമി, ഫാദർ തോമസ്, ബ്രദർ മാത്യു, ഭക്ഷണം പാചകം ചെയ്യുന്നതിന് മറ്റുമായി ജോർജ് ദേവസി എന്നിവരും എൻറെ കൂടെ അവിടെ താമസിക്കാൻ ഉണ്ടായിരുന്നു. വീടിന്റെ ഡ്രോയിങ് റൂമിൽ ആയിരുന്നു അൾത്താര തയ്യാറാക്കിയിരുന്നത്. എല്ലാ ദിവസവും കാലത്ത് അവിടെ കുർബാനയും ഉണ്ടായിരുന്നു. ആ വീടിന്റെ അടുത്ത പ്രദേശങ്ങളിലുള്ള പലരും കുർബാന കാണാൻ വരാറുണ്ട്.

എന്നെ ഒന്നാം ക്ലാസിൽ ചേർത്തത് അന്ന് പുത്തൻപള്ളിയിൽ പ്രവർത്തിച്ചിരുന്ന സേക്രഡ് ഹാർട്ട് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിന്റെ ശാഖയിൽ ആയിരുന്നു. അവിടെ പഠിച്ചിരുന്ന കാലത്ത് ഓർമ്മയിൽ മനസ്സിലുള്ളത് എന്നെ പഠിപ്പിച്ചിരുന്ന കന്യാസ്ത്രീ തലയിൽ ഇട്ടിരിക്കുന്ന ശിരോ വസ്ത്രം തലയിൽ ഉറുപ്പിച്ചിരിക്കുന്ന മുട്ടുസൂചിയുടെ കുടയാണ് . സൂചി തലയിൽ കുത്തിയിറക്കി വെച്ചിരിക്കുകയാണ് എന്നതായിരുന്നു എൻറെ ചെറുപ്പത്തിലെ ധാരണ. എത്രയോ വേദന സഹിച്ചാണ് ആ പാവം കന്യാസ്ത്രീ, അത് ധരിച്ചിരിക്കുന്നത് എന്ന ചിന്ത എന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ആ കൊല്ലത്തോടെ പള്ളിയിലെ ശാഖ നിർത്തലാക്കി. പിന്നീട് രണ്ടാം ക്ലാസ് മുതൽ പഠിച്ചത് സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂളിൽ ആയിരുന്നു. മിഷൻ ക്വാർട്ടേഴ്സിലേക്ക് താമസം മാറ്റിയപ്പോൾ പിന്നീട് മൂന്നാം ക്ലാസ് മുതൽ നാലര ക്ലാസ് വരെ പഠിച്ചത് സെൻറ് ജോസഫ് ഗേൾസ് ഹൈസ്കൂളിലാണ്. ആ കാലത്ത് നാലര ക്ലാസ് എന്നൊന്നു ഉണ്ടായിരുന്നു. ആ വർഷത്തോടെ അത് അവസാനിപ്പിച്ചു. അതിനുശേഷം കാൽഡിയൻ സിറിയൻ ഹൈസ്കൂളിലും, സെൻതോമസ് കോളേജ് ഹൈസ്കൂളിലും പഠിച്ചു.

എന്തിനാണ് എന്നെ കാൽഡിയൻ സിറിയൻ ഹൈസ്കൂളിൽ നിന്നും സെന്റ് തോമസ് കോളേജ് ഹൈസ്കൂളിലേയ്ക്ക് മാറ്റിയത് എന്ന് എനിക്കറിഞ്ഞുകൂടാ. ഒരുപക്ഷേ സ്കൂൾ പഠിപ്പ് കഴിഞ്ഞ് തൊട്ടടുത്തുള്ള കോളേജിലേക്ക് വേഗം ചേർക്കാനായിരിക്കാം. സെന്റ് തോമസ് കോളേജ് ഹൈസ്കൂളിൽ ഏഴാം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഞാൻ പട്ടം കല്ലേറ് കേസിലെ പ്രതിയാവുന്നത്. കൊല്ലവസാന പരീക്ഷയുടെ കാലമായിരുന്നു അത്. കോടതിയിൽ എന്റെ കേസ് വാദിച്ചിരുന്നത് പ്രമുഖ അഭിഭാഷകനായിരുന്ന പി .വി.അയ്യപ്പൻ വക്കീൽ ആയിരുന്നു. അദ്ദേഹത്തിന്റെ ഉപദേശപ്രകാരം അപ്പനും, തൃശൂരിൽ ആ കാലത്ത് നിറഞ്ഞുനിന്നിരുന്ന പ്രമുഖ കോൺഗ്രസ് നേതാവ് സി. സി ജോർജും, കൂടിപ്പോയി ഹെഡ്മാസ്റ്ററെ കണ്ട് അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് എനിക്ക് പരീക്ഷ എഴുതാൻ അനുവാദം കൊടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള കത്ത് കോടതിയിൽ കൊണ്ടു കൊടുത്തു. അത് പ്രകാരം 14 ദിവസത്തെ ജയിൽവാസത്തിനു ശേഷം എനിക്ക് ജാമ്യം കിട്ടി. ഞാൻ അനുഭവിച്ച പോലീസ് ലോക്കപ്പ് മർദ്ദനത്തെ കുറിച്ചും, 14 ദിവസത്തെ ജയിൽവാസ അനുഭവങ്ങളും , ഞാൻ മുമ്പ് എഴുതിയ “ഈ രക്തത്തിൽ തീയുണ്ട്” എന്ന ലേഖനത്തിൽ എഴുതിയിരുന്നു.

ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ തൃശൂരിലുള്ള പെൺകുട്ടികളുടേയും, ആൺകുട്ടികളുടേയും സ്കൂളുകളിൽ പഠിച്ചത് കൊണ്ട് ധാരാളം സഹപാഠികൾ ഉണ്ടാകുന്നതിനുള്ള ഭാഗ്യമുണ്ടായി. എന്റെ ചെറുപ്പകാലത്ത് പള്ളി പെരുന്നാളുകൾക്ക് പോകുമ്പോഴും, മറ്റുവിശേഷ അവസരങ്ങളിലും ആ കൂട്ടുകാരെ കണ്ടുമുട്ടാറുണ്ട്. അത് എന്തുകൊണ്ടും സന്തോഷം നൽകുന്ന അവസരങ്ങളാണ്. പിന്നീട് മുതിർന്നപ്പോൾ ബാങ്കുകളിൽ പോകുമ്പോളും, ഓഫീസുകളിൽ പോകുമ്പോഴും എന്റെ കൂടെ പഠിച്ചവർ ഓഫീസർമാരായി ഉണ്ടായിരുന്നു. വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. ഇപ്പോഴും മാർക്കറ്റിലോ, ടൗണിലോ പോകുമ്പോഴും കാണാറുണ്ട്. ചില കൂട്ടുകാരെ കണ്ടാൽ അന്നത്തെ കാര്യം പോക്കായി. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരില്ല അവരുടെ വിശേഷങ്ങൾ.

ഇരിഞ്ഞാലക്കുട ഡോൺ ബോസ്കോ ഹൈസ്കൂൾ തുറന്നു. നീളത്തിലുള്ള ഓട് മേഞ്ഞ വരാന്തയുള്ള ഒരു ഷെഡ്ഡിൽ ആയിരുന്നു ആദ്യമായി സ്കൂൾ തുടങ്ങിയത്. എട്ടാം ക്ലാസ് മാത്രമായി ആരംഭിച്ച ആ സ്കൂളിൽ എന്നേയും ചേർത്തി. സ്കൂൾ തുറന്ന ആദ്യത്തെ ദിവസം തന്നെ ആ നാട്ടുകാരായ വിദ്യാർഥികളിൽ വീട്ടിൽ തൊഴിലാളി ദിനപത്രം വരുത്തുന്നവർ ഉണ്ടോ എന്നായിരുന്നു എന്റെ അന്വേഷണം. അങ്ങനെ ഒരു വിദ്യാർത്ഥിയെ കണ്ടുപിടിച്ചു. തലേദിവസത്തെ തൊഴിലാളി ദിനപത്രം കൊണ്ടുവന്നു തരാം എന്ന് അവൻ ഏറ്റു. അപ്രകാരം കൊണ്ടുവരുന്ന തൊഴിലാളി ദിനപത്രം ഡെസ്കിന്റെ മറവിൽ തല കുമ്പിട്ട് വായിക്കുമ്പോൾ ഉണ്ടാകുന്ന ആവേശം പറഞ്ഞറിയിക്കാൻ കഴിയില്ല.

ആ സ്കൂളിന്റെ ആദ്യത്തെ പ്രിൻസിപ്പാൾ ദ്വരൈ സാമി എന്ന തമിഴനായ വൈദികനായിരുന്നു. മിടുക്കനായിരുന്നു അദ്ദേഹം. അച്ഛന്മാരുടെ ഒപ്പം ഞാൻ താമസിക്കുന്ന കാലത്ത് അദ്ദേഹത്തെ കാണാൻ ഇരിഞ്ഞാലക്കുടിയിലെ മുൻസിപ്പൽ ചെയർമാനും, പൗരപ്രമുഖരും, വൈദികരും ഇടയ്ക്ക് വരാറുണ്ട്. അദ്ദേഹത്തിനുണ്ടായിരുന്ന സ്വാധീനം ആയിട്ടാണ് ഞാൻ അതിനെ കണ്ടത്.

സ്കൂൾ തുറന്ന് അധികം താമസിക്കാതെ പുതിയതായി പണിത കാർ പാർക്കിങ്ങോട് കൂടിയ ആറ് മുറി കളറുള്ള രണ്ടുനില കോൺക്രീറ്റ് കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു. പുതിയ സ്കൂൾ കെട്ടിടത്തിൽ ഒരു മുറി പ്രിൻസിപ്പാളിന്റെയും, മറ്റേത് ക്ലിനിക്കും ആണ്. പ്രിൻസിപ്പൽ അച്ചന് സ്നേഹം വന്നാൽ അദ്ദേഹത്തിന്റെ തലയിൽ നമ്മുടെ തല മുട്ടിക്കുന്ന ഒരു ഏർപ്പാടുണ്ട്. തലതിരിച്ച്, ജീവൻ പോകുന്ന വേദനയാണ് അനുഭവം. ഒരു പ്രാവശ്യം ഒരു മുട്ട് എനിക്കും കിട്ടിയിട്ടുണ്ട്. പിന്നീട് അച്ഛൻറെ നിഴൽ കണ്ടാൽ ആ പ്രദേശത്തു എന്നെ കാണില്ല. അച്ചന് എന്നെ വലിയ കാര്യമായിരുന്നു. സ്കൂൾ ലീഡർ തെരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കണമെന്ന് അച്ചൻ ആവശ്യപ്പെട്ടു. മനസില്ലാ മനസ്സോടെ ഞാനും മത്സരിച്ചു. സ്കൂൾ ലീഡറായി എന്റെ കൂട്ടുകാരനും, ആ നാട്ടുകാരനുമായ ജയിക്കബ് കാട്ടിള തിരഞ്ഞെടുക്കപ്പെട്ടു.

സ്കൂളിലെ മൊത്തം വിദ്യാർത്ഥികളെ മൂന്ന് ഹൗസുകളിലായി വീതിച്ചു. റെഡ് ഹൗസ്, ഗ്രീൻ ഹൗസ് ,യെല്ലോ ഹൗസ് ഇതിൽ റെഡ് ഹൗസിന്റെ ലീഡറായി പ്രിൻസിപ്പൽ അച്ചൻ എന്നെ നോമിനേറ്റ് ചെയ്തു. സ്കൂളിന്റെ വരാന്തയിൽ ചുമരിൽ നാലടി സമചതുരത്തിലുള്ള, ചില്ലിട്ട ഒരു നോട്ടീസ് ബോർഡ് തൂക്കിയിട്ടിട്ടുണ്ട്. റെഡ് സിൽക്ക് തുണി ബോർഡിൽഒട്ടിച്ചിട്ടുണ്ട്. അതിൽ ഓരോ ദിവസത്തേയും, പ്രധാന വാർത്തകൾ, വിദ്യാർത്ഥികൾ വരച്ച ചിത്രങ്ങൾ, അങ്ങനെ അത് മോടിപ്പിടിപ്പിക്കുന്ന ഏതും അതിൽ പ്രദർശിപ്പിക്കാം അതിൻറെചുമതലക്കാരൻ ലീഡാണ്. ലീഡർഎന്ന നിലയ്ക്ക് അത് ഭംഗിയായി ഞാൻ നിർവഹിച്ചിരുന്നു.

സ്കൂളിൽ ഒരു ഫുട്ബോൾ ടീം തുടങ്ങി. അതിൽ ഞാനും കൂടി വേണമെന്ന് അച്ചന് നിർബന്ധം. അങ്ങനെ തിരഞ്ഞെടുപ്പ് കളി തുടങ്ങി. ഒഴിവാക്കാൻ പറ്റാത്തത് കൊണ്ട് ഫുട്ബോൾ ടീമിൽ എന്നെയും ഉൾപ്പെടുത്തി. അന്ന് തണ്ടും, തടിയും ഉള്ളവനായതുകൊണ്ട് എന്നെ ഡിഫെൻഡർ ആക്കി നിർത്തി. എതിർ ടീമുകാർ ഗോളടിക്കാൻ വരുമ്പോൾ ഫുട്ബോളിനേക്കാൾ എന്റെ ലക്ഷ്യവും, നോട്ടവും, ഗോളടിക്കാൻ വരുന്നവന്റെ കണങ്കാൽ ആയിരുന്നു. പല കളികളിലും അത് ഞാൻ തന്മയത്തത്തോടെ നിർവഹിച്ചു പോയിരുന്നു. ആരുടെയും ശ്രദ്ധ പെടാത്തതുകൊണ്ട് ഫൗൾ കിട്ടിയില്ല. ചവിട്ട് കിട്ടിയവന്റെ തുറിപ്പിച്ച നോട്ടം വരുമ്പോൾ പാവത്താനെ പോലെ ഒന്നുമറിയാത്തപോലെ ഞാൻ നിൽക്കും.

മറ്റോരു വർഷം സ്കൂളുകൾ തമ്മിൽ നടന്ന സ്പോർട്സ് മത്സരങ്ങളിൽ അച്ചന്റെ നിർബന്ധപ്രകാരംഞാനും മത്സരിച്ചു. ഞാൻ റിലേ റേസിന് പേര് കൊടുത്തു. മുനിസിപ്പൽ മൈതാനത്തിൽ ആയിരുന്നു ഓട്ടം വെള്ള ടൗസറും, ബനിയനുമാണ് എന്റെ വേഷം . അവസാനം ഓടി ഫിനിഷ് ചെയ്യേണ്ടത് ഞാനായിരുന്നു. എനിക്ക് ബാറ്റൺ തരേണ്ടവൻ രണ്ടാമതായിട്ടാണ് ഓടിഎത്തിയത്. അതോടെ തോൽക്കുമെന്ന് ഉറപ്പായി. ഞാനൊരു വലിയ ഓട്ടക്കാരൻ അല്ല എന്നും എനിക്കറിയാം . ബാറ്റൺ വീഴാതെമേടിക്കണം അതിനായി ഓടിക്കൊണ്ടുതന്നെ കൈ പിന്നിലേക്ക് നീട്ടിപ്പിടിച്ചു. ഭാഗ്യത്തിന് ബാറ്റൺ കയ്യിൽ കിട്ടി. സർവ്വശക്തിയും പ്രയോഗിച്ച് നല്ലൊരു ഓട്ടം ഓടി. തൊട്ടു പിന്നിൽ വരുന്നവന്റെ കാലു വെക്കുന്നതിനു മുമ്പ് ഫിനിഷിംഗ് പോയിന്റിലേക്ക് എന്റെ കാല് നീട്ടി വച്ചു . അങ്ങനെ
ഒന്നാം സമ്മാനം കരസ്ഥമാക്കി.

ഒരു വർഷം സ്കൂൾ വാർഷികത്തിന് നാടകം കളിക്കണമെന്ന് ആലോചിച്ചു. നാടകം കളിക്കാൻ ഞാൻ തന്നെ മുന്നിട്ടിറങ്ങി. സ്കൂൾ അവധിക്കാലത്ത് ചേട്ടൻ ഹോസ്റ്റലിൽ നിന്ന് വരുമ്പോൾ വീട്ടിൽ നാടകം കളിക്കാറുണ്ട്. വീടിൻറെ മുന്നിലെ വരാന്തയിൽ കട്ടിലുകൾ കൂട്ടിയിട്ട്, പുതപ്പുകൊണ്ട് കർട്ടൻ തൂക്കി ഞങ്ങൾ നാടകം കളിക്കും. പിന്നീട് സിനിമാ നടനായ ചേട്ടൻ സി.ഐ . പോൾ എഴുതി സംവിധാനം ചെയ്ത നാടകങ്ങളാണ് കളിക്കുക. എന്റെ ചേച്ചി റോസിലിയും ഞാനുമാണ് കഥാപാത്രങ്ങളായി നാടകത്തിൽ അഭിനയിച്ചിരുന്നത്. നാടകം കാണാൻ വീടിന്റെ അടുത്തുള്ള അമ്മമാരും കുട്ടികളും വരാറുണ്ട്. അങ്ങിനെ നാടകത്തിൽ കളിച്ചു പരിചയമുള്ളതു കൊണ്ടാകാം ഞാൻ തന്നെ മുൻകൈയെടുത്ത് പേര് കൊടുത്തു.
ഞങ്ങളുടെ ചോരയിൽ നാടകം ഉണ്ടെന്ന് തോന്നുന്നു. ഞാൻ എന്റെ ചേട്ടൻ സിനിമാനടൻ സി .ഐ. പോളിന്റെ പാത പിൻതുടർന്നില്ല എന്ന് മാത്രം. രണ്ടു വർഷങ്ങളിലും സ്കൂൾ വാർഷികത്തിന് കളിച്ച നാടകങ്ങളിൽ ഞാനാണ് നായകന്റെ വേഷം അഭിനയിച്ചത്.

ഞാൻ അവിടെ പഠിച്ചിരുന്ന കാലത്ത് പ്രമുഖ സിനിമ നടൻ ഇന്നസെൻറ് അവിടെ പഠിച്ചിരുന്നു .എന്നാൽ നാടങ്ങളിലെ സൂപ്പർസ്റ്റാറുകൾ ഞാനും, ജേക്കബ് കാട്ടിലയുമായിരൂന്നു. സംസ്ഥാന യുവജനോത്സവം കോട്ടയത്ത് വെച്ച് നടത്തിയപ്പോൾ ഡോൺ ബോസ്കോ ഹൈസ്കൂൾ പങ്കെടുത്ത് അവതരിപ്പിച്ച രാജാവും, മന്ത്രിയും , ഒക്കെയായി അവതരിപ്പിച്ച നാടകത്തിൽ മന്ത്രിയുടെ വേഷം അഭിനയിക്കാൻ എന്നെ വിളിച്ചിരുന്നു. ഒരു അവധിക്കാലമായതുകൊണ്ട് ഞാൻ പങ്കെടുത്തില്ല. ആ വർഷത്തെ ഒന്നാംസമ്മാനം ആ നാടകത്തിനാണ് ലഭിച്ചത്.

പിന്നത്തെവർഷം ഹോസ്റ്റൽ തുടങ്ങി. സ്കൂൾ നടത്തിയിരുന്ന ഷെഡ്ഢിലാണ് ഹോസ്റ്റിൽ തുടങ്ങിയത്. അവിടുത്തെ ഒരു മുറിയിൽ അൾത്താര തയ്യാറാക്കിയിരുന്നു. അവിടെ ദിവസവും, കുർബാനയും നടന്നിരുന്നു. ഞായറാഴ്ചകളിൽ പ്രിൻസിപ്പാൾ അച്ചന്റെ പ്രസംഗം ഉണ്ടാകും. മലയാളത്തിലാണ് പ്രസംഗിക്കുക. പ്രസംഗം ഇംഗ്ലീഷിലൊ, മറ്റോ എഴുതികൊണ്ടുവന്നാണ് പ്രസംഗിക്കുക. തമിഴനായ അദ്ദേഹം തമിഴ് ചുവയോടെ മലയാളത്തിൽ പ്രസംഗിക്കുന്നത് കേൾക്കാൻ നല്ല രസമാണ്. ആ വർഷം അഞ്ചാം ക്ലാസ് ഇംഗ്ലീഷ് മീഡിയവും തുടങ്ങി. കുട്ടികൾക്കും, മുതിർന്നവർക്കുമുള്ള ഹോസ്റ്റലും അവിടെത്തന്നെ ആരംഭിച്ചു .ഹോസ്റ്റലൽ കാലത്ത് മണിയടിക്കുമ്പോൾ എഴുന്നേൽക്കണം. കാലത്തെ പല്ലുതേപ്പ് മുതലായ ദിനകൃത്യങ്ങൾ ചെയ്ത് ,കൃത്യ സമയത്ത് പള്ളിയിലെ കുർബാനയിൽ സംബന്ധിയ്ക്കണം. ഇംഗ്ലീഷിലാണ് കുർബാനയും, പ്രയറും. അതിനുശേഷമാണ് കാലത്തെ ഭക്ഷണം. ഹോസ്റ്റലിൽ ദിവസവും കാലത്ത് കഴിക്കാൻ കിട്ടിയിരുന്ന ഭക്ഷണം റൊട്ടിയും സാമ്പാറും ആയിരുന്നു. സാമ്പാർ നന്നായിരുന്നു. എന്നാലും ദിവസവും സാമ്പാർ ആയാലോ. കഞ്ഞിയിൽ നിന്നെടുത്ത ചോറും, മുതിര, കടല, പയർ, എന്നിവയുടെ ഉപ്പേരിയും കഴിച്ചു പരിചയമുള്ള എന്നെപ്പോലുള്ളവരുടെ കാര്യം തുടക്കത്തിൽ കഷ്ടമായിരുന്നു. അച്ഛന്മാരുടെ കൂടെ ഞാൻ താമസിക്കുമ്പോൾ ഇങ്ങനെ ആയിരുന്നില്ല ഭക്ഷണക്രമം. പിന്നീട് കഴിച്ച്,കഴിച്ച് അതിന് രുചി താനേ വന്നു. രണ്ടു കഷ്ണം റൊട്ടിയാണ് കിട്ടിയിരുന്നത് എന്ന് തോന്നുന്നു. പലർക്കും വേണ്ട. അങ്ങനെ വേണ്ടാത്തവരെ സഹായിക്കാൻ അവരുടെ റൊട്ടികഷണം ഞാൻ കഴിക്കും. അതുകഴിഞ്ഞാൽ ഹോസ്റ്റിലിന്റെ അടുത്തുതന്നെയുള്ളസ്കൂളിലേക്ക് പോകാം. വൈകുന്നേരത്തെ കാപ്പികുടി കഴിഞ്ഞാൽ ഇഷ്ടമുള്ള കളികളിൽ പങ്കെടുക്കാം. കളിക്കാൻ ബ്രദർ മാരും, ചില അവസരങ്ങളിൽ പ്രിൻസിപ്പാൾ അച്ചനും ഉണ്ടാകും . വൈകുന്നേരത്തെ മണിയടിക്കുമ്പോൾ കുളി കഴിഞ്ഞ് അത്താഴം, അതിനുശേഷം കുറച്ചുനേരം പ്രയർ ഉണ്ട് .ഹോംവർക്ക് ചെയ്യാനുള്ളവർക്ക് അത് ചെയ്യാം. രാത്രി മണി അടിക്കുമ്പോൾ ഉറങ്ങാൻ കിടക്കണം . അങ്ങനെ ജീവിതത്തിൽ ഒരു ചിട്ട വന്നു . ഞായറാഴ്ചകളിൽ വൈകുന്നേരം പുറത്തേക്ക് നടക്കാൻ കൊണ്ടുപോകും. ആ അവസരത്തിലാണ് പുറംലോകം കാണാൻ കഴിയുക. ഹോസ്റ്റൽ മുറിയിൽ അധികം സംസാരിക്കാൻ അനുവാദമില്ല. അതുകൊണ്ട് പുറത്തു കടന്നാൽ ചിരിച്ച് കളിച്ചു തമാശകൾ പറഞ്ഞ് സംസാരിച്ചുകൊണ്ട് നടക്കും. കൂടെ മാത്യു ബദർ ഉണ്ടാകും.
മാസത്തിലൊന്നു വീതം സാഹിത്യ സമാജം യോഗം കൂടാറുണ്ട് ഒരു യോഗത്തിൽ ഞാൻ പ്രസംഗിച്ചപ്പോൾ വിദ്യാർത്ഥികൾ കയ്യടിച്ചത് മാത്രം ഇപ്പോഴും ഓർമ്മയുണ്ട്. എത്ര ചിന്തിച്ചിട്ടും എന്ത് വിഷയം ആണ് ഞാൻ പറഞ്ഞത് എന്ന് ഓർക്കാൻ കഴിയുന്നില്ല.

പല കാര്യങ്ങളിലും മിടുക്കുണ്ടെങ്കിലും, പഠിക്കാൻ ഞാൻ മരമണ്ടൂസ് ആയിരുന്നു. ഇത് ഞാൻ തന്നെ എന്നെ വിലയിരുത്തിയതാണ്. സത്യത്തിൽശ്രദ്ധയോടെ പഠിച്ചിരുന്നെങ്കിൽ മിടുക്കനാകുമായിന്നു. ഓരോ വർഷവും ജയിപ്പിച്ചു വിട്ട് അതിന്റെ തരം കണ്ടു. ഒരു വർഷം തോറ്റിരുന്നെങ്കിൽ അതിന്റെ നാണക്കേടിൽ പഠിച്ചേനെ. ഒമ്പതാം ക്ലാസിലേക്ക് എങ്ങനെയോ എന്നെ കയറ്റി വിട്ടു. പിന്നെ നടക്കുന്ന എസ്എസ്എൽസി പരീക്ഷയിൽ എന്നെ പങ്കെടുപ്പിച്ചാൽ സ്കൂളിന് അത് മോശമാണെന്ന് മുൻകൂട്ടി മനസ്സിലാക്കി പ്രിൻസിപ്പൽ അച്ചൻ അപ്പനെ വിളിച്ച് എന്നെ പഠിപ്പ് നിർത്തി കൊണ്ടുപോകണമെന്ന് ഉപദേശിച്ചു. അപ്പൻ ആണെങ്കിൽ ആ വർഷം ബോംബെയിൽ നടക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസിൽ മാർപാപ്പ പങ്കെടുക്കുന്നത് കൊണ്ട്, അതിൽ പങ്കെടുക്കാൻ സോപ്പ് കമ്പനി ആരെ ഏൽപ്പിക്കും എന്ന് ചിന്തിക്കുന്ന കാലമായിരുന്നു. ഉൾകുളിർമയോടെ അപ്പൻ എന്നെ കെട്ടും, കെടക്കയുമായി തൃശൂരിലേക്ക് കൊണ്ടുവന്നു. പിറ്റേന്ന് തൊട്ട് സോപ്പ് നിർമ്മിക്കുന്നതിന് ആവശ്യമായ പരിശീലനംതന്നു. അങ്ങനെ പതിനാറാം വയസ്സിൽ ഞാൻ സോപ്പ് നിർമ്മാതാവായി. അപ്പൻ ബോംബെയ്ക്ക് പോയത് കപ്പലിൽ ആയിരുന്നു. ഒരു മാസം കഴിഞ്ഞിട്ടാണ് തിരിച്ചുവന്നത്. സോപ്പ് നിർമ്മാണവും, അതിന്റെ വിതരണവുമായി ഞാൻ അങ്ങനെ നടന്നു. ഈ എഴുപത്താറാം വയസ്സിൽ അതൊക്കെ ഓർക്കാൻ കഴിയുന്നത് തന്നെ ഭാഗ്യമായി കണക്കാക്കുന്നു. പഠിക്കുന്ന കാലത്ത് ഓർമ്മിച്ചെടുക്കാനുള്ള ഞരമ്പ് ഈശ്വരൻ കട്ട് ചെയ്തുവച്ചിരിക്കുകയായിരുന്നുവെന്നു തോന്നുന്നു. അങ്ങിനെ ഞാനൊരു മിടുക്കൻ ആവണ്ട എന്ന് ഈശ്വരൻ കരുതി കാണും.

ഇത്രയും കാലത്തെ എന്റെ ജീവിതം കൊണ്ട് ഒന്നു മനസ്സിലാക്കി. ഈ ബിരുദങ്ങളെക്കാൾ വേണ്ടത് കണ്ടും, കേട്ടും കൊണ്ടുള്ള അറിവാണെന്ന്. ഒരു ചെറിയ ഉദാഹരണം പറയാം . കുറച്ചുകാലങ്ങൾക്കു മുമ്പ് ഞാൻ റോഡിൽ കൂടി നടന്നു പോകുമ്പോൾ ദിവസവും ഒരു വീട്ടിൽ നിന്ന് കര പിര ശബ്ദം കേൾക്കാറുണ്ട്. ദിവസവും അത് ആവർത്തിച്ചപ്പോൾ അത് എന്താണെന്ന് അറിയാനുള്ള ഒരു മോഹം.ഞാൻ ആ വീടിന്റെ മുന്നിലെത്തിയപ്പോൾ അവിടേക്ക് നോക്കി വീട്ടുടമസ്ഥൻ ഗേറ്റ് തുറക്കാനുള്ള ഓടാമ്പിലി പുറത്തേക്ക് വലിക്കുകയാണ്. എനിക്ക് പരിചയമുള്ള അദ്ദേഹത്തോട് ഞാൻ പറഞ്ഞു “കുറച്ച് എണ്ണ കൊടുത്തു കൂടെ” എന്ന്. പിന്നീട് ഒരിക്കലും ഞാൻ ആ ശബ്ദം കേട്ടില്ല. അദ്ദേഹം പഠിപ്പും പത്രാസും ഒക്കെയുള്ള ആൾ തന്നെയായിരുന്നു. അതുകൊണ്ട് പഠിപ്പിനോടൊപ്പം ലോകപരിചയമാണ് കൂടുതൽ വേണ്ടത്.

സി. ഐ. ഇയ്യപ്പൻ, തൃശൂർ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments