കാഴ്ചയാലല്ല, വിശ്വാസത്താലത്രെ (2 കൊരി.5:1-8)
“കാഴ്ചയാൽ അല്ല വിശ്വാസത്താലത്രെ ഞങ്ങൾ നടക്കുന്നത്” (വാ.7).
വേദനാ ജനകമാകമായ അഞ്ചു ശസ്ത്രക്രിയകൾക്കു വിധേയയായി, എട്ടു വർഷങ്ങൾ കഷ്ടപ്പെട്ട ഒരു സഹോദരിയുടെ സാക്ഷ്യമാണ്, താഴെ കുറിക്കുന്നത്:
ആയുഷ്ക്കാലം മുഴുവൻ ശയ്യാവലംബിയായി അവർ കഴിയേണ്ടിവരുമെന്ന്, ഡോക്ടറന്മാർ വിധിയെഴുതി. ശക്തിയേറിയ മരുന്നുകളും, വേദനാസംഹാരികളും,
ഉറക്കഗുളികകളും കഴിക്കേണ്ട അവസ്ഥയിലേക്ക് അവർ എത്തിച്ചേർന്നു. ‘പ്രത്യാശയ്ക്കു വകയില്ല’ എന്ന വിദഗ്ധ ഡോക്ടർമാരുടെ വാക്കുകൾ, അവരുടെ ഹൃദയത്തിൽ നിറഞ്ഞിരുന്നതിനാൽ, അവരുടെ കഷ്ടതകൾ വർദ്ധിച്ചു വന്നതേയുള്ളൂ.
അങ്ങനെയിരിക്കെ, ജോൺ ഓസ്റ്റിൻ എഴുതിയ, ‘നിങ്ങളുടെ ഭാവിയെ മാറ്റാൻ നിങ്ങൾക്കു കഴിയും’ എന്ന പുസ്തകം അവർ വായിക്കാനിടയായി. ” ഭാവികാലം മുഴുവൻ രോഗവും, ദൂരിതവും, പരാജയവും സഹിക്കുവാൻ നിങ്ങൾ വിധിക്കപ്പെട്ടിരിക്കുന്നു എന്ന ചിന്ത മാറ്റി, നിങ്ങൾ കിടക്കയിൽ നിന്നെഴുന്നേറ്റ്, അതിരുകളെ വിശാലമാക്കുക. ‘വിശ്വാസം’ എന്ന പ്രവൃത്തിയിലൂടെ, ദുഃഖങ്ങളേയും ദുരിതങ്ങളേയും അവസാനിപ്പിക്കുക!”: പുസ്തകത്തിലെ ഈ വരികൾ, അവർ ദൃഢമായി വിശ്വസിച്ചു! അവരിലെ നിരാശ മാറി. അവരുടെ ഹൃദയം വിശ്വാസത്താൽ
നിറയപ്പെട്ടു. ദൈവവചനത്താലും, പരിശുദ്ധാത്മാവിനാലും അവരുടെ ഹൃദയം നിയന്ത്രിക്കപ്പെട്ടു. അതോടെ അവരുടെ വിടുതൽ ആരംഭിച്ചു. അവരുടെ ശരീരത്തിൽ മാറ്റങ്ങൾ ആരംഭിച്ചു. ഒരു ദിവസം എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട്, അവർ എഴുന്നേറ്റു നടന്നു!
നാം മനസ്സിൽ വച്ചു പുലർത്തുകയും, ധ്യാനിക്കുകയും ചെയ്യുന്ന ചിന്തകളാൽ, നമ്മുടെ മനസ്സും ആളത്വവും പുനസൃഷ്ടിക്കപ്പെടുന്നു. നമ്മുടെ മനസ്സുകളിൽ വിജയത്തിന്റെയും വിടുതലിന്റെയും ചിന്തകളാണു വിതയ്ക്കപ്പെടുന്നതെങ്കിൽ, അവ താനേ മുളയ്ക്കുകയും വളരുകയും ചെയ്യും. രോഗത്തിന്റെയും നിരാശയുടെയും കോട്ടകളെ ഇടിച്ചു നിരത്തുവാൻ കഴിയുന്ന ആത്മീയ ആയുധങ്ങളാണവ. വിടുതലിന്റെ കരം, നമ്മുടെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കും. അത്ഭുതങ്ങളുടെ ഒരു പരമ്പര തന്നെ നമ്മുടെ ജീവിതത്തിൽ രൂപപ്പെടും.
ധ്യാന വാക്യത്തിൽ പറയുന്നതു പോലെ കാഴ്ചയാലല്ല വിശ്വാസത്താലത്രെ നാം ജീവിക്കുന്നതെങ്കിൽ, കാഴ്ചയെ അതിലംഘിക്കുന്ന അനുഭവങ്ങൾ നമ്മുടെ ജീവിതത്തിൽ രൂപപ്പെടും. ഈ എളിയവന്റെ ജീവിത്തിലെ ഏറെ അനുഭവങ്ങൾ അതിനു സാക്ഷ്യം വഹിക്കുന്നു. ദൈവനാമം മഹിമപ്പെടുമാറാകട്ടെ. വിശ്വാസത്തിൽ
അടിസ്ഥാനപ്പെട്ടു ജീവിക്കുവാൻ ദൈവം നമ്മെ സഹായിക്കട്ടെ.
ചിന്തയ്ക്ക്: ജീവനും മരണവും നമ്മുടെ മുമ്പിലുണ്ട്. മരണം തള്ളിക്കളഞ്ഞു
ജീവൻ തെരഞ്ഞെടുക്കുക!



