ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ ട്രഷററും പ്രമുഖ സാംസ്കാരിക പ്രവർത്തകനും, മാസ് ഷാർജയുടെ ആദ്യകാല പ്രവർത്തകനും നേതാവും ആയിരുന്ന പ്രേമരാജൻനെട്ടൂരിന്റെ വേർപാടിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.

കക്ഷി രാഷ്ട്രീയ ബോധ്യങ്ങൾക്കപ്പുറത്ത് പ്രവാസ സൗഹൃദങ്ങൾക്ക് വലിയ പ്രാധാന്യം നൽകിയിരുന്ന പ്രേമേട്ടൻ, ഉറച്ച രാഷ്ട്രീയ ബോധ്യം ഉള്ളിൽ സൂക്ഷിക്കുമ്പോഴും, വ്യക്തിബന്ധങ്ങളിൽ സ്നേഹത്തിന്റെ മൃദുത്വം എപ്പോഴും സൂക്ഷിച്ചിരുന്നു. അസോസിയേഷൻ പരിപാടികളുടേയും, വിവിധ സാംസ്കാരിക സംഘടനാ പരിപാടികളുടേയും വാർത്തകളും ചിത്രങ്ങളും പത്ര ദൃശ്യ മാധ്യമങ്ങളിലും നവ മാധ്യമങ്ങളിലും എത്തിക്കുന്നതിലും ‘കൈരളി’ റിപ്പോർട്ടർ എന്ന നിലയിൽ വാർത്തകൾ ജനങ്ങളിലെത്തിക്കുന്നതിലും അദ്ദേഹം എന്നും മുൻപന്തിയിലുണ്ടായിരുന്നു.

ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന അനുസ്മരണച്ചടങ്ങിൽ പ്രസിഡന്റ് നിസാർ തളങ്കര, ജനറൽ സെക്രട്ടറി ശ്രീപ്രകാശ്, ട്രഷറർ ഷാജി ജോൺ എന്നിവരും, അസോസിയേഷൻ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും, കൂടാതെ, ഷാർജ ഇന്ത്യൻ അസോസിയേഷൻ്റെ മുൻ പ്രസിഡന്റുമാർ, മുൻ ഭാരവാഹികൾ, വിവിധ സാംസ്കാരിക സംഘടനാ നേതാക്കൾ, ഷാർജ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ, ഗ്രൂപ്പ് സ്റ്റാഫ് എന്നിവരും പങ്കെടുത്തു. ഷാർജ ഇന്ത്യൻ അസോസിയേഷനും പ്രവാസസമൂഹത്തിനും പ്രേമരാജൻ നെട്ടൂർ നൽകിയ സംഭാവനകളും അദ്ദേഹവുമായുള്ള വ്യക്തിപരമായ ഓർമ്മകളും നേതാക്കൾ പങ്കുവെച്ചു കൊണ്ട് പ്രവാസലോകം അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.



