ആസ്സാം സ്വദേശിയെ കൊണ്ട് പുതുതായി എടുപ്പിച്ച കാനറാ ബാങ്ക് അക്കൗണ്ട് വഴി മണ്ണ് മാഫിയകളിൽ നിന്നും, വിവിധ കേസ്സുകളിലെ പ്രതികളിൽ നിന്നും യൂപിഐ ട്രാൻസാക്ഷൻ മുഖേന പണം കൈപ്പറ്റിയതിന് വിജിലൻസ് രജിസ്റ്റർ ചെയ്ത കേസ്സിൽ കോട്ടയം ജില്ലയിലെ വൈക്കം മുൻ സർക്കിൾ ഇൻസ്പെക്ടറും, നിലവിൽ സസ്പെൻഷനിൽ കഴിഞ്ഞ് വരുന്നതുമായ ഇടുക്കി മുണ്ടക്കയം വിളനിലം സ്വദേശി ഷമീർഖാൻ പി.എ (വയസ് 52) യെ വിജിലൻസ് ഇന്ന് (11.11.2026) അറസ്റ്റ് ചെയ്തു.
വൈക്കം സർക്കിൾ ഇൻസ്പെക്ടറായി പുതുതായി ചാർജ് എടുത്ത ഷമീർഖാൻ പി.എ 05.09.2026 തീയതി ആസ്സാം സ്വദേശിയുടെ പേരിൽ കാനറാ ബാങ്കിന്റെ വൈക്കം ബ്രാഞ്ചിൽ വൈക്കം സ്വദേശിയായ അരുൺ എന്നയാളുടെ പേരിലുള്ള മൊബൈൽ നമ്പർ കോൺടാക്ട് നമ്പരായി ചേർത്ത് ഒരു ബാങ്ക് അക്കൗണ്ട് പുതുതായി ഓപ്പൺ ചെയ്തിരുന്നു.
ഈ അക്കൗണ്ടിന്റെ ATM കാർഡും കോൺടാക്ട് നമ്പരായി കൊടുത്തിരുന്ന മൊബൈൽ സിം കാർഡും വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർഖാൻ പി.എ കൈവശം വച്ച് ഈ അക്കൗണ്ട് വഴി മണ്ണ് മാഫിയകളിൽപ്പെട്ടവർ, ടിപ്പർ, ടോറസ് ലോറിക്കാർ, വിവിധ കേസ്സുകളിലെ പ്രതികൾ എന്നിവരിൽ നിന്നും 05.09.2026 തീയതി മുതൽ 16.10.2026 തീയതി വരെയുള്ള കാലയളവിൽ 2,27,000/- രൂപ ഈ അക്കൗണ്ട് വഴി വാങ്ങിയതായും, അക്കൗണ്ടിൽ എത്തുന്ന പണം പലപ്പോഴായി വൈക്കം, കുറവിലങ്ങാട് ഭാഗങ്ങളിലുള്ള വിവിധ ATM കളിൽ നിന്നും ഷമീർഖാൻ പി.എ പിൻവലിച്ചതായും വിജിലൻസിന് വിവരം ലഭിച്ചതിനെ തുടർന്ന് വിജിലൻസ് സംഘം 16.10.2026 തീയതി വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഓഫീസിൽ മിന്നൽ പരിശോധന നടത്തിയിരുന്നു.
മിന്നൽ പരിശോധനാവേളയിൽ ആസ്സാം സ്വദേശിയെ കൊണ്ട് എടുപ്പിച്ച കാനറാ ബാങ്ക് അക്കൗണ്ടിന്റെ ATM കാർഡും, കോൺടാക്ട് നമ്പരായി കൊടുത്തിരുന്ന അരുൺ എന്നയാളുടെ പേരിലെടുത്ത സിം കാർഡും ഷമീർഖാൻ പി.എ യുടെ കൈവശത്ത് നിന്നും വിജിലൻസ് സംഘം കണ്ടെടുത്തിരുന്നു.
വിജിലൻസ് മിന്നൽ പരിശോധനയിലെ കണ്ടെത്തലുകളെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസ്സിലാണ് വൈക്കം മുൻ സർക്കിൾ ഇൻസ്പെക്ടറായ ഷമീർ ഖാൻ പി.എ. യെ ഇന്ന് (11.11.2026) വിജിലൻസ് കോട്ടയം യൂണിറ്റ് അറസ്റ്റ് ചെയ്തത്. മിന്നൽ പരിശോധനയെ തുടർന്ന് ഷമീർ ഖാൻ പി.എ. സസ്പെൻഷനിലായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ് അഭ്യർത്ഥിച്ചു. #keralavigilance



