ബയോമെട്രിക് ആധാര്‍ പരിശോധന പൂര്‍ത്തിയാക്കിയാല്‍ മാത്രമേ സബ്സിഡിയോടെ എല്പിജ റീഫില്‍ ചെയ്ത് ലഭിക്കൂ
സബ്സിഡിയുള്ള എല്‍പിജി റീഫില്ലിന് ആധാര്‍ ബയോമെട്രിക് നിര്‍ബന്ധമാക്കും. ഒക്ടോബര്‍ ഒന്ന് മുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്ന് പെട്രോളിയം- പ്രകൃതിവാതക മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. ബയോമെട്രിക് ആധാര്‍ പരിശോധന പൂര്‍ത്തിയാക്കിയാല്‍ മാത്രമേ സബ്സിഡിയോടെ എല്പിജ റീഫില്‍ ചെയ്ത് ലഭിക്കൂ. ബയോമെട്രിക് അപ്പ്ഡേഷൻ എല്‍പിജി ഡലിവറി സമയത്തോ വിതരണക്കാരുടെ ഓഫീസിലോ ആപ്പിലൂടെയോ പൂര്‍ത്തിയാക്കാം.
സെപ്റ്റംബര്‍ 19ലെ കണക്കനുസരിച്ച്, 27.43 കോടി സജീവ ഗാര്‍ഹിക ഉപഭോക്താക്കള്‍ ഇതിനകം ബയോമെട്രിക് വിവരങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അവര്‍ക്ക് കൂടുതലൊന്നും ചെയ്യേണ്ടതില്ല. അവരുടെ വിതരണം പതിവുപോലെ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
സബ്സിഡിയുള്ള എല്‍പിജി യഥാര്‍ത്ഥ വീടുകളില്‍ മാത്രമേ എത്തുന്നുള്ളൂവെന്ന് ഉറപ്പാക്കാനാണ് പുതിയ നിയമം. വാണിജ്യ ഉപയോഗത്തിലേക്കുള്ള വഴിതിരിച്ചുവിടല്‍ തടയാനും ഡ്യൂപ്ലിക്കേറ്റ് കണക്ഷനുകള്‍ നീക്കംചെയ്യാനും സബ്സിഡി വിതരണം സുതാര്യമാക്കാനുമാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. യോഗ്യരായ ഏതെങ്കിലും ഉപഭോക്താവിന് എല്‍പിജി നിഷേധിക്കുകയില്ലെന്നും കേന്ദ്രം പ്രസ്താവനയിലൂടെ അറിയിച്ചു.



