Tuesday, September 22, 2026
Homeകേരളം'സ്ത്രീകളെ കുഴിച്ചുമൂടണമെന്ന് പറയുന്നവരല്ല ഞങ്ങള്‍, ഇസ്‌ലാം അങ്ങനെ പറയുന്നില്ല': സ്ത്രീവിരുദ്ധ പ്രസ്താവന വിവാദമായതിന് പിന്നാലെ വിശദീകരണവുമായി...

‘സ്ത്രീകളെ കുഴിച്ചുമൂടണമെന്ന് പറയുന്നവരല്ല ഞങ്ങള്‍, ഇസ്‌ലാം അങ്ങനെ പറയുന്നില്ല’: സ്ത്രീവിരുദ്ധ പ്രസ്താവന വിവാദമായതിന് പിന്നാലെ വിശദീകരണവുമായി സമസ്ത എ പി വിഭാഗം നേതാവ് കാന്തപുരം

തൃശൂര്‍: സ്ത്രീവിരുദ്ധ പ്രസ്താവന വിവാദമായതിന് പിന്നാലെ വിശദീകരണവുമായി സമസ്ത എ പി വിഭാഗം നേതാവ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. സ്ത്രീകളെ കുഴിച്ചു മൂടണമെന്ന് പറയുന്നവരല്ല തങ്ങളെന്നും ഇസ്‌ലാം അങ്ങനെ പറയുന്നില്ലെന്നും കാന്തപുരം പറഞ്ഞു. സ്ത്രീകള്‍ക്ക് രണ്ടാം സ്ഥാനം നല്‍കി എന്ന് പറയുന്നത് ശരിയല്ല. പെൺകുട്ടികൾക്ക് മാത്രമായി മദ്രസയും സ്കൂളും നമ്മൾ സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിൽ പെൺകുട്ടികൾക്കായി ധാരാളം സ്ഥാപനങ്ങൾ നടത്തുന്നുണ്ട്. ഇന്ത്യയുടെ പലഭാഗങ്ങളിലും പെൺകുട്ടികൾക്ക് വേറെയും ആൺകുട്ടികൾക്ക് വേറെയുമായി സ്ഥാപനങ്ങൾ ഉണ്ടാക്കി. അനാഥരായ പെൺകുട്ടികളെയും സംരക്ഷിക്കുന്നുണ്ട്. ഭക്ഷണം വസ്ത്രവും മരുന്നും സൗജന്യമായി കൊടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ ജില്ലാ മീലാദ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നബിദിന ആഘോഷങ്ങളിൽ സ്ത്രീകളെ പങ്കെടുപ്പിച്ചതിൽ വിമർശനം ഉയർന്നതിന് പിന്നാലെ മഹല്ലുകൾക്കും മദ്രസകൾക്കും നിർദ്ദേശം എന്ന നിലയിൽ കാന്തപുരം അബൂബക്കർ മുസ്‌ലിയാർ ഇറക്കിയ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അന്യപുരുഷന്മാർക്കിടയിൽ വേദിയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും ആഘോഷങ്ങൾ അതിരുകടക്കുന്നത് തടയണമെന്നുമായിരുന്നു പ്രസ്താവനയിൽ പറഞ്ഞത്. ഇതിനെതിരെ ഇടതുസംഘടനകളാണ് ആദ്യം രംഗത്തെത്തിയത്. എസ്എഫ്ഐയും ഡിവൈഎഫ്ഐയും അടക്കം വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തി.

സ്ത്രീകൾ പൊതുവേദികളിൽ വരുന്നതിനെ ‘പ്രദർശനം’ എന്ന് വിശേഷിപ്പിക്കുന്നത് തികഞ്ഞ സ്ത്രീവിരുദ്ധതയും അസഹിഷ്ണുതയുമാണെന്നായിരുന്നു എസ്എഫ്‌ഐ പറഞ്ഞത്. പ്രസ്താവന സ്ത്രീവിരുദ്ധവും കാലഘട്ടത്തിന് നിരക്കാത്തതുമാണെന്നായിരുന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ പ്രതികരിച്ചത്.

സംഭവം വിവാദമായി നിൽക്കെ പറഞ്ഞതിൽ ഉറച്ചുവിൽക്കുകയാണ് കാന്തപുരം ചെയ്തത്. സ്ത്രീകളെ രംഗത്തിറക്കിയാൽ വലിയ നാശമാണ് എന്ന് കണ്ടതുകൊണ്ടാണ് ഇസ്ലാം പർദ്ദ നിർബന്ധമാക്കിയതെന്നും പെണ്ണുങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണമെന്നുമാണ് കാന്തപുരം പറഞ്ഞത്. സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നും അബൂബക്കർ മുസ്‌ലിയാർ പറഞ്ഞിരുന്നു. ഇതിനെതിരെയും വ്യാപക വിമർശനം ഉയർന്നിരുന്നു.

കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി വി ഡി സതീശനും രംഗത്തെത്തി. സ്ത്രീകള്‍ വീടുകളില്‍ അടങ്ങി ഒതുങ്ങി കഴിയേണ്ടവരല്ലെന്നും കാന്തപുരത്തിന്റെ പ്രസ്താവനയോട് ഒരുതരത്തിലും യോജിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

19-ാം നൂറ്റാണ്ടില്‍ പറയുന്ന കാര്യം 21-ാം നൂറ്റാണ്ടില്‍ പറയുന്നു എന്നും മുഖ്യമന്ത്രി വിമർശിച്ചു. പ്രസ്താവനയോട് കേരള സര്‍ക്കാരിനോ തങ്ങളുടെ പാര്‍ട്ടിക്കോ ഒരു തരത്തിലും യോജിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.  കാന്തപുരം ഇസ്‌ലാമിനെ തെറ്റായി വ്യാഖ്യാനിക്കുന്നുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.

പ്രവാചകൻ്റെ ആദ്യ ഭാര്യ ബിസിനസുകാരിയായിരുന്നുവെന്നും മറ്റൊരു ഭാര്യയായിരുന്ന ആയിഷ യുദ്ധത്തിൽ സർവ്വസൈന്യാധിപയായി പങ്കെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതെല്ലാം ചൂണ്ടിക്കാണിച്ച് ഇസ്‌ലാമിക ചരിത്രത്തിലെ സ്ത്രീ മുന്നേറ്റങ്ങള്‍ ഓര്‍മപ്പെടുത്തിയായിരുന്നു അദ്ദേഹത്തിന്റ പ്രതികരണം.

എന്നാൽ മുഖ്യമന്ത്രിയുടെ വിമർശനം പദവിക്ക് ചേരുന്നതല്ലെന്ന് എ പി വിഭാഗം എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം തിരിച്ചടിച്ചു. മുഖ്യമന്ത്രിയുടേത് ബിജെപി സമ്മർദ്ദത്തെ തുടർന്നുള്ള വിമർശനമാണ്. ഇന്നലെ ബിജെപിയുടെ വിമർശനം വന്നതോടെ ഇത് ഉറപ്പായിരുന്നുവെന്നും എസ് വൈ എസ് ഫേസ്ബുക്കിലൂടെ ആരോപിച്ചു. മുഖ്യമന്ത്രി പ്രസ്താവന പിൻവലിച്ച് മുസ്‌ലിം സമൂഹത്തോട് മാപ്പ് പറയണമെന്ന് കേരള മുസ്‌ലിം ജമാഅത്തും ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഇസ്ലാമിക ചരിത്രത്തെ തെറ്റായി വ്യാഖ്യാനിച്ചുവെന്നും എസ് വൈ എസ് വിമർശിച്ചു.

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെച്ചൊല്ലി ഇടത് മുന്നണിയിലും ഭിന്നാഭിപ്രായമാണ് ഉണ്ടായത്. കാന്തപുരത്തെ ന്യായീകരിച്ച് കെ ടി ജലീലും ടി കെ ഹംസയും ഐഎന്‍എല്‍ നേതാക്കളും രംഗത്തെത്തി. എന്നാല്‍ കാന്തപുരത്തെയും ലീഗിനെയും വിമർശിച്ചുകൊണ്ടായിരുന്നു സിപിഐഎം നേതാവ് പാലൊളി മുഹമ്മദ് കുട്ടിയുടെ പ്രതികരണം. കാന്തപുരത്തെ പിന്തുണച്ച ലീഗ് നേതാക്കളെ വിമർശിച്ച് സിപിഐ നേതാവ് ആനി രാജയും രംഗത്തെത്തി. അതിനിടെ കാന്തപുരം വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഇതുവരെ പ്രതികരിക്കാത്തതും വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ