സംസ്ഥാനത്തെ വാഹന ഉടമകൾക്ക് ആശ്വാസകരമായ വാർത്തയുമായി മോട്ടോർ വാഹന വകുപ്പ്. ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ പിഴ കുടിശ്ശികയുള്ളവർക്ക് തുകയുടെ പകുതി മാത്രം അടച്ച് കേസുകൾ തീർപ്പാക്കാൻ സർക്കാർ അനുമതി. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് മാർച്ച് 15-ന് പുറത്തിറങ്ങി. 2024 ഡിസംബർ 30-ന് മുൻപ് ചുമത്തിയിട്ടുള്ള ചെല്ലാനുകൾക്ക് മാത്രമാണ് ആനുകൂല്യം ലഭിക്കുക. ഇളവ് ലഭിക്കാൻ 2026 ഏപ്രിൽ 30-നുള്ളിൽ പിഴത്തുക അടച്ചു തീർക്കേണ്ടതാണ്.
ഇളവ് ലഭിക്കുന്നതിനായി വാഹന ഉടമകൾ മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക പോർട്ടലായ https://services.mvd.kerala.gov.in വഴി രജിസ്റ്റർ ചെയ്യണമെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു. വർഷങ്ങളായി പിഴ ഒടുക്കാത്തത് കാരണം വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന, ആർ.സി പുതുക്കൽ, ഉടമസ്ഥാവകാശ കൈമാറ്റം എന്നിവ തടസ്സപ്പെട്ടവർക്ക് ഈ തീരുമാനം വലിയ സഹായമാകും. ക്യാമറകൾ വഴി ലഭിച്ച പിഴകൾക്കും ഈ ഇളവ് ബാധകമാകുമെന്നാണ് സൂചന



