വലപ്പാട്: എടമുട്ടത്ത് വാഹനപരിശോധനയ്ക്കിടെ വനിതാ സബ് ഇൻസ്‌പെക്ടറുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് വധശ്രമ കേസിലെ പ്രതിയായ നാട്ടിക പള്ളം ബീച്ച് സ്വദേശി ഉണ്ണിയാരം പുരയ്ക്കൽ കൈലാസൻ (38) നെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ശനിയാഴ്ച രാത്രി 8.15-ഓടെ എടമുട്ടം – കഴിമ്പ്രം റോഡിൽ വലപ്പാട് എസ്.ഐ മൗഷ്മിയുടെ നേതൃത്വത്തിൽ പോലീസ് സംഘം വാഹനപരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം. കിഴക്കുഭാഗത്തുനിന്ന് അമിതവേഗതയിലും അശ്രദ്ധമായും ബൈക്കോടിച്ച് എത്തിയ പ്രതിയോട് വാഹനം നിർത്താൻ എസ്.ഐ കൈകാണിച്ചു. എന്നാൽ, ബലം പ്രയോഗിച്ച് വനിതാ എസ്.ഐയുടെ കൈ മനഃപൂർവം തട്ടിമാറ്റി ഇയാൾ വാഹനം നിർത്താതെ വേഗത്തിൽ ഓടിച്ചുപോകുകയും ചെയ്ത് പോലീസ് ഉദ്യോഗസ്ഥയുടെ ഔദ്യോഗിക കൃത്യനിർവഹണത്തിന് ഭംഗം വരുത്തിയ സംഭവത്തിലാണ് കൈലാസനെ പോലീസ് അറസ്റ്റ് ചെയ്തത്.
കൈലാസൻ വലപ്പാട് പോലീസ് സ്റ്റേഷനിൽ രണ്ട് വധശ്രമ കേസിലും ഒരു അടി പിടി കേസിലും അടക്കം മൂന്ന് ക്രിമിനൽ കേസുകളിലെ പ്രതിയാണ്. വലപ്പാട് സി ഐ പത്മരാജൻ , ജി എ എസ് ഐ പ്രജീഷ് , എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.



