Wednesday, September 9, 2026
Homeകേരളംപിണറായിക്കെതിരെ അഴിമതി നിരോധന നിയമം അനുസരിച്ച് കേസെടുത്താൽ പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്ക്കേണ്ടിവരും: പ്രതിരോധം തീർക്കാൻ നേതാക്കളും...

പിണറായിക്കെതിരെ അഴിമതി നിരോധന നിയമം അനുസരിച്ച് കേസെടുത്താൽ പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്ക്കേണ്ടിവരും: പ്രതിരോധം തീർക്കാൻ നേതാക്കളും ഇല്ല.

തിരുവനന്തപുരം: സിപിഎമ്മിന്റെ സുപ്രധാനമായ വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, പ്രതിപക്ഷ നേതാവ് പിണറായി വിജയനും കുടുംബത്തിനുമെതിരെ ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുകയാണ്.

സി.എം.ആര്‍.എല്‍ മാസപ്പടി കേസില്‍ പിണറായി വിജയന്‍, മകള്‍ ടി. വീണ, മുന്‍മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആര്‍ ഇടണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്ക് ഇ.ഡി നല്‍കിയ കത്ത് പിണറായിയെ പൂര്‍ണ്ണമായും പ്രതിരോധത്തിലാക്കുന്നതാണ്. സിപിഎമ്മില്‍ പിണറായി വിജയന്റെ ഏകഛത്രാധിപത്യത്തിന് അന്ത്യം കുറിക്കുന്ന നിര്‍ണ്ണായക രാഷ്ട്രീയ തിരിച്ചടിയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.

ഒരുകാലത്ത് ലാവലിന്‍ കേസ് ഉയര്‍ന്നുവന്നപ്പോള്‍ പാര്‍ട്ടിയിലും ഭരണത്തിലും പിണറായിക്ക് പ്രതിരോധം തീര്‍ക്കാന്‍ വി.എസ്. അച്യുതാനന്ദന്‍ ഒഴികെയുള്ള ശക്തരായ ഒരുപിടി പ്രഗത്ഭ നേതാക്കളുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ആ പഴയ പടക്കുതിരകളോ ഉറച്ച പിന്തുണ നല്‍കിയിരുന്ന സഹപ്രവര്‍ത്തകരോ അദ്ദേഹത്തോടൊപ്പം ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. കോടിയേരി ബാലകൃഷ്ണന്റെ വേര്‍പാടും മുന്‍നിര നേതാക്കളുടെ പിന്‍വാങ്ങലും ഉണ്ടാക്കിയ ശൂന്യതയില്‍, പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ് പിണറായി വിജയന്‍ ഇപ്പോള്‍ നില്‍ക്കുന്നത്. ഒപ്പമുണ്ടായിരുന്ന പല നേതാക്കളും പിണറായിയെ പിന്തുണക്കുന്ന നിലയിലല്ല.

മൂന്നാമത്തെ തുടര്‍ഭരണം നഷ്ടപ്പെട്ട് പ്രതിപക്ഷത്ത് അമരേണ്ടിവന്നതിന് പിന്നിലെ പ്രധാന ‘കാരണഭൂതന്‍’ പിണറായിയുടെ വ്യക്തികേന്ദ്രീകൃത ശൈലിയും കുടുംബത്തിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളുമാണെന്ന് പാര്‍ട്ടിക്കുള്ളില്‍ അടക്കംപറച്ചിലുകള്‍ ശക്തമാണ്. മാസപ്പടി കേസും അതനുബന്ധിച്ച്‌ ഉയര്‍ന്ന വിവാദങ്ങളും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന വിലയിരുത്തല്‍ നിലനില്‍ക്കെ, വീണ്ടും ഇ.ഡി പൂട്ടുമുറുക്കുന്നത് സിപിഎമ്മിന്റെ തിരിച്ചുവരവിനും മുന്നോട്ടുപോക്കിനും വലിയ കൂനിന്മേല്‍ കുരുവായി മാറിയിരിക്കുന്നു.

കൃത്യമായി വിശാല സംസ്ഥാന സമിതി ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് തന്നെ ഇ.ഡി തെളിവുരേഖകള്‍ സഹിതം ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയത് പിണറായി വിജയനെ പാര്‍ട്ടിയില്‍ കൂടുതല്‍ ദുര്‍ബലനാക്കും. ഇത്രയും കാലം ഉയര്‍ന്ന ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടാന്‍ പാര്‍ട്ടി അണികളോട് ആഹ്വാനം ചെയ്ത നേതൃത്വത്തിന്, ഇ.ഡി കണ്ടെത്തിയ തെളിവുകളുടെയും ഡയറിക്കുറിപ്പുകളുടെയും പശ്ചാത്തലത്തില്‍ മറുപടി പറയുക അസാധ്യമായിരിക്കുകയാണ്.

കേസില്‍ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആര്‍ ഇടണമെന്ന ആവശ്യത്തോട് സംസ്ഥാന പോലീസും യു.ഡി.എഫ് സര്‍ക്കാരും എങ്ങനെ പ്രതികരിച്ചാലും അതിലൂടെയുണ്ടാകുന്ന രാഷ്ട്രീയ പ്രത്യാഘാതം നേരിടേണ്ടത് സിപിഎമ്മും പിണറായിയുമാണ്. ബി.ജെ.പിയുടെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള വേട്ടയാടലാണ് ഇതെന്ന് വിശദീകരിക്കാന്‍ പാര്‍ട്ടി ശ്രമിക്കുമെങ്കിലും, സാമ്പത്തിക ഇടപാടുകളുടെ തെളിവുകള്‍ പുറത്തുവരുന്നത് അണികള്‍ക്കിടയില്‍ വലിയ അതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്.

നേരത്തെ എസ്.എഫ്.ഐ.ഒ കൈമാറിയ കണ്ടെത്തലുകള്‍ക്ക് പിന്നാലെ ഇ.ഡി നടത്തിയ റെയ്ഡുകളില്‍ നിന്നും ചോദ്യം ചെയ്യലുകളില്‍ നിന്നും ലഭിച്ച വിവരങ്ങളാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ മുന്നിലെത്തിയിരിക്കുന്നത്. ഇതില്‍ പിണറായി വിജയന്റെ മകള്‍ ടി. വീണയും മുഹമ്മദ് റിയാസും വിചാരണയുടെ നിഴലില്‍ നില്‍ക്കുമ്പോള്‍, പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാന്‍ പിണറായിക്ക് ധാര്‍മ്മികമായി എത്രത്തോളം അവകാശമുണ്ടെന്ന ചോദ്യം പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഉയരാന്‍ സാധ്യതയേറി.

അധികാരം കൈവിട്ടുപോയതോടെ പാര്‍ട്ടിയില്‍ മുന്‍പുണ്ടായിരുന്ന പൂര്‍ണ്ണമായ വിധേയത്വം ഇപ്പോള്‍ പിണറായിയോട് ആരും കാണിക്കുന്നില്ല. പാര്‍ട്ടി പുനഃസംഘടനയും പുതിയ രാഷ്ട്രീയ തന്ത്രങ്ങളും ചര്‍ച്ച ചെയ്യാനിരിക്കുന്ന വിശാല സംസ്ഥാന സമിതിയില്‍ മാസപ്പടി കേസും ഇ.ഡി റിപ്പോര്‍ട്ടും പ്രധാന ചര്‍ച്ചാവിഷയമാകും. നേതാക്കളില്‍ വലിയൊരു വിഭാഗം പിണറായിയുടെ നിലപാടുകളോട് പരസ്യമായോ അല്ലാതെയോ വിയോജിപ്പ് പ്രകടിപ്പിക്കാന്‍ ഈ അവസരം ഉപയോഗിച്ചേക്കും.

മകള്‍ക്കെതിരായ കേസ് കുടുംബ വിഷയം മാത്രമായി ഒതുക്കാതെ പാര്‍ട്ടിയെയാകെ കടപുഴക്കുന്ന അവസ്ഥയിലെത്തിച്ചതില്‍ മുതിര്‍ന്ന പല നേതാക്കള്‍ക്കും കടുത്ത അമര്‍ഷമുണ്ട്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ സഭയിലും പൊതുസമൂഹത്തിലും സര്‍ക്കാരിനെതിരെ പോരാടേണ്ട സ്ഥാനത്തിരിക്കുന്ന വ്യക്തി തന്നെ അഴിമതി കേസില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് പ്രതിപക്ഷത്തിന്റെ മൂര്‍ച്ച കുറയ്ക്കുന്നുവെന്ന വിലയിരുത്തല്‍ സിപിഎമ്മില്‍ ശക്തമാണ്.

ഇതോടെ പ്രതിപക്ഷ നേതൃസ്ഥാനം പിണറായി വിജയന്‍ രാജി വെക്കണമെന്ന ആവശ്യം ഭരണപക്ഷമായ യു.ഡി.എഫും ബി.ജെ.പിയും ശക്തമാക്കിക്കഴിഞ്ഞു. പാര്‍ട്ടി പ്രതിരോധത്തിലായ പശ്ചാത്തലത്തില്‍, വി.ഡി. സതീശന്‍ സര്‍ക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിക്കാനുള്ള ധാര്‍മ്മിക അവകാശം പോലും പിണറായിക്ക് നഷ്ടമായെന്ന് രാഷ്ട്രീയ എതിരാളികള്‍ കുറ്റപ്പെടുത്തുന്നു.

ചുരുക്കത്തില്‍, ഇ.ഡിയുടെ ഈ നിര്‍ണ്ണായക നീക്കം പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും കഠിനമായ പരീക്ഷണഘട്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. സിപിഎം വിശാല സംസ്ഥാന സമിതിയില്‍ ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങള്‍ക്കൊപ്പം പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന രാഷ്ട്രീയ സമ്മര്‍ദ്ദം കൂടിയാകുമ്പോള്‍, കേരള രാഷ്ട്രീയത്തിലെ ‘കാരണഭൂതന്‍’ എന്ന് വിശേഷിപ്പിക്കപ്പെട്ട പിണറായി വിജയന്‍ പാര്‍ട്ടിയിലും പൊതുസമൂഹത്തിലും ഒരുപോലെ നിഷ്പ്രഭനാകുന്ന കാഴ്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ