ആലപ്പുഴ: തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ നിലപാടിനെ പിന്തുണച്ച് സിപിഐഎം നേതാവ് സജി ചെറിയാന്‍. പിണറായി പറഞ്ഞതാണ് പാര്‍ട്ടി നിലപാടാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പാര്‍ട്ടിയിലെ ഒരു വിഭാഗം അണികള്‍ക്ക് തെറ്റിദ്ധാരണ ഉണ്ടായെന്നും അവരെക്കുറിച്ചാണ് പിണറായി പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു.
വിഷയത്തില്‍ പി ജയരാജന്റെ നിലപാട് തള്ളുന്നതായിരുന്നു സജി ചെറിയാന്റെ പ്രതികരണം.
പാര്‍ട്ടിയിലെ ഒരു ചെറിയ വിഭാഗം മാറി വോട്ട് ചെയ്‌തെന്നും അത് ചെയ്യാന്‍ പാടില്ല എന്നാണ് പിണറായി പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് തെറ്റു വന്നു എന്ന് പിണറായി പറഞ്ഞിട്ടില്ല. പാര്‍ട്ടിക്ക് വോട്ട് ചെയ്തുകൊണ്ടിരുന്ന സഖാക്കള്‍ക്ക് തെറ്റിദ്ധാരണ ഉണ്ടായി എന്നാണ് പറഞ്ഞത്. ‘അത് തെറ്റായിപ്പോയി..തെറ്റ് തിരുത്തണം’ ഇതാണ് പിണറായി പറഞ്ഞത് എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. തങ്ങളുടെ പാര്‍ട്ടിക്ക് വോട്ട് ചെയ്തുകൊണ്ടിരുന്ന ആളുകള്‍ക്ക് എവിടെ നിന്നെങ്കിലും തെറ്റായ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ തെറ്റുപറ്റിയെങ്കില്‍ തെറ്റ് തിരുത്തണം എന്നും അദ്ദേഹം പറഞ്ഞു.
കൂട്ടായി ഉത്തരവാദിത്തത്തോട് കൂടി പാര്‍ട്ടി തിരിച്ചു വരണം. കോഴിക്കോട് സമ്മേളനം നിലവിലുള്ള സംസ്ഥാന കമ്മിറ്റിയുടെ വിപുലീകൃത യോഗമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം വലിയ പൊട്ടിത്തെറി ഒന്നും ഉണ്ടാകാന്‍ പോകുന്നില്ലെന്നും പറഞ്ഞു. പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയ ആളുകള്‍ സിപിഐഎമ്മിനെ നന്നാക്കാന്‍ വരേണ്ടന്ന മുന്നറിയിപ്പും സജിചെറിയാന്‍ നല്‍കി.
തോല്‍വി സംബന്ധിച്ച് ഞങ്ങള്‍ പഠിച്ചിട്ടുണ്ട്. മെച്ചപ്പെട്ട പ്രവര്‍ത്തനം നടത്തും. പാര്‍ട്ടിയില്‍ നിന്നും പോയവരാരും വലിയ നേതാക്കളല്ലെന്നും പോയവര്‍ അധികാരത്തിനുവേണ്ടി പോയവരാണെന്നുമായിരുന്നു കുറ്റപ്പെടുത്തല്‍.
പാര്‍ട്ടി വിട്ടവര്‍ സ്വന്തം തീരുമാനപ്രകാരം പോയവരാണെന്നും അധികാരം മോഹിച്ചാണ് പോയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അവരെ പാര്‍ട്ടി പുറത്താക്കിയതല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ ഉപനേതൃസ്ഥാനം സംഭന്ധിച്ച തര്‍ക്കത്തില്‍ പ്രതികരിച്ച അദ്ദേഹം ഞങ്ങളും സിപിഐയുമായി ഒരു തര്‍ക്കവും ഉണ്ടാകില്ലെന്ന് വ്യക്തമാക്കി. അതെല്ലാം പരിഹരിക്കുമെന്നും ഇടതുമുന്നണി ആലോചിച്ച് വേണ്ട തീരുമാനം എടുക്കുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ജനങ്ങള്‍ക്കും പാര്‍ട്ടി അനുഭാവികള്‍ക്കും തെറ്റിദ്ധാരണ ഉണ്ടായെന്നും അതാണ് പാര്‍ട്ടിക്ക് തിരിച്ചടിയായതെന്നുമായിരുന്നു പയ്യന്നൂരും തളിപ്പറമ്പിലും നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പിണറായി വിജയന്‍ വിശദീകരിച്ചത്.



