അന്തിക്കാട്: ഓട്ടോറിക്ഷ ഡ്രൈവറുടെ സഹോദരിയുടെ മകളെ പ്രതി ശല്യപ്പെടുത്തുന്നത് തടയുന്നതിന് വേണ്ടി ഓട്ടോ ഡ്രൈവറുടെ വീട്ടിൽ കൊണ്ട് നിർത്തിയതിന്റെ വൈരാഗ്യത്താൽ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ യും ബൈക്കും തല്ലിപ്പൊളിച്ച പ്രതി പിടിയിലായി. ഉരകം പൂച്ചുന്നിപ്പാടം സ്വദേശി പാറേക്കാട്ടുകരക്കാരൻ വീട്ടിൽ ജെസ്റ്റോയെ (21) ആണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
ചെമ്മാപ്പിള്ളി സ്വദേശിയായ ഓട്ടോ ഡ്രൈവർ മെജോയുടെ (46) സഹോദരിയുടെ മകളെ ജെസ്റ്റോ നിരന്തരം ശല്യം ചെയ്തിരുന്നു. ശല്യം സഹിക്കവയ്യാതെ പെൺകുട്ടിയെ മെജോ സ്വന്തം വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു. ഇതിന്റെ വിരോധത്താൽ ഇതേത്തുടർന്ന് മേയ് എട്ടിന് പുലർച്ചെ 12.30-ഓടെ പ്രതി ജെസ്റ്റോ മെജോയുടെ വീടിന്റെ മുറ്റത്തേക്ക് അതിക്രമിച്ചു കയറി മെജോ വാടകയ്ക്ക് എടുത്തു ഓടിക്കുന്ന ഓട്ടോറിക്ഷയും മെജോയുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ള മോട്ടോർ സൈക്കിളും, പ്രതി തകർത്തു. വാഹനങ്ങളുടെ സീറ്റുകൾ, അപ്‌ഹോൾസ്റ്ററി വർക്കുകൾ, വൈപ്പറുകൾ എന്നിവ കുത്തിക്കീറി നശിപ്പിച്ചു. ഏകദേശം 8,000 രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
ജെസ്റ്റോ ചേർപ്പ്, അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു വധശ്രമ കേസ് ഉൾപ്പെടെ മൂന്ന് ക്രിമിനൽ കേസിലെ പ്രതിയാണ്.
അന്തിക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി എം കഴ്സണും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.



