ന്യൂഡൽഹി : പ്രശസ്ത ഫോട്ടോഗ്രാഫർ രഘു റായ്(83) അന്തരിച്ചു. സമൂഹ മാധ്യമത്തിലൂടെ അദ്ദേഹത്തിന്റെ കുടുംബമാണ് മരണവിവരം പങ്കുവെച്ചത്. ഇന്ത്യൻ ഫോട്ടോഗ്രഫിയിലെയും ഫോട്ടോ ജേണലിസത്തിലെയും അതികായനാണ് രഘു റായ്. ഭോപ്പാൽ ദുരന്തത്തിന്റെ മുഖചിത്രങ്ങളിലൊന്നായ കണ്ണുകൾ പാതി തുറന്ന പിഞ്ചു ബാലന്റെ മൃതദേഹത്തിന്റെ ചിത്രം രഘു റായിയുടെ ക്യാമറ കണ്ണുകളിലൂടെയാണ് ലോകം കണ്ടത്.
ഇന്ധിരാഗന്ധി മുതലുള്ള ഇന്ത്യയുടെ ഭരണാധികാരികളുടെ അത്യപൂർവമായ ചിത്രങ്ങളുടെ ശേഖരം രഘു റായുടെ പക്കലുണ്ട്. മദർ തെരേസയുടെ ഏറ്റവും കൂടുതൽ ചിത്രങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫറെന്ന പേരും രഘു റായ് നേടി. മദർ തെരേസയെ മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന് എത്രയോ മുമ്പുതന്നെ ‘സെയ്ന്റ് മദർ’ എന്ന പേരിൽ പുസ്തകം രഘുറായി പുറത്തിറക്കിയിരുന്നു.
പഞ്ചാബിലെ ജംഗിൽ ആണ് രഘു റായ് ജനിച്ചത്. ഇപ്പോൾ പാകിസ്താന്റെ ഭാഗമാണ് ഈ സ്ഥലം. രഘുനാഥ് റായ് ചൗധരി എന്നാണ് മുഴുവൻ പേര്. 1962ൽ ഫോട്ടോഗ്രാഫി പ്രൊഫഷനായി എടുത്തു. സ്റ്റേറ്റ്‌സ്മാനിലാണ് ആദ്യം ജോലി ചെയ്തത്. 18ലധികം പുസ്തകങ്ങൾ രചിച്ചു. ടൈം, ലൈഫ്, ജിയോ, ന്യൂയോർക്ക് ടൈംസ്, സൺഡെ ടൈംസ്, ന്യൂസ് വീക്ക്, ദി ഇൻഡിപ്പെൻഡന്റ്, ന്യൂയോർക്കർ എന്നിവയിലുൾപ്പെടെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.



