തിരുവനന്തപുരം: സംസ്ഥാനത്ത് 2 വർഷം കൊണ്ട് സൈബർ തട്ടിപ്പിന് മാത്രമായി തുടങ്ങിയ 60,000 ബാങ്ക് അക്കൗണ്ടുകള്‍ പൂട്ടിച്ചു.ഇനിയും ഇത്തരം ഒന്നര ലക്ഷത്തിലധികം മ്യൂള്‍ അക്കൗണ്ടുകള്‍ ഉണ്ടെന്നാണ് സൈബർ പൊലീസിന്റെ നിഗമനം.
കേരളത്തില്‍ തുടങ്ങുന്ന മ്യൂള്‍ അക്കൗണ്ടുകളില്‍ കൂടുതലും മറ്റു സംസ്ഥാനങ്ങളില്‍ തട്ടിപ്പു നടത്തുന്ന പണം പിൻവലിക്കാനാണ് ഉപയോഗിക്കുന്നത്. കേരളത്തില്‍ സൈബർ തട്ടിപ്പ് നടത്തുന്ന പണം മറ്റു സംസ്‌ഥാനങ്ങളിലെ ഇത്തരം അക്കൗണ്ടുകളിലൂടെയാണ് മാറ്റുന്നത്. വിദേശബന്ധമുള്ള, ഉത്തരേന്ത്യൻ സൈബർ തട്ടിപ്പ് സംഘം കേരളത്തിലും വൻതോതില്‍ വലവിരിക്കുന്നെന്നാണ് പൊലിസിൻറെ വിലയിരുത്തല്‍.
പണം വാങ്ങി ബാങ്ക് അക്കൗണ്ട് വാടകയ്ക്കു നല്‍കുന്ന ഇടപാടിന് പലരും ഇരയാകുന്നുണ്ട്. അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും സിമ്മും കൈമാറിയാല്‍ 5,000 രൂപ മുതല്‍ 10,000 രൂപ വരെ കിട്ടുമെന്നതാണു തട്ടിപ്പിലേക്ക് ആളുകളെ ആകർഷിക്കുന്നത്.



