തലശ്ശേരി : ‘സുഹൃത്ത് റെയിൽവേ ട്രാക്കിൽ ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ പോകുന്നു’– ഞായർ രാത്രി തലശ്ശേരി പൊലീസ് സ്റ്റേഷനിലെ നമ്പറിലേക്ക് വന്ന ഫോൺ കോളിലെ സന്ദേശം ഇങ്ങനെയായിരുന്നു. ഫോൺ വിളിച്ച ആൾ പറഞ്ഞ വിവരമനുസരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് യുവാവിന്റെ ലൊക്കേഷൻ കണ്ടെത്തി. ടെംപിൾ ഗേറ്റ് പരിസരത്തായാണ് ലൊക്കേഷൻ കാണിച്ചത്.
ഉടൻ തന്നെ പൊലീസ് അവിടെയെത്തി. ഇരുട്ടത്ത് ഒളിച്ചിരിക്കുകയായിരുന്ന യുവാവിനെ പൊലീസ് കണ്ടെത്തി. തുടർന്ന് സുരക്ഷിതമായി പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. മട്ടന്നൂർ സ്വദേശിയായ പത്തൊൻപതുകാരനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
യുവാവിന്റെ കുടുംബത്തെ വിളിച്ചുവരുത്തി പൊലീസ് സംരക്ഷണത്തിൽ വിട്ടയച്ചു. ആത്മഹത്യയ്ക്ക് ശ്രമിക്കാൻ കാരണം എന്താണെന്ന് യുവാവ് വെളിപ്പെടുത്തിയില്ലെന്നു പൊലീസ് പറഞ്ഞു. സീനിയർ സിവിൽ പൊലീസ് ഓഫിസർ പ്രവീഷ്, സിവിൽ പൊലിസ് ഓഫിസർമാരായ ജിനേഷ്, ആകർഷ് എന്നിവർ ചേർന്നാണ് യുവാവിനെ കണ്ടെത്തി രക്ഷിച്ചത്.



