Sunday, September 15, 2024
Homeകേരളംവോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.

വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.

തിരുവനന്തപുരം : വോട്ടര്‍ പട്ടികയില്‍ ഇതുവരെ പേര് ചേര്‍ത്തിട്ടില്ലാത്തവര്‍ക്ക് ഇക്കുറി അവസാന അവസരം. ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യണമെന്നുള്ളവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതിയുടെ പത്തുദിവസം മുമ്പുവരെയാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ലഭിക്കുക. ഇതനുസരിച്ചാണ് ഇത്തവണത്തെ അവസരം ഇന്ന് അവസാനിക്കുന്നത്.

വോട്ടർപ്പട്ടികയിൽ പേര് ചേർക്കേണ്ടതെങ്ങനെ

18 വയസ് തികഞ്ഞ ഏതൊരു ഇന്ത്യന്‍ പൗരനും തെരഞ്ഞെടുപ്പ് കമ്മിഷന്റെ പോര്‍ട്ടല്‍ വഴിയോ, വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ് ഉപയോഗിച്ചോ, ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഴിയോ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ പോര്‍ട്ടല്‍ വഴി അപേക്ഷിക്കുന്നവര്‍ https://voters.eci.gov.in/ ല്‍ പ്രവേശിച്ച് മൊബൈല്‍ നമ്പര്‍ നല്‍കി പുതിയ അക്കൗണ്ട് സൃഷ്ടിച്ച് ലോഗിന്‍ ചെയ്ത് വേണം തുടര്‍നടപടികള്‍ ചെയ്യാന്‍.

ഇംഗ്ലീഷിലോ മലയാളത്തിലോ അപേക്ഷ എന്‍ട്രികള്‍ പൂരിപ്പിക്കാന്‍ കഴിയും. ന്യൂ രജിസ്ട്രേഷന്‍ ഫോര്‍ ജനറല്‍ ഇലക്ടേഴ്സ് എന്ന ഒപ്ഷന്‍ തുറന്ന് (പുതുതായി വോട്ട് ചേര്‍ക്കുന്നവര്‍ക്കുള്ള ഫോം 6) സംസ്ഥാനം, ജില്ല, പാര്‍ലമെന്റ്, നിയമസഭാ മണ്ഡലങ്ങള്‍ എന്നിവയുടെ പേര്, വ്യക്തിഗത വിവരങ്ങള്‍, ഇ മെയില്‍ ഐ ഡി, ജനനത്തീയതി, വിലാസം തുടങ്ങിയ വിവരങ്ങള്‍ നല്‍കി പാസ്പോര്‍ട്ട് സൈസ് ഫോട്ടോ കൂടി അപ്ലോഡ് ചെയ്ത് വേണം അപേക്ഷ സമര്‍പ്പിക്കാന്‍.

ആധാര്‍ കാര്‍ഡ് ലഭ്യമല്ലെങ്കില്‍ മറ്റ് രേഖകള്‍ അപ്ലോഡ് ചെയ്യണം. തുടര്‍ന്ന് അധികൃതരുടെ പരിശോധനക്ക് ശേഷം പട്ടികയില്‍ പേര് ഉള്‍പ്പെടുത്തി നല്‍കിയിരിക്കുന്ന വിലാസത്തില്‍ തപാല്‍ വഴി വോട്ടര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് അയക്കും.

ഇതിനകം അപേക്ഷ നൽകിയവർ വീണ്ടും നൽകേണ്ടതില്ല. അപേക്ഷ സംബന്ധിച്ച സ്ഥിതിവിവരം ഓൺലൈൻ ആയോ അതത് താലൂക്ക് ഓഫിസുകളിലെ ഇലക്ഷൻ വിഭാഗം , ബി എൽ ഓ എന്നിവിടങ്ങളിൽ നിന്ന് അറിയാവുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments