കോഴിക്കോട്: എസ്ഡിപിഐ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികൾ പങ്കെടുത്തത് വിവാദമാകുന്നു. കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി എളമരം കരീം, യുഡിഎഫ് സ്ഥാനാർത്ഥി എംകെ രാഘവനുമാണ് എസ് ഡി പി ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പങ്കെടുത്തത്.
വോട്ട് ലക്ഷ്യമിട്ടാണ് ഇരുവരും എസ്ഡിപിഐയുടെ ഇഫ്താർ വിരുന്നിൽ പങ്കെടുത്തതെന്ന് ബിജെപി ആരോപിക്കുന്നു.തീവ്രവാദ പ്രസ്ഥാനങ്ങളുമായി വോട്ടു കച്ചവടമാണ് മുന്നണികളുടെ ലക്ഷ്യമെന്നാണ് ബിജെപിയുടെ ആരോപണം. പ്രധാനമന്ത്രി വിളിച്ച ക്രിസ്തുമസ് വിരുന്നിൽ ക്രൈസ്തവ പുരോഹിതർ പങ്കെടുത്തപ്പോൾ ഹാലിളകിയവരാണ് സിപിഎമ്മുകാർ.
അവരുടെ സ്ഥാനാർത്ഥിയും ബുദ്ധിജീവിയുമാണ് ഇപ്പോൾ നിരോധിത ഭീകരവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ മുഖമായ എസ്ഡിപിഐയുടെ ഇഫ്താർ വിരുന്നിൽ പങ്കെടുത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു. അഭിമന്യുവിന്റെ കേസിലെ പ്രധാനപ്പെട്ട രേഖകളൊക്കെ എവിടെപ്പോയെന്ന് ഇനി പ്രത്യേകം പറയേണ്ടതില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.